താമരയൂർ ( തൃശൂർ ): കലാകാരനായ സുരാസ് പേരകത്തിന്റെ കൈയിലെത്തിയിൽ മണൽ തരികൾക്കു പോലും ജീവൻ വെക്കുന്ന കാഴ്ചയാണ്. മണൽ ഉപയോഗിച്ച് വിസ്മയ ചിത്രങ്ങൾ ഒരുക്കുന്ന ഈ കലാകാരന്റെ സൃഷ്ടിവൈഭവം തേടി ദൂരദേശങ്ങളിൽ നിന്നു വരെ ആളുകളെത്തുന്നുണ്ട്.
താമരയൂർ സ്വദേശി പേരകത്ത് വീട്ടിൽ സുരാസ് ( 57 ) ചിത്രരചനാ മേഖലയിൽ സജീവമായിട്ട് വർഷം 35 കഴിഞ്ഞു. മണൽ ചിത്രങ്ങൾ, മ്യൂറൽ പെയിന്റിങ്ങ്, സിമന്റിൽ തീർക്കുന്ന ശിൽപ്പങ്ങൾ എന്നിവ സുരാസ് ചെയ്തു വരുന്നുണ്ട്. മണൽ ചിത്രങ്ങൾ ഒരുക്കിയെടുക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. കാൻവാസിലും ചുമരിലുമായി സുരാസിന്റെ കരവിരുതിൽ ഉടലെടുത്ത നിരവധി ജീവൻ തുടിക്കുന്ന മണൽ ചിത്രങ്ങളുണ്ട്. ചുമരിൽ ചെയ്യുന്ന ചിത്രങ്ങൾക്ക് മുന്നോടിയായി ഹൈക്വാളിറ്റി വൈറ്റ് പ്രൈമർ അടിക്കും. സുരാസ് സ്വന്തമായി നിർമ്മിക്കുന്ന പശയിലാണ് മണൽ തരികളെ വിന്യസിച്ച് അനശ്വര സൃഷ്ടികളാക്കുന്നത്. ദീർഘകാലം മണൽ അടർന്നു പോരാതെ നിൽക്കാൻ പ്രത്യേക കൂട്ടുകൾ ചേർത്ത ഈ പശക്ക് സാധിക്കും. ഭാരതപ്പുഴയിലെ മണലിലാണ് ചിത്രങ്ങൾ തയ്യാറാക്കുന്നത്. ഒരു ചാക്ക് മണൽ അരിച്ചെടുത്ത് ആസിഡ് വാഷ് ചെയ്തെടുക്കുന്നതോടെ ഒരു ചട്ടി മണൽ മാത്രമാണ് ചിത്രരചനക്ക് ഉപയോഗിക്കാൻ കഴിയുന്നത്. 60 സ്ക്വയർ ഫീറ്റ് വരെയുള്ള ചിത്രം തയ്യാറാക്കാൻ 5 ചാക്ക് മണൽ വേണ്ടി വരുമെന്ന് സുരാസ് പറഞ്ഞു. ഒരാഴ്‌ച്ചയോളം സമയമെടുത്താണ് അതിവിദഗ്ധമായി മണൽ ചിത്രങ്ങൾ ഒരുക്കുന്നത്. എത്ര നീളമുള്ള ചുമരിലും മണൽ ചിത്രം ചെയ്യാനാകും. മണൽ ചിത്രങ്ങളിൽ വർണശോഭ വിതറാൻ ഓയിൽ കളറും ഇദ്ദേഹം ഉപയോഗിച്ചു വരുന്നുണ്ട്. 2013 ൽ ഖത്തർ രാജാവിന്റെ മണൽ ചിത്രം തയ്യാറാക്കി സുരാസ് നേരിട്ട് നൽകിയിട്ടുണ്ട്.
മ്യുറൽ വർക്കുകളും തനതു ശൈലിയിൽ ശ്രദ്ധയോടെ വരച്ചെടുക്കാൻ സുരാസിന് പ്രത്യേക വൈഭവമുണ്ട്. 86-ൽ ഗുരുവായൂർ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിലും വടക്കുഭാഗത്തും തന്റെ ആശാൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരോടൊപ്പം ചിത്രങ്ങൾ ഒരുക്കാനായത് ഭഗവാന്റെ അനുഗ്രഹമായി സുരാസ് കരുതുന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങൾ, ഭവനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇദേഹത്തിന്റെ കരവിരുതിൽ ഉടലെടുത്ത ചുമർ ചിത്രങ്ങൾ ദർശിക്കാം. നിരവധി അംഗീകാരങ്ങളും നാളിതുവരെ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്. കലാവാസനകൾക്ക് പ്രചോദനമായി സുരാസ് പേരകത്തിന് കൂടെയുള്ളത് ഭാര്യ ഷീജയും, മക്കളായ അശ്വിൻ കൃഷ്ണയും, അതുൽ കൃഷ്ണയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: