മുംബൈ : ആഡംബരക്കപ്പലില്‍ നിന്നും ലഹരിമരുന്ന് പിരിച്ചെടുത്ത കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) മുംബൈ സോണല്‍ മുന്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കെതിരെ നടപടി. മയക്കുമരുന്ന് പരിശോധനയില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ലഹരിമരുന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന് ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാന് കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് കേസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് ആരോപിച്ച് സമീര്‍ വാങ്കഡെയ്ക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ഇന്ത്യന്‍ റവന്യൂ ഓഫീസറാണ് സമീര്‍ വാങ്കഡെ. ഇത് കൂടാതെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് കേസിലും വാങ്കഡെയ്ക്കെതിരെ നടപടിയുണ്ടാകും.
കേസിലെ അറസ്റ്റിലും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെ വാങ്കഡെയെ എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ ആര്യന് ഖാനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍സിബി കഴിഞ്ഞ ദിവസം ക്ലീന്‍ചിറ്റ് നല്‍കിയത്. 6000 പേജുള്ള കുറ്റപത്രത്തില്‍ ആര്യന് ഖാന് ഉള്‍പ്പടെ ആറുപേരെയാണ് ഒഴിവാക്കിയത്. മതിയായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കിയതെന്ന് എന്‍സിബി വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യനുള്‍പ്പെടെ 20 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലില്‍നിന്നു കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: