ഷാജന് സി. മാത്യു
റോസമ്മ പുന്നൂസിലൂടെ കേരള നിയമസഭയുടെ ചരിത്രം തുടങ്ങുന്നു, സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെയും. 1957 ഏപ്രില്‍ 10ന് കേരള നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറല്‍ സീറ്റില്‍ ജയിച്ചു വന്ന റോസമ്മ പുന്നൂസാണ്. അതുകൊണ്ട് സംസ്ഥാനത്തെ ആദ്യ പ്രോടേം സ്പീക്കറും അവരായി. സംസ്ഥാനത്തെ ആദ്യ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, സംസ്ഥാനത്ത് ആദ്യമായി എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്ന ജനപ്രതിനിധി എന്ന ചരിത്രവും തന്നെ കാത്തിരിപ്പുണ്ട് എന്നവര്‍ നിനച്ചിട്ടുണ്ടാവില്ല.
സാധാരണ, ജനപ്രതിനിധി മരിച്ചിട്ടോ രാജിവച്ചിട്ടോ തെരഞ്ഞെടുപ്പു കേസില്‍ തോറ്റിട്ടോ ഒക്കെയാണ് ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍, സംസ്ഥാനത്തെ ആദ്യ ഉപതെരഞ്ഞെടുപ്പ് ദേവികുളത്തു നടന്നതിനു പിന്നില്‍ ഇക്കാരണങ്ങളൊന്നും ആയിരുന്നില്ല. അതു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമായിരുന്നു. റോസമ്മയുടെ എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ ബി.കെ. നായരുടെ പത്രിക മതിയായ രേഖകളില്ല എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. ഈ നടപടി തെറ്റാണെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് റോസമ്മയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെടുന്നത്. അങ്ങനെ കോടതി ഉത്തരവുമൂലം സ്വതന്ത്ര ഇന്ത്യയില്‍ സ്ഥാനം നഷ്ടപ്പെടുന്ന ആദ്യ ജനപ്രതിനിധി എന്ന ചരിത്രവും റോസമ്മ പുന്നൂസിന്റെ പേരില്‍ എഴുതപ്പെട്ടു.
കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രവും അവിടെ ആരംഭിക്കുന്നു. 1958 മേയ് 16നു ദേവികുളത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ റോസമ്മയും ബി.കെ. നായരും ഏറ്റുമുട്ടി. 7,089 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നായരെ പരാജയപ്പെടുത്തി ആദ്യ ഉപതെരഞ്ഞെടുപ്പ് വിജയി എന്ന സ്ഥാനവും അവര്‍ സ്വന്തമാക്കി.
ഈ തെരഞ്ഞെടുപ്പില്‍ രണ്ട് താരപ്രചാരകര്‍ റോസമ്മയ്ക്കുവേണ്ടി ദേവികുളത്ത് ഉണ്ടായിരുന്നു. ഒരാള്‍ അന്നേ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു. തമിഴ് നടനും പിന്നീട് മുഖ്യമന്ത്രിയുമായ സാക്ഷാല്‍ എം.ജി. രാമചന്ദ്രന്. രണ്ടാമത്തെയാള്‍ പിന്നീടാണു സ്റ്റാര്‍ ആയത്. തെന്നിന്ത്യയിലെ പ്രമുഖ സംഗീതസംവിധായകന് ഇളയരാജ. റോസമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ സഹോദരന് പാവലര്‍ വരദരാജനൊപ്പം സ്ത്രീശബ്ദത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിക്കുകയായിരുന്നു ഇളയരാജയുടെ ദൗത്യം. ഡാനിയേല്‍ രാജയ്യ എന്നായിരുന്നു അന്ന് ഇളയരാജയുടെ പേര്.
തൃക്കാക്കരയില്‍ എത്തുമ്പോള്‍
ദേവികുളത്ത് ആരംഭിച്ച ഉപതെരഞ്ഞെടുപ്പ് ചരിത്രം തൃക്കാക്കരയില്‍ എത്തുമ്പോള്‍ ഉപതെരഞ്ഞെടുപ്പുകളുടെ എണ്ണത്തില്‍ 65 എന്ന അക്കം കുറിക്കുകയാണ്. ആദ്യനിയമസഭയില്‍ ഒരു ഉപതെരഞ്ഞെടുപ്പ് മാത്രമാണു നടന്നതെങ്കില്‍ 7, 14 നിയമസഭകളില്‍ എട്ടു വീതം ഉപതെരഞ്ഞെടുപ്പ് നടന്നു. ആറാം നിയമസഭയിലും ഒരു ഉപതെരഞ്ഞെടുപ്പേ നടന്നുള്ളൂ. രണ്ട്, മൂന്ന്, അഞ്ച്, പത്ത് നിയമസഭകളിലേക്ക് ആറ് വീതം തെരഞ്ഞെടുപ്പ്. നാലാം നിയമസഭയിലേക്ക് അഞ്ച് തെരഞ്ഞെടുപ്പ്. 9, 11, 12 നിയമസഭകളിലേക്ക് നാലു വീതം. 13-ാം നിയമസഭയിലേക്ക് മൂന്നും എട്ടാം നിയമസഭയിലേക്ക് രണ്ടും ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു.
മൂന്നു മുഖ്യമന്ത്രിമാര്‍
സംസ്ഥാനത്തു മൂന്നു മുഖ്യമന്ത്രിമാര്‍ വിജയിച്ചത് ഉപതെരഞ്ഞെടുപ്പുകളിലൂടെയാണ്. സി. അച്യുതമേനോന്, എ.കെ.ആന്റണി (രണ്ടു തവണ), ഇ.കെ. നായനാര്‍ എന്നിവരാണ് ഉപതെരഞ്ഞെടുപ്പുകള്‍ സംഭാവന ചെയ്ത മുഖ്യമന്ത്രിമാര്‍.
മുന്നണിയിലെ തര്‍ക്കത്തെത്തുടര്‍ന്നു ഭൂരിപക്ഷം നഷ്ടപ്പെട്ട് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ രണ്ടാം മന്ത്രിസഭ രാജിവച്ചപ്പോള്‍ 1969 നവംബര്‍ ഒന്നിനു മുഖ്യമന്ത്രിയായത് സിപിഐയിലെ സി. അച്യുതമേനോനാണ്. അന്ന് അദ്ദേഹം നിയമസഭാംഗം ആയിരുന്നില്ല. അദ്ദേഹത്തിനുവേണ്ടി കൊട്ടാരക്കര എംഎല്‍എ ഇ. ചന്ദ്രശേഖരന് നായര്‍ രാജിവയ്ക്കുകയും 1970 ഏപ്രിലില്‍ കൊട്ടാരക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 26,046 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തില്‍ അച്യുതമേനോന് വിജയിക്കുകയും ചെയ്തു.
രാജന് കേസിലെ കോടതി പരാമര്ശത്തെത്തുടര്ന്നു കെ. കരുണാകരന് രാജിവച്ചപ്പോള്‍ പകരം 1977 ഏപ്രില്‍ 27ന് മുഖ്യമന്ത്രിയായത് എ.കെ. ആന്റണിയാണ്. അദ്ദേഹത്തിന് മത്സരിക്കാനായി കഴക്കൂട്ടം എംഎല്‍എ തലേക്കുന്നില്‍ ബഷീര്‍ രാജിവയ്ക്കുകയും ഉപതെരഞ്ഞെടുപ്പില്‍ ആന്റണി വിജയിക്കുകയും ചെയ്തു. എന്നാല്‍ തലേക്കുന്നില്‍ ബഷീറിന്റെ 14,377 എന്ന ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ആന്റണിക്കു 8,669 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂ. പ്രത്യുപകാരമായി തലേക്കുന്നില്‍ ബഷീറിന് തൊട്ടടുത്ത രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് നല്കി.
ചാരക്കേസില്‍പ്പെട്ട് കെ. കരുണാകരന് രാജിവച്ചപ്പോള്‍ മുഖ്യമന്തിസ്ഥാനത്ത് എത്തിയ എ.കെ. ആന്റണിക്കു 1995ല്‍ നിയമസഭയിലെത്താന്‍ തങ്ങളുടെ തിരൂരങ്ങാടി സീറ്റ് വിട്ടുനല്‍കിയത് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗാണ്. ലീഗില്‍നിന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗിലേക്കു പോയ യു.എ. ബീരാന് രാജിവച്ചതിനെ തുടര്‍ന്നാണ് തിരൂരങ്ങാടിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. അബ്ദുള്‍ നാസര്‍ മദനിയുടെ കുപ്രസിദ്ധമായ വിദ്വേഷപ്രസംഗങ്ങള്ക്കൊണ്ട് ശ്രദ്ധേയമായ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി സിപിഐയുടെ ഡോ.എന്‍.എ. കരീമിനെ 22,269 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തില്‍ തോല്പിച്ചു.
1996ല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിപിഎമ്മിലുണ്ടായ ചരടുവലികള്‍ക്കൊടുവില്‍ നിയമസഭാംഗം അല്ലാതിരുന്ന ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. അദ്ദേഹത്തെ നിയമസഭയില്‍ എത്തിക്കാനായി തലശ്ശേരിയിലെ സിപിഎം എംഎല്‍എ കെ.പി. മമ്മു മാസ്റ്റര്‍ രാജിവയ്ക്കുകയും ഉപതെരഞ്ഞെടുപ്പില്‍ 24,501 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നായനാര്‍ നിയമസഭയില്‍ എത്തുകയും ചെയ്തു.
മന്ത്രി തോറ്റ ഉപതെരഞ്ഞെടുപ്പ്!
സംസ്ഥാന ചരിത്രത്തില്‍ ഒരു മന്ത്രി മാത്രമേ ഉപതെരഞ്ഞെടുപ്പില്‍ തോറ്റിട്ടുള്ളൂ. അതു കെ. മുരളീധരനാണ്. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഇടക്കാലത്ത് വൈദ്യുതി മന്ത്രിയായി അന്നത്തെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് സ്ഥാനമേറ്റു. അദ്ദേഹത്തിനു നിയമസഭയില്‍ എത്താനായി വടക്കാഞ്ചേരി എംഎല്‍എ, കോണ്‍ഗ്രസിലെ വി. ബലറാം രാജിവയ്ക്കുകയും തുടര്‍ന്ന് 2004ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 3,715 വോട്ടിന് മുരളീധരന് പരാജയപ്പെടുകയും ചെയ്തു. സിപിഎമ്മിലെ എ.സി മൊയ്തീനാണ് മുരളീധരനെ പരാജയപ്പെടുത്തിയത്.
കാലുമാറ്റം കാരണമായ ഉപതെരഞ്ഞെടുപ്പുകള്‍
തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഇടയ്ക്കുവച്ചു പാര്‍ട്ടി മാറിയതിനെ തുടര്‍ന്നു രാജിവയ്ക്കുകയും അത് ഉപതെരഞ്ഞെടുപ്പിനുകാരണമാവുകയും ചെയ്തിട്ടുണ്ട്. അവര്‍ അതേ മണ്ഡലത്തില്‍ മത്സരിച്ച കൗതുകങ്ങളുമുണ്ട്. 1982ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍നിന്നു കൂറുമാറി വന്ന എം. കുഞ്ഞിരാമന് നമ്പ്യാരെയാണ് സിപിഎം ഉദുമയില്‍ സ്ഥാനാര്‍ഥി ആക്കിയത്. 6619 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നമ്പ്യാര്‍ വിജയിച്ചു. എന്നാല്‍ ഏതാനും നാള്‍ക്കകം അദ്ദേഹം സിപിഎമ്മുമായി അകലുകയും കോണ്‍ഗ്രസിലേക്കു തിരികെ പോവുകയും ചെയ്തു. തുടര്‍ന്ന് 1985ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇദ്ദേഹത്തെത്തന്നെ സ്ഥാനാര്‍ഥിയാക്കി. കെ. പുരുഷോത്തമനെയാണ് സിപിഎം രംഗത്തിറക്കിയത്. വാശിയേറിയ പോരാട്ടത്തില്‍ 816 വോട്ടിന് പുരുഷോത്തമന് വിജയിച്ചു.
ഇതേപോലൊരു കാലുമാറ്റമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനും കാരണമായത്. 2011ല്‍ സിപിഎമ്മിനുവേണ്ടി 6,702 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ആര്. സെല്‍വരാജ് അപ്രതീക്ഷിതമായി രാജിവയ്ക്കുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. തുടര്‍ന്ന് 2012ല്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അതേ മണ്ഡലത്തില്‍ മത്സരിച്ച് 6,334 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎമ്മിന്റെ എഫ്. ലോറന്‍സാണു പരാജയപ്പട്ടത്.
മുന്നില്‍ എറണാകുളം!
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത് എറണാകുളം നിയമസഭാമണ്ഡലത്തിലാണ്. മൂന്ന് സിറ്റിങ് എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്നാണ് ഈ മൂന്ന് തെരഞ്ഞെടുപ്പം വേണ്ടിവന്നത്. ഇവര്‍ മൂവരും ലോക്സഭയിലേക്കു മത്സരിക്കുന്നതിനാണു രാജി വച്ചത് എന്ന യാദൃച്ഛികതയുമുണ്ട്. മൂവരും കോണ്‍ഗ്രസുകാരുമായിരുന്നു.
ജോര്‍ജ് ഈഡന്റെ രാജിയെത്തുടര്‍ന്ന് 1998ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോള്‍ (ഇടതു സ്വതന്ത്രന്) 3,940 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. കെ.വി. തോമസിന്റെ രാജിയെത്തുടര്‍ന്നു 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡൊമിനിക് പ്രസന്റേഷന് (കോണ്‍ഗ്രസ്) ജയിച്ചത് 8620 വോട്ടിന്. ഹൈബി ഈഡന് രാജിവച്ച ഒഴിവില്‍ 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.ജെ. വിനോദ് (കോണ്‍ഗ്രസ്) ജയിച്ചത് 3,750 വോട്ടിന്.
ലോക്സഭയ്ക്കായി കൂട്ടരാജി
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത് 2019 ഒക്ടോബര്‍ 21നാണ്. അഞ്ചെണ്ണം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് കെ. മുരളീധരന്(വട്ടിയൂര്‍ക്കാവ്), അടൂര്‍ പ്രകാശ്(കോന്നി), എ.എം. ആരിഫ്(അരൂര്‍), ഹൈബി ഈഡന്(എറണാകുളം) എന്നീ നാല് എംഎല്‍എമാര്‍ രാജിവച്ചു. പി.ബി. അബ്ദുല്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലത്തിലും ഒഴിവു വന്നു. ഈ അഞ്ച് മണ്ഡലത്തിലും ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ് നടന്നു.
വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിലെ വി.കെ. പ്രശാന്ത് കോണ്‍ഗ്രസിലെ കെ. മോഹന്‍കുമാറിനെയും കോന്നിയില്‍ സിപിഎമ്മിലെ കെ.യു. ജനീഷ്കുമാര്‍ കോണ്‍ഗ്രസിലെ പി. മോഹന്‍രാജിനെയും അരൂരില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന് സിപിഎമ്മിലെ മനു സി. പുളിക്കനെയും എറണാകുളത്ത് കോണ്‍ഗ്രസിലെ ടി.ജെ. വിനോദ് സിപിഎം സ്വതന്ത്രന് മനു റോയിയെയും മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എം.സി. ഖമറുദ്ദീന് ബിജെപിയിലെ രവീശതന്ത്രി കുണ്ടാറിനെയും പരാജയപ്പെടുത്തി. 1979 മെയ് 18ന് നാല് ഉപതെരഞ്ഞെടുപ്പു നടന്നു. എണ്ണത്തില്‍ രണ്ടാമത് ഇതാണ്.
ഹരിദാസും റേച്ചല്‍ സണ്ണി പനവേലിയും
സംസ്ഥാനത്ത് ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായ സി. ഹരിദാസിന്റെ രാജി കലാശിച്ചതും ഒരു ഉപതെരഞ്ഞെടുപ്പിലാണ്. 1980ലെ നായനാര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് എ വിഭാഗത്തിലെ ആര്യാടന് മുഹമ്മദ് മന്ത്രിയായി. അദ്ദഹം നിയമസഭാംഗം ആയിരുന്നില്ല. ആര്യാടന് മത്സരിക്കാനായി 1980 ഫെബ്രുവരി 25ന് നിലമ്പൂര്‍ എംഎല്‍എ സി. ഹരിദാസ് രാജിവയ്ക്കുമ്പോള്‍ വെറും 10 ദിവസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രായം. തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്പിച്ച് ആര്യാടന് നിയമസഭയിലെത്തി. ഹരിദാസിനുപ്രത്യുപകാരമായി രാജ്യസഭാ സീറ്റ് ലഭിച്ചു.
സംസ്ഥാന നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വനിത, റേച്ചല്‍ സണ്ണി പനവേലിയാണ്. അവര്‍ നിയസഭയില്‍ എത്തിയതും ഒരു ഉപതെരഞ്ഞെടുപ്പിലൂടെയാണ്. ഭര്‍ത്താവും കോണ്‍ഗ്രസ് എസ് നേതാവുമായ സണ്ണി പനവേലിയുടെ നിര്യാണത്തെ തുടര്‍ന്ന് 1986 ജനുവരി 23നു റാന്നിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും 28ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 1987 മാര്‍ച്ച് 25ന് നിയമസഭയുടെ കാലാവധി അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: