ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ടെലിവിഷന്‍ താരം അംറീന് ഭട്ടിനെ കൊലപ്പെടുത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ലഷ്കര്‍ ഭീകരരായ ഷാഹിദ് മുഷ്താഖ്, ഫര്ഹാന് ഹബീബ് എന്നിവരെ ഏറ്റുമുട്ടലിലാണ് സൈന്യം വധിച്ചത്.
പുല്‍വാമ അവന്തിപോരയില്‍ പ്രദേശത്ത് ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ഇവരില്‍ നിന്ന് ഒരു 01 എകെ 56 റൈഫിള്‍, ഒരു പിസ്റ്റള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
ഇരുവരും പുതുതായി തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതാണെന്നും അംറീന് ഭട്ടിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കശ്മീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് വിജയ് കുമാര്‍ പറഞ്ഞു.
ബുധനാഴ്ചയാണ് ബുദ്ഗാം ജില്ലയിലെ ചദൂരയിലുള്ള വീട്ടിനുള്ളില്‍ അംറീന് ഭട്ട് വെടിയേറ്റ് മരിച്ചത്. 10 വയസ്സുള്ള ബന്ധുവായ കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യൂട്യൂബറും ടെലിവിഷന്‍ താരവും കൂടിയായിരുന്നു അംറീന് ഭട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: