ന്യൂദല്‍ഹി: കുത്തബ് മിനാര്‍ നിര്‍മിച്ചത് ക്ഷേത്രത്തിന് മുകളിലെന്ന് തെളിയിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പുറത്ത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 1871-1872ലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രത്തിന് മുകളിലാണ് കുത്തബ് മിനാര്‍ നിര്‍മിച്ചതെന്നതിന്റെ തെളിവുകളും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ ഡയറക്ടര്‍ ഡോ. അമരേന്ദ്രനാഥ് പറഞ്ഞു.
എഎസ്ഐ സ്ഥാപക ഡയറക്ടര്‍ ജനറല്‍ അലക്സാണ്ടര്‍ കണ്ണിങ്ഹാമിന്റെ മേല്‍നോട്ടത്തില്‍ 1871-72ല്‍ ജെ.ഡി. ബെഗ്ലറും എ.സി.എല്‍. കാര്‍ലിയും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മസ്ജിദിന്റെ അടിത്തറയ്ക്ക് വളരെ പഴക്കമുണ്ട്. നേരത്തെ ഇവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് അമരേന്ദ്രനാഥ് പറഞ്ഞു. അവശിഷ്ടങ്ങളുടെ മുകളിലാണ് പള്ളിയുടെ ഏറ്റവും ഉയര്‍ന്ന ഭാഗം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിലെ പുരാതന ഇരുമ്പ് തൂണ് ഗരുഡസ്തംഭം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും ഇത് അഞ്ചാം നൂറ്റാണ്ടിലേതാണെന്നും അദ്ദേഹം പറഞ്ഞു. ഈ തൂണില്‍ ധാരാളം ലിഖിതങ്ങള്‍ ഉണ്ടാകുമെങ്കിലും ഗരുഡന്റെ ചിത്രം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
മസ്ജിദിന്റെ പുറം ഭിത്തികള്‍ക്കും അകം ഭിത്തികള്‍ക്കും ഹിന്ദു വാസ്തുവിദ്യയുമായി സാമ്യമുണ്ട്. വിഷ്ണുവിന്റെ വിവിധ അവതാരങ്ങള്‍ ചുറ്റുമുള്ള ചുവരുകളില്‍ കൊത്തിയിട്ടുണ്ട്. ഉപരിഘടനകളുടെ പുറത്തെ തെക്കേ കവാടം, അടിത്തറകള്‍ എന്നിവ ഹിന്ദുക്ഷേത്രത്തിന്റെ മതിലുമായി സാമ്യമുണ്ട്. തെക്കേ കവാടത്തിന്റെ ഖനനത്തില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും മാത്രമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുത്തബ് മിനാര്‍ നില്ക്കുന്ന മെഹ്റൗളിയില്‍ നിന്ന് കല്ലില്‍ നിര്‍മിച്ച വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും വിഗ്രഹങ്ങള്‍ കണ്ടെത്തിയിരുന്നു. അവ ഒന്നാം നൂറ്റാണ്ടിലേതാണെന്നും ഈ വിഗ്രഹങ്ങള്‍ ഇപ്പോള്‍ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഡോ. അമരേന്ദ്രനാഥ് പറഞ്ഞു.
കുത്തബ് മിനാര്‍ ഖുവ്വത്ത്-ഉല്-ഇസ്ലാം പള്ളിയുടെ ചുവരുകളില്‍ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന് കുത്തബ് മിനാര്‍ മുഗള്‍ മസ്ജിദിന്റെ ഇമാം മൗലാന ഷേര്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ഉള്ള സ്ഥലത്ത് നമസ്കരിക്കാന്‍ കഴിയില്ല. 20 വര്‍ഷം മുമ്പ് ഹിന്ദുസംഘടനകള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു, എന്നാല്‍ അന്നത്തെ ഭരണകൂടം തങ്ങള്‍ക്ക് അനുകൂലമായി വിധിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: