ചിലപ്പോള്‍ നിങ്ങളുടെ കണ്ണുകളിലെ പ്രകാശത്തിന്റെ തിളക്കം മറ്റുള്ളവരുടെ കണ്ണടപ്പിച്ച് അവരെ നിങ്ങള്‍ യഥാര്ത്ഥത്തിലാരാണെന്ന് മനസ്സിലാക്കുവാനുള്ള കാഴ്ച്ചയില്ലാത്തവരാക്കുമെന്ന പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട്. വീര വിനായക ദാമോദര്‍ സാവര്‍ക്കറുടെ സ്മരണയ്ക്കു മുമ്പില്‍ തൊഴുകൈകളുമായി പ്രണാമമര്‍പ്പിക്കുന്ന ഭാരതജനതയ്ക്കും ആ മഹാത്മാവിന്റെ വ്യക്തിത്വത്തെ കുറിച്ചു പറയാനുള്ളതും ഇതു തന്നെയായിരിക്കും.
ആ ബഹുമുഖ വ്യക്തിത്വത്തിലെ ചരിത്രകാരന് ഇരുപത്തിനാല് വയസ് തികയുന്നതിനുമുമ്പ് ഭാരതത്തിന്റെ യഥാര്‍ത്ഥ ചരിത്രം എഴുതി സ്വാതന്ത്ര്യത്തിന്റെ വഴി തേടാന്‍ തൂലികയെടുത്തപ്പോഴാണ് റാണി ഝാന്‍സി ഉള്‍പ്പടെയുള്ളവരുടെ വീരാഹൂതിക്ക് സാക്ഷ്യം വഹിച്ച 1857ലെ ധീരപോരാട്ടങ്ങള്‍ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് അടയാളപ്പെടുത്തപ്പെട്ടത്. ഇംഗ്ലീഷുകാര്‍ ‘സിപാഹി ലഹളെയെന്ന്’ വിളിച്ച് ആ പോരാട്ടങ്ങളെ അവഹേളിച്ചതിനെ വെല്ലുവിളിച്ചുകൊണ്ട് 1907ല്‍ സവര്‍ക്കര്‍ നടത്തിയ തിരുത്തിയെഴുത്ത് ചരിത്രം കുറിച്ചു. ഭൂപടങ്ങളിലൊരിന്ത്യ നിവരുന്നതിനും ജീവിതങ്ങള്‍ തുടലൂരിയെറിയുന്നതിനുമുള്ള തുടക്കമാണവിടെ നടന്നത്.
അക്ഷരം ആയുധമാക്കി വാക്കിനെ വാളാക്കി വീരസ്മരണകളുടെ അഗ്നിജ്വലിപ്പിക്കുന്നതു കണ്ട് ഭയപ്പെട്ട ബ്രിട്ടീഷധികാരികള്‍ 1910ല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ അത് നിരോധിച്ചു; കയ്യെഴുത്തുപ്രതി നിരോധിച്ചുകൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിച്ച ലോകത്തിലെ ആദ്യ സംഭവം. ഒന്നാംലോക മഹായുദ്ധ കാലത്ത് ഭാരതസ്വാതന്ത്ര്യത്തിനു വേണ്ടി സായുധ സമരത്തിന് നിശ്ചയിച്ചിറങ്ങിയവരുടെ ചിന്തകളില്‍ വിമോചനത്തിന് വീര്യം വിതച്ച അക്ഷരതേജസ്സായിരുന്നു വീരസവര്‍ക്കരുടെ രചന, ദി ഇന്‍ഡ്യന്‍ വാര് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്.
ആ പുസ്തകം ജനങ്ങളെ ഉണര്‍ത്തുവാന്‍ പോന്ന ആശയും ആശയവും നിറഞ്ഞതാണെന്നും അത് ഇംഗ്ലീഷ് ഭരണകൂടത്തിന് അപകടകരമാണെന്നും ബോധ്യപ്പെട്ടു. ഒപ്പം തന്നെ ഗ്രന്ഥകാരനായ സാവര്‍ക്കര്‍ കൊളുത്തിയ ആവേശം മദന്‍ ലാല്‍ ധിംഗ്രയെന്ന ധീരബലിദാനിയുടെ കണ്ണുകളില്‍ അവര്‍ വായിച്ചറിഞ്ഞു. ജാതിയുടെ പേരില്‍ വേര്‍തിരിക്കപ്പെട്ടിരുന്ന ഹൈന്ദവ സമൂഹം യുദ്ധം പരിശീലിക്കാനും പോരാടുന്നതിനുമുള്ള അവകാശവും ബാധ്യതയും ക്ഷത്രിയരിലേക്കു മാത്രം പരിമിതപ്പെടുത്തിയതിലെ അപകടം തിരിച്ചറിഞ്ഞ സാവര്‍ക്കര്‍ സാര്‍വ്വത്രികമായ പോരോരുക്കത്തിനായി ജാതിവേര്‍തിരിവുകളെ പൊട്ടിച്ചെറിയുന്നതിനുള്ള സന്ദേശം നല്കിയതു കൂടി കണ്ടപ്പോഴാണ് ബ്രിട്ടീഷധികാരികള്‍ ആ ധീരയുവാവിനെ അമ്പതുകൊല്ലം ആന്‍ഡമാനിലെ കല്‍ത്തുറുങ്കിലടച്ച് കഥകഴിക്കാനുള്ള കുടിലതയുടെയും ക്രൂരതയുടെയും കുതന്ത്രത്തിന്റെയും വഴിയേ നീങ്ങിയത്.
സാവര്‍ക്കറെ കാലാപാനിയിലെ കല്‍ത്തുറുങ്കിലടച്ച കോളനി ഭരണം സമാന്തരമായി ഭാരതീയ പൊതുസമൂഹത്തിന്റെ പോരാട്ട വീര്യത്തെ തകര്ത്തൊതുക്കുവാനുള്ള തത്രപ്പാടിലായിരുന്നു. സ്വാതന്ത്ര്യ സമര പോരാളികളുടെ ഐക്യനിര കെട്ടിപ്പടുക്കാന്‍ സാവര്‍ക്കര്‍ ആവിഷ്കരിച്ച ആശയായുധത്തിന്റെ മുനയൊടിക്കാന്‍ ഹിന്ദുവും മുസല്‍മാനും തമ്മിലും ഹൈന്ദവ-മുസ്ലീം സമൂഹങ്ങളുടെയുള്ളിലും തമ്മില്‍ തല്ലി തലകീറാന്‍ ഇംഗ്ലീഷ് പക്ഷത്തു നിന്നും ചെയ്യരുതാത്തതൊക്കെ ചെയ്തു. മാപ്പിളക്കലാപത്തില്‍ മലബാറില്‍ വേട്ടയാടപ്പെട്ട, വെട്ടിമൂടപ്പെട്ട, ബലാത്സംഗം ചെയ്യപ്പെട്ട, കൊള്ളയടിക്കപ്പെട്ട ഹൈന്ദവ സമൂഹത്തിന്റെ അനുഭവങ്ങള്‍ പശ്ചാത്തലമാക്കി ‘മാപ്പിള: മുച്ഛേ ഇസ്മേ ക്യാ’ എന്ന ആഖ്യായികയ്ക്കും സാവര്‍ക്കരുടെ തൂലിക ജന്മം നല്കി.
വൈഭവവൈവിധ്യം നിറഞ്ഞു തുളുമ്പിയ, സാവര്‍ക്കറുടെ സമഗ്രവ്യക്തിത്വം സമ്പൂര്‍ണ്ണമായും ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി സമര്പ്പിതമായിരുന്നുവെന്നതാണ് ചരിത്രം. കവിതയെഴുതിയതും കഥയെഴുതിയതും ചരിത്രമെഴുതിയതും സമരപോരാളികളെ സംഘടിപ്പിച്ചതും പ്രസംഗിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരമവൈഭവവും മുന്നില്‍ കണ്ടുകൊണ്ടുമാത്രം. കടന്നാക്രമണങ്ങള്‍ക്കു മുമ്പില്‍, അധിനിവേശ ശക്തികളുടെ ആയുധങ്ങള്‍ക്ക് മുമ്പില്‍, എന്നും പരാജയപ്പെടുന്നതായിരുന്നു ഭാരത ചരിത്രം എന്ന അപൂര്‍ണ്ണവും വികലവുമായ വീക്ഷണങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് ‘ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ്ണ കാലങ്ങള്‍’ എന്ന ഗ്രന്ഥ രചന നിര്‍വ്വഹിച്ചു; 1857ലെ പോരാട്ടങ്ങള്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരുന്നുവെന്ന സത്യം പുറത്തുകൊണ്ടുവന്നു; 1921 ല്‍ മലബാറില്‍ മാപ്പിളമാര്‍ നടത്തിയ ഹിന്ദു ഉന്മൂലനം വസ്തുനിഷ്ഠമായി പഠിച്ച് സത്യം പുറത്തറിയിച്ചു. യഥാര്‍ത്ഥ ചരിത്രം രേഖപ്പെടുത്തി സമാജത്തെ മുന്നോട്ടു നയിച്ചതിലൂടെയാണ് സാവര്‍ക്കര്‍ കാലത്തിനതീതനായി തല ഉയര്‍ത്തി നില്‍ക്കുന്നത്. അത്തരം സംഭാവനകള്‍ നല്‍കുന്നതിന് പതിനായിരത്തിലുമധികം പേജുകളില്‍ കവിതയും കഥയും ചരിത്രവും കാഴ്ചപ്പാടുകളും കുറിച്ചുവെച്ച ആ ജ്ഞാനവിസ്മയത്തിന് ജ്ഞാനപീഠം കൊടുക്കേണ്ടതായിരുന്നുവെന്ന് ലതാ മങ്കേഷ്കര്‍ പറഞ്ഞതിലൂടെ സത്യസന്ധമായ ഒരു വസ്തുതയിലേക്കാണ് അവര്‍ വിരല്‍ ചൂണ്ടിയത്. സാവര്‍ക്കറുടെ സമഗ്ര സംഭാവനയ്ക്ക് ഭാരതരത്നം കൊടുക്കാനൊരുങ്ങിയ അടല്‍ ബിഹാരി വാജ്പേയി, തടസ്സം പറഞ്ഞവരോട് പോരിനിറങ്ങിയില്ലെങ്കിലും സത്യത്തോടൊപ്പമാണ് താന്‍ എന്ന സന്ദേശമാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്.
ആരായിരുന്നു സാവര്ക്കറെന്നതിനും എന്തിനാണദ്ദേഹം കാലാപാനിയിലെ ബ്രിട്ടീഷ് തടവില്‍ നിന്നു പുറത്തുചാടാന്‍, മുഗള്‍ഭരണകാലത്ത് ശിവാജി മഹാരാജ് സ്വീകരിച്ച വഴിയും പയറ്റിനോക്കിയെന്നതിനും മറുപടി ആന്‍ഡമാന്‍ ജയില്‍ സൂപ്രണ്ട് റജിനാള്‍ഡ് ക്രാഡ്റോക്ക് തന്റെ മേലധികാരികള്‍ക്കയച്ച ഒരു ഔദ്യോഗിക സന്ദേശത്തില്‍ വ്യക്തമാണ്: ‘സാവര്‍ക്കര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സ്വാതന്ത്ര്യം നല്‍കുന്നത് അസാധ്യമാണ്. യൂറോപ്പിലും ഇന്ത്യയിലും വ്യാപകമായിക്കഴിഞ്ഞ പുതിയ തലമുറ വിപ്ലവകാരികളുടെയിടയില് സാവര്‍ക്കര്‍ക്കുള്ള നിര്‍ണ്ണായക സ്വാധീനം നാം
ഒരിക്കലും മറക്കാന്‍ പാടില്ല. സാവര്‍ക്കര്‍ ഒരു സ്വാതന്ത്ര്യ സമര പോരാളി മാത്രമല്ല, അദ്ദേഹം ഒരു മികച്ച സംഘാടകനും സമുന്നത നേതാവും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും വ്യാപിച്ചിട്ടുള്ള വിപ്ലവകാരികളുടെ അദമ്യമായ പ്രചോദനവുമാണ്. കൊടും വിപ്ലവകാരികളുടെ പല സംഘങ്ങള്‍ ഇന്നും സാവര്‍ക്കറെ വിജയകരമായി രക്ഷപെടുത്തുവാനുള്ള കുതന്ത്രങ്ങള്‍ മെനയുന്നുണ്ടാകണം. ഇപ്പോള്‍ സാവര്‍ക്കറെ ഈ ജയിലില്‍ നിന്ന് മറ്റേതെങ്കിലും ജയിലിലേക്ക് മാറ്റാന്‍ ശ്രമിച്ചാല്‍ അവര്‍ അവരുടെ ദീര്‍ഘകാല ലക്ഷ്യം നേടുന്നതില്‍ എന്തെങ്കിലും സാഹസിക നീക്കങ്ങള്‍ നടത്തി വിജയിക്കും. അദ്ദേഹത്തിന്റെ കൂട്ടാളികള്‍ എവിടെ നിന്നെങ്കിലും ഒരു ബോട്ട് സംഘടിപ്പിച്ച് ആ സമുദ്രയാത്രയുടെ ഇടയ്ക്കോ ഏതെങ്കിലും ദ്വീപുകളില്‍ നിന്നോ അപകടകരമായ ഒരു രക്ഷപെടുത്തല്‍ സാഹസത്തിന് മുതിരും’.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജി സാവര്‍ക്കര്‍ക്ക് എഴുതി: ‘ഹിന്ദുക്കള്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ അവര്‍ ജനിച്ച നാട്ടില്‍ തന്നെ അവര്‍ക്ക് അടിമകളാകേണ്ടി വരില്ലായിരുന്നു’.
ജ്ഞാനപീഠത്തിലിടം നല്കിയില്ലെങ്കിലും ഭാരതരത്നമാക്കി ആദരിച്ചില്ലെങ്കിലും വിനായക ദാമോദര്‍ സാവര്‍ക്കര്‍ വീരനായിരുന്നു; വിപ്ലവകാരിയായിരുന്നു; ആ ഉത്തമഭാരതപുത്രന്റെ വ്യക്തിത്വത്തിന്റെ വൈവിധ്യവും ഔന്നത്യവും ആര്‍ക്കും അളക്കാവതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: