മുംബൈ: രാഷ്ട്രീയത്തില്‍ കുതിരക്കച്ചവടത്തിനില്ലെന്നും താന്‍ ശിവജിയുടെ രക്തത്തില്‍ പിറന്നയാളാണെന്നും മറാത്ത രാജകുടുംബാംഗമായ സംബാജിരാജെ. രാജ്യസഭാംഗത്വവാഗ്ദാനം നല്കി സംബാജിരാജെയെ പിടിക്കാനുള്ള ശിവസേനയുടെയും ശരത്പവാറിന്റെ എന്‍സിപിയുടെയും ശ്രമങ്ങള്‍ ഇതോടെ പാളി.
താന്‍ രാജ്യസഭയിലേക്ക് നല്‍കാനിരുന്ന നാമനിര്‍ദേശപത്രിക പിന്‍വലിക്കുകയാണെന്നും സംബാജിരാജെ പറഞ്ഞു. നേരത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച ഇദ്ദേഹം പിന്തുണ തേടി ശിവസേന നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ ശിവസേനയില്‍ അംഗമായി ചേര്‍ന്നാല്‍ മാത്രമേ പിന്തുണയ്ക്കൂ എന്ന് ശിവസേന പറഞ്ഞതോടെ സംബാജിരാജെ പിന്മാറുകയായിരുന്നു.
നേരത്തെ ബിജെപി അംഗം എന്ന നിലയില്‍ രാജ്യസഭയിലെത്തിയ വ്യക്തിയാണ് സംബാജിരാജെ. രാജ്യസഭാംഗത്വ കാലാവധി തീര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കുറി സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറാത്ത രാജാവ് ശിവജിയുടെ 13ാം തലമുറയില്‍പ്പെട്ട വ്യക്തിയാണ് സംബാജിരാജെ. കോലാപൂര്‍ ഛത്രപതി ഷാഹുവിന്റെ ചെറുമകനാണ് സംബാജിരാജെ.
മഹാരാഷ്ട്രയില്‍ ആറ് രാജ്യസഭാ സീറ്റുകളാണ് ഉള്ളത്. രണ്ട് സീറ്റുകള്‍ ബിജെപിയ്ക്കുണ്ട്. എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് എന്നിവര്‍ക്ക് ഓരോ സീറ്റുകളും ഉണ്ട്. ആറാമത്തെ സീറ്റിനാണ് മത്സരം. ഈ സീറ്റിലായിരുന്നു സംബാജിരാജെ മത്സരിക്കാന്‍ ശ്രമിച്ചത്. പക്ഷെ ഇപ്പോള്‍ ശിവസേന ഈ സീറ്റിലേക്ക് സ്വന്തം സ്താനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: