ന്യൂദല്‍ഹി: ഇന്ത്യ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്നും ഒരു സംഭവവികാസങ്ങള്‍ക്കും ഇന്ത്യയുടെ നൂറ്റാണ്ടുകളായുള്ള ഈ സമീപനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തജിക്കിസ്ഥാനില്‍ നടന്ന നാലാമത് റീജ്യണല്‍ അഫ്ഗാനിസ്ഥാന് സുരക്ഷാ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു താലിബാന് ശക്തമായ താക്കീത് അജിത് ഡോവല്‍ നല്‍കിയത്.
തജിക്കിസ്ഥാന്‍, ഇന്ത്യ, റഷ്യ, കസാഖ്സ്ഥാന്, ഉസ്ബെക്കിസ്ഥാന്, ഇറാന്, കിര്‍ഗിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
തീവ്രവാദത്തിനെതിരെയും ആഗോള സുരക്ഷ മെച്ചപ്പെടുത്താനും കാബൂളിനെ ശക്തിപ്പെടുത്തണമെന്നും അജിത് ഡോവല്‍ വ്യക്തമാക്കി. താലിബാന് ഭരിയ്ക്കുന്ന അഫ്ഗാനിസ്ഥാന് എന്ന രാജ്യത്തില്‍ ഇന്ത്യ ഒരു സുപ്രധാന പങ്കാളിയാണ്. അഫ്ഗാനിലെ ജനങ്ങളുമായി നൂറ്റാണ്ടുകളായി ഇന്ത്യയ്ക്ക് ബന്ധമുണ്ട്. ഇന്ത്യയുടെ സമീപനത്തെ നയിക്കുക ഈ ഘടകങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിലപാടിനെ മറ്റൊരു സംഭവവികാസങ്ങള്‍ക്കും മാറ്റാന്‍ കഴിയില്ല.- അജിത് ഡോവല്‍ അഭിപ്രായപ്പെട്ടു.
50,000 മെട്രിക് ടണ്‍ വാഗ്ദാനം ചെയ്തതില്‍ 17,000 മെട്രിക് ടണ്‍ ഗോതമ്പ് ഇന്ത്യ അയച്ചു കഴിഞ്ഞു. അഞ്ച് ലക്ഷം കോവാക്സിന് ഡോസുകളും അയച്ചു. അവശ്യജീവന്‍ രക്ഷാ മരുന്നുകള്‍ 13 ടണ്ണോളം അയച്ചു. 6 കോടി പോളിയോ വാക്സിനുകളും നല്കി. ശൈത്യകാലത്തിന് ആവശ്യമായ വസ്ത്രങ്ങളും ഇന്ത്യ അയച്ചുകൊടുത്തു. – അജിത് ഡോവല്‍ പറഞ്ഞു.
അഭിവൃദ്ധിയുള്ള ഒരു രാഷ്ട്രമായി അഫ്ഗാനിസ്ഥാനെ മാറ്റാന്‍ അഫ്ഗാന് ജനതയെ സഹായിക്കണമെന്ന് സുരക്ഷാ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് രാഷ്ട്രങ്ങളോട് അജിത് ഡോവല്‍ അഭ്യര്‍ത്ഥിച്ചു. അഫ്ഗാനിസ്ഥാന് സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും പങ്കാളിത്തം വേണമെന്നും അജിത് ഡോവല്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: