കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ 42 വാഴ്സിറ്റികളില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്സുകളിലേക്കുള്ള കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് ((CUET PG-2022) നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷകള്‍ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://cuet.nta.nic.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ജൂണ്‍ 18 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.
ഫീസ് രാത്രി 11.50 മണി വരെ അടയ്ക്കാം. ഇന്ത്യയില്‍ അപേക്ഷാ ഫീസ് (ടെസ്റ്റ് പേപ്പറിന് വരെ) ജനറല്‍-800 രൂപ. അഡീഷണല്‍ ഓരോ പേപ്പറിന് 200 രൂപ കൂടുതല്‍ അടയ്ക്കണം. ഒബിസി-എന്‍സിഎല്‍/ജനറല്‍ ഇഡബ്ല്യുഎസ്-600 (അഡീഷണല്‍-150 രൂപ), എസ്സി/എസ്ടി/തേര്‍ഡ് ജന്‍ഡര്‍-550 രൂപ(150 രൂപ), ഭിന്നശേഷിക്കാര്‍(പിഡബ്ല്യുബിഡി)-500 രൂപ (150 രൂപ). ഇന്ത്യയ്ക്ക് പുറത്ത് മൂന്നു ടെസ്റ്റ് പേപ്പറുകള്‍ക്ക് വരെ 4000 രൂപ, അഡീഷണല്‍ ഓരോ പേപ്പറിനും 1000 രൂപ വീതം. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/യുപിഐ വാലറ്റ്/നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. ഒരാള്‍ക്ക് മൂന്ന് ടെസ്റ്റ് പേപ്പറുകള്‍ക്ക് ശേഷമുള്ള പേപ്പറിന് അഡീഷണല്‍ ഫീസ് അടച്ചാല്‍ മതിയാകും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
പരീക്ഷ: ‘CUET PG-2022’ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ തിയറികള്‍ നിശ്ചയിച്ച് പിന്നീട് അറിയിക്കുന്നതാണ്. ഒന്നിലധികം ദിവസം പരീക്ഷയുണ്ടാവും. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ രണ്ട് ഷിഫ്റ്റുകളായി ദേശീയതലത്തില്‍ നടത്തും. ആദ്യ ഷിഫ്റ്റ് രാവിലെ 10 മുതല്‍ 12 മണി വരെയും രണ്ടാമത്തേത് ഉച്ചയ്ക്കുശേഷം 3 മുതല്‍ 5 മണിവരെയുമാണ് നടത്തുക, പരീക്ഷാ പേപ്പറുകളും വിഷയങ്ങളും രീതികളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ വിശദീകരിച്ചിട്ടുണ്ട്. ഓരോ ചോദ്യപേപ്പറിലും 100 ചോദ്യങ്ങള്‍ വീതമുണ്ടാവും. ജനറല്‍ പേപ്പറിന് ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലെ ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കാം. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. എന്‍ട്രന്‍സ് പരീക്ഷാ സിലബസ് വെബ്സൈറ്റില്‍ ലഭ്യമാണ്.
കേരളത്തില്‍ ആലപ്പുഴ/ചെങ്ങന്നൂര്‍, അങ്കമാലി, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, പയ്യന്നൂര്‍, തിരുവനന്തപുരം, തൃശൂര്‍, വയനാട് എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. മംഗളൂരു, മൈസൂരു, ബെംഗളൂരു ഉള്‍പ്പെടെ 32 പരീക്ഷാകേന്ദ്രങ്ങളാണ് കര്‍ണാടകത്തിലുള്ളത്. നാല് നഗരങ്ങള്‍ പരീക്ഷക്കായി തെരഞ്ഞെടുക്കാം. വിദേശങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ബിരുദധാരികള്‍ക്കും ഇക്കൊല്ലം ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും സിഇയുടി പിജി-2022 ല്‍ പങ്കെടുക്കാം. പ്രായപരിധിയില്ല. എന്നാല്‍ അതത് സര്‍വ്വകലാശാലകള്‍ പിജി പ്രോജക്ടുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ ഉള്ളവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത.
പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തില്‍ ഏകജാലക സംവിധാനത്തിലൂടെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ നിരവധി മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലാണ് അഡ്മിഷന്. സിയുഇടി പിജി 2022 ല്‍ യോഗ്യത നേടുന്നവര്‍ക്ക് പ്രവേശനം നല്കുന്ന വാഴ്സിറ്റികളും കോഴ്സുകളും വിഷയങ്ങളും യോഗ്യതാ മാനദണ്ഡങ്ങളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസഗോഡില്‍ (www.cukerala.ac.in) ലഭ്യമായ പിജി പ്രോഗ്രാമുകള്‍ ഇവയാണ്: എംഎ ഇക്കണോമിക്സ് (സീറ്റുകള്‍-50), ഇംഗ്ലീഷ് ആന്റ് കംപേരറ്റീവ് ലിറ്ററേച്ചര്‍ (50), ലിംഗുസ്റ്റിക്സ് ലാംഗുവേജ് ടെക്നോളജി (50), ഹിന്ദി ആന്റ് കംപേരറ്റീവ് ലിറ്ററേച്ചര്‍ (50), ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പോളിസി സ്റ്റഡീസ് (50), മാസ്റ്റര്‍ ഓഫ് സോഷ്യല്‍വര്‍ക്ക് (എംഎസ്ഡബ്ല്യു) (50), എംഎഡ് (63), എംഎസ്സി- സുവോളജി (38), ബയോകെമിസ്ട്രി (38), കെമിസ്ട്രി (38), കമ്പ്യൂട്ടര്‍ സയന്‍സ് (38), എന്‍വയോണ്‍മെന്റല്‍ സയന്‍സ് (38), ജനോമിക് സയന്‍സ് (38), ജിയോളജി (38), മാത്തമാറ്റിക്സ് (50), ബോട്ടണി (38), ഫിസിക്സ് (38), യോഗ തെറാപ്പി (50), എല്‍എല്‍എം (50), എംപിഎച്ച് (50), എംബിഎ (38), എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്മെന്റ് (38), എംകോം (50), എംഎ- കന്നഡ (50); പിജി ഡിപ്ലോമ- യോഗ (50), എന്‍ആര്‍ഐ ലോസ് (50), ഹിന്ദി- മാസ് കമ്യൂണിക്കേഷന്‍ ആന്റ് മീഡിയ റൈറ്റിംഗ് (20), ഹിന്ദി ട്രാന്സ്ലേഷന് ആന്റ് ഓഫീസ് പ്രൊസിഡ്യൂവര് (20) ഈ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യതകള്‍ വെബ്സൈറ്റിലുണ്ട്.
മറ്റ് കേന്ദ്രസര്‍വ്വകലാശാലകളില്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, സൗത്ത് ബീഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു, ഝാര്‍ഖണ്ഡ്, കശ്മീര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്, മണിപ്പൂര്‍ എന്നിവ ഉള്‍പ്പെടും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി, രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റ്, ഹൈദ്രാബാദ് യൂണിവേഴ്സിറ്റി, ദി ഇംഗ്ലീഷ് ആന്റ് ഫോറിന് ലാംഗുവേജ് യൂണിവേഴ്സിറ്റി, നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റി, ബാബാസാഹിബ് ഭീംറാവു അംബേദ്കര്‍ യൂണിവേഴ്സിറ്റി അടക്കമുള്ള കേന്ദ്രസര്‍വ്വകലാശാലകളിലും ഏതാനും സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിലും നാഷണല്‍ റെയില്‍ ആന്റ് ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലും (കല്പിത സര്‍വ്വകലാശാല) ഈ എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് പിജി പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: