പുനലൂര്‍: ജീവിച്ചിരിക്കുന്ന ആളിനെ നഗരസഭ പരേതനാക്കി സത്യവാങ്മൂലം നല്‍കിയ സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ വൈരാഗ്യം എന്ന് ആരോപണം. പുനലൂര്‍ നഗനഗരസഭയ്‌ക്കെതിരെ തദ്ദേശ സ്വയംഭരണ ഓംബുഡ്‌സ്മാന് പരാതി നല്‍കിയ യുവാവ് മരണപ്പെട്ടതായി കഴിഞ്ഞ ദിവസം ആണ് നഗരസഭ സെക്രട്ടറി തെറ്റായ സത്യവാങ്ങ്മൂലം നല്‍കിയത്.
ബോഡി ബില്‍ഡറായ പുനലൂര്‍ എംഎല്‍എ റോഡില്‍ മേലെപ്പറമ്പില്‍ വീട്ടില്‍ ഛത്രപതി ശിവജി താന്‍ നടത്തിവരുന്ന ശ്രീകൃഷ്ണ ജിംനേഷ്യം മുനിസിപ്പല്‍ ലൈബ്രറി കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് പ്രവര്‍ത്തിപ്പിക്കാനായി ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് നഗരസഭ ഉദ്യോഗസ്ഥര്‍ വാടകയും നിശ്ചയിച്ചു നല്‍കി. എന്നാല്‍ എഗ്രിമെന്റ് വയ്‌ക്കാന്‍ ചെന്നപ്പോള്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നും വാടകയ്‌ക്ക് തരാന്‍ കഴിയില്ലെന്നും കെട്ടിടം ഏതു സമയവും തകര്‍ന്നുവീഴുമെന്ന നിലയിലാണെന്ന് റിപ്പോര്‍ട്ട് ഉണ്ടെന്നും അറിയിച്ചു.
കെട്ടിടത്തിന്റെ ബലക്ഷയത്തെ സംബന്ധിച്ച് പരാതിക്കാരന്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചതോടെ കൊല്ലം ടികെഎം കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗത്തെ കൊണ്ട് നഗരസഭ കെട്ടിടം പരിശോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഓംബുഡ്‌സ്മാനെ സമീപിച്ചത്.
വിചാരണവേളയില്‍ ഓണ്‍ലൈനില്‍ വാദിഭാഗം ഹാജരാകാതിരുന്നപ്പോഴാണ് നഗരസഭ പരാതിക്കാരന്‍ മരണപ്പെട്ടു എന്ന് സത്യവാങ്മൂലം നല്‍കിയത്. അതെ തുടര്‍ന്നാണ് തുടര്‍നടപടികള്‍ നിര്‍ത്തിവയ്‌ക്കാനുള്ള ഉത്തരവ് ഓംബുഡ്‌സ്മാന്‍ പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ സിപിഎം ഭരിക്കുന്ന നഗരസഭയില്‍ താന്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനായതിനാല്‍ കെട്ടിടം നല്‍കേണ്ടെന്ന പാര്‍ട്ടി തീരുമാനം നടപ്പാക്കുകയായിരുന്നു എന്ന് ശിവജി പറയുന്നു.
തന്റെ സഹോദരിയായ ഝാന്‍സി റാണി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റാണ് എന്നതും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചുവെന്നതും കുടുംബം ബിജെപി അനുകൂലികളാണ് എന്നതുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിച്ച ഘടകങ്ങള്‍. ഇവര്‍ക്കൊപ്പം നിന്ന് ജീവിച്ചിരിക്കുന്ന തന്നെ പരേതനാക്കിയ നഗരസഭയ്‌ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ശിവജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: