തൃശൂര്‍: ജയിലുകള്‍ക്ക് ഇനി പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡിന്റെ സുരക്ഷ. ജയിലിനുള്ളില്‍ കഞ്ചാവും മൊബൈല്‍ ഫോണും കണ്ടെത്തിയെന്ന ആക്ഷേപങ്ങള്‍ തിരുത്താന്‍ ജയില്‍ വകുപ്പിന്റെ നടപടിയാണിത്. ചരിത്രത്തിലാദ്യമായി ജയിലിനുള്ളില്‍ പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡ് നാളെ പുറത്തിറങ്ങും. ടെസ, ബ്രൂണോ, റാംബോ, ലൂക്ക,റോക്കി എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ രാവിലെ എട്ടിന് നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സേനയുടെ ഭാഗമാകും.
ഒന്‍പത് മാസത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ ജയില്‍ ഭരിക്കാനിറങ്ങുന്നത്. നാളെ പാസിങ് ഔട്ട് പരേഡിനു ശേഷം റാംബോ, ലൂക്ക എന്നീ നായ്ക്കള്‍ അതിസുരക്ഷാ ജയിലില്‍ തുടരും. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് രണ്ട് ഡോഗുകളാണുള്ളത്. ടെസയും ബ്രൂണോയും. തവനൂരില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ ജയിലിലാണു റോക്കിയുടെ ദൗത്യം. ജയിലുകളിലേക്കു തടവുകാര്‍ ലഹരിവസ്തുക്കളും മൊബൈല്‍ ഫോണും കയറ്റാന്‍ ശ്രമിച്ചാല്‍ കണ്ടുപിടിക്കാന്‍ വിദഗ്ധ പരിശീലനം ലഭിച്ചവരാണ് നായ്‌ക്കള്‍.
ജയില്‍ സുരക്ഷയ്‌ക്കായി നിയോഗിക്കപ്പെടുന്ന ഡോഗ് സ്‌ക്വാഡിനെ പോലീസ് അക്കാദമിയിലെ ഡോഗ്‌സ് ട്രെയിനിങ് സ്‌കൂളിലാണു മുന്‍പു പരിശീലിപ്പിച്ചിരുന്നത്. ഇത്തവണ ആദ്യമായി വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ വളപ്പില്‍ പരിശീലനം നല്‍കി. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ്‌ക്കള്‍ക്ക് പോലീസ് അക്കാദമിയിലെ ട്രെയിനര്‍ മധുരാജും സംഘവുമെത്തിയാണ് പരിശീലനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക