ഗുവാഹത്തി: പുതിയ തലമുറയ്ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും മാതൃകയാവുകയാണ് അസമിലെ കീര്‍ത്തി ജല്ലി. ഈ ഐഎഎസ് ഉദ്യോഗസ്ഥ അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്കിടയിലേക്ക് സാന്ത്വന സ്പര്‍ശമായി എത്തിയത് കിലോമീറ്ററുകളോളം നഗ്നപാദയായി യാത്രചെയ്താണ്.
അവനിഷ് ശരണ്‍ എന്ന 2009 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് കീര്‍ത്തി ജല്ലിയുടെ ത്യാഗനിര്‍ഭരമായ ഈ നിശ്ശബ്ദ സേവനത്തിന്റെ കഥ ലോകത്തെ ട്വീറ്റിലൂടെ അറിയിച്ചത്. കീര്‍ത്തി ജല്ലിയെന്ന അസമിലെ കാചറിലെ ഡപ്യൂട്ടി കമ്മീഷണറായ ഐഎഎസ് ഉദ്യോഗസ്ഥയുടെ ചിത്രവും അവനിഷ് ശരണ്‍ തന്റെ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. ഒരു വള്ളത്തില്‍ ചെളിപുരണ്ട നഗ്നപാദങ്ങളുമായി പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പുഞ്ചിരിക്കുന്ന കീര്‍ത്തി ജല്ലിയുടെ ചിത്രം. നന്മയുടെയും കാരുണ്യത്തിന്റെയും സേവനത്തിന്റെയും നേര്‍ക്കാഴ്ചയായ ഈ ചിത്രം മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
“ഇന്ത്യയിലെ പൗരന്മാര്ക്ക് ആവശ്യം സമര്‍പ്പണമനോഭാവമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. നമ്മള് നിഷ്കളങ്കരും സത്യസന്ധരും ആണെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുള്ളവരും നമ്മെ അഭിനന്ദിക്കും. ഇത് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയും സാമൂഹ്യ ബന്ധങ്ങളും മാറ്റിമറിക്കും. അത് സമുദായ ഐക്യത്തിലേക്ക് നയിക്കും”- ഇതായിരുന്നു ഫോട്ടോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.
കീര്‍ത്തി ജല്ലിയുടെ സേവനം ലഭിച്ചവരും അല്ലാത്തവരുമായി നിരവധി പേരാണ് ഈ പോസ്റ്റിന് ലൈക്കടിക്കുന്നത്. ഇതിനകം 47300 ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: