ഹൈദരാബാദ്: അന്ധവിശ്വാസികള്‍ക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും തനിക്ക് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വാസമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ‘അന്ധവിശ്വാസങ്ങളെ’ പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐബിഎസ്) 20 വര്‍ഷം തികച്ച ആഘോഷ പരിപാടിക്കെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഈ പ്രസ്താവന നടത്തിയത്.
‘തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണ്. തെലങ്കാനയെ ഇത്തരം അന്ധവിശ്വാസികളായ ആളുകളില്‍ നിന്ന് രക്ഷിക്കുമെന്നും ബി.ജെ.പി നേതാക്കളെ സാക്ഷിനിര്‍ത്തി മോദി അറിയിച്ചു. സന്യാസിയായിട്ടുപോലും അന്ധവിശ്വാസിയാകാത്ത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുകയാണെന്നും മോദി പറഞ്ഞു’.
‘മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഉടന്‍ തന്നെ വാസ്തുവിന്റെ പേരുപറഞ്ഞ് വീട് മാറിയ ആളാണ് ചന്ദ്രശേഖര റാവു. 50 കോടി രൂപയാണ് ഇതിനായി ചിലവാക്കിയത്. അഞ്ച് നിലകളോട് കൂടിയ ഏറ്റവും വലിയ ക്യാമ്പ് ഓഫീസാണ് ബീഗംപേട്ടില്‍ മുഖ്യമന്ത്രിക്ക് കിട്ടിയത്. ഭരിക്കുന്നയാള്‍ മറ്റുള്ളവരേക്കാള്‍ ഏറ്റവും ഉയരത്തിലായിരിക്കണം എന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണിതെന്നും മോദി പറഞ്ഞു’.
ഒരു വര്‍ഷം മുന്നേയാണ് റാവു പുതിയ വീട്ടിലേക്ക് മാറിയത്. പുതിയ വീട്ടിലേക്കു മാറുന്നതിനു മുന്നോടിയായി കെസിആര്‍ തന്റെ ഫാം ഹൗസില്‍ വച്ച് യാഗം നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ടുനിന്ന യാഗത്തിനെത്തിയ 50,000 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ മാത്രം 150 പാചകക്കാരാണ് വന്നത്. ഏഴു കോടി രൂപയാണ് ഇതിനു ചെലവായത്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ സ്‌പോണ്‍സര്‍ ചെയ്താണ് യാഗം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
സംഖ്യാജ്യോതിഷത്തില്‍ വിശ്വസിച്ചുകൊണ്ടും ആറ് എന്ന നമ്പരിനോടുള്ള പ്രിയംകൊണ്ടും 2018 സെപ്തംബര്‍ ആറിന് നിയമസഭ പിരിച്ചുവിടാന്‍ നിര്‍ദേശിച്ചയാളാണ് ചന്ദ്രശേഖര റാവു. 2014-ല്‍ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 12.57-ന് സത്യപ്രതിജ്ഞയെടുത്ത ആളാണ് ചന്ദ്രശേഖര റാവുവെന്നും മോദി പരിഹസിച്ചു. തെലങ്കാന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രിയെത്തിയപ്പോള്‍ എച്ച്.ഡി ദേവഗൗഡയേയും മകന്‍ എച്ച്.ഡി കുമാരസ്വാമിയേയും സന്ദര്‍ശിക്കാന്‍ പോയ ചന്ദ്രശേഖര റാവുവിന്റെ നിലപാടിനേയും മോദി വിമര്‍ശിച്ചു. റാവുവിനെ പോലെ ഗൗഡ കുടുംബവും അന്ധവിശ്വാസികളാണ്. ജ്യോതിഷത്തില്‍ വിശ്വസിച്ചതിന് ദേവഗൗഡ കുടുംബത്തെ 2016-ല്‍, എട്ട് ജെഡി (എസ്) വിമതര്‍ പരസ്യമായി ആക്രമിച്ചു. അത് പാര്‍ട്ടിക്കുള്ളിലെ ഐക്യം നശിപ്പിക്കുകയും എച്ച് ഡി കുമാരസ്വാമിയുടെ രാഷ്‌ട്രീയ ജീവിതം തന്നെ തകര്‍ക്കുകയും ചെയ്തുവെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: