അഡ്വ. പ്രതാപ് ജി.പടിക്കല്‍
കുട്ടികളെ കരുവാക്കിക്കൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ സംഘടിത രൂപത്തില്‍ ആസൂത്രണം ചെയ്യുന്നത് കേരളത്തില്‍ അത്ര സാധാരണമല്ല. പ്രത്യേകിച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇളക്കി വിടുക എന്ന ഉദ്ദേശ്യത്തോടെയാണെങ്കില്‍ അത് അപൂര്‍വ്വമെന്നു തന്നെ പറയാം. എന്നാല്‍ ഇപ്രകാരമുള്ള ഒരു ആസൂത്രണവും അതിന്റെ പരിണിത ഫലവുമാണ് മെയ് 21ന് ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ കണ്ടത്. പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു ബാലന്, മറ്റൊരാളുടെ തോളിലിരുന്ന് വര്‍ഗ്ഗീയ വിദ്വേഷത്തോടെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് സമൂഹമാധ്യമങ്ങളില്‍ കൂടി വ്യാപകമായി പ്രചരിക്കുന്നത് നാം കണ്ടു.
ഇവിടെ ഉയരുന്ന ഒരു ചോദ്യം ഇത് കേവലം യാദൃച്ഛിക സംഭവമാണോ അല്ലയോ എന്നതാണ്. എന്നാല്‍ ഇതിന് പിന്നിലെ ചേതോവികാരത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ വലിയ ഒരു ഗൂഢാലോചനയുടെ പരിണിത ഫലമാണ് ഇതെന്ന് വ്യക്തമാകുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം സാമുദായികമോ വര്‍ഗീയമോ ആയ, വിദ്വേഷം ഉളവാക്കുന്ന തരത്തിലുള്ള ഏത് പ്രവൃത്തിയും ശിക്ഷാര്‍ഹമാണെന്നു മാത്രമല്ല ജാമ്യമില്ലാ കുറ്റകൃത്യം കൂടിയാണ്. രാഷ്ട്രീയ ശത്രുത കൊണ്ട് കേരളത്തില്‍ പലപ്പോഴും ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ പരസ്യമായി ഒരു കുറ്റകൃത്യം ചെയ്താല്‍ പോലും കയ്യും കെട്ടി നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന ചില സാഹചര്യങ്ങള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തന്നെയുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് 82, 83 വകുപ്പുകള്‍.
ഇന്ത്യന്‍ ശിക്ഷാനിയമം 82-ാം വകുപ്പ് പ്രകാരം ഏഴു വയസ് വരെയുള്ള ഒരു കുട്ടി എന്തുതെറ്റ് ചെയ്താലും അത് കുറ്റകൃത്യമല്ല. അതേപോലെ തന്നെ 12 വയസു വരെ പ്രായമുണ്ടെങ്കിലും അത്രയും മാനസീക വളര്‍ച്ചയില്ലെങ്കില്‍ ആ പ്രായത്തിലുള്ള കുട്ടി ചെയ്യുന്ന തെറ്റുകളെ 83-ാം വകുപ്പും ശിക്ഷയില്‍ നിന്നും ഒഴിവാക്കുന്നു. ഈ സാഹചര്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് കുട്ടികളെക്കൊണ്ട് ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യിക്കാന്‍ സജ്ജരാക്കുന്നതിന്റെ ഡ്രസ്സ് റിഹേഴ്സല്‍ അല്ലേ ആലപ്പുഴയില്‍ നടന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്തുകൊണ്ടാണ് ഒരു സംഘടിതമായ ഗൂഢാലോചന ഈ വിഷയത്തില്‍ നടന്നു എന്ന് സംശയിക്കേണ്ടി വരുന്നത്. ആ സംശയം സാധൂകരിക്കുന്ന വിധത്തില്‍ ചില വ്യക്തമായ സൂചനകള്‍ ആ കുട്ടിയുടെ പ്രവൃത്തി തന്നെ നമുക്ക് ചൂണ്ടിക്കാണിച്ചുതരുന്നുണ്ട്. വളരെ വ്യക്തമായ പാറ്റേണില്‍, കൃത്യമായ താളത്തോടെ മുദ്രാവാക്യം വരിവരിയായി ചൊല്ലിക്കൊടുക്കുന്നത് സ്വയമേ തയ്യാറാക്കിയല്ല എന്ന് ഏവര്‍ക്കും മനസിലാകും. മറിച്ച് ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ഇപ്രകാരം മുദ്രാവാക്യം തയ്യാറാക്കി, അത് ചൊല്ലാന്‍ പറ്റിയ കുട്ടിയെ കണ്ടെത്തി മനഃപാഠം പഠിപ്പിച്ചു. പല തവണ ചൊല്ലി പരിശീലിപ്പിച്ച ശേഷം ഒരു പ്രകടനത്തിനിടയില്‍ ഈണത്തില്‍ ചൊല്ലുന്നതിനൊപ്പം അത് ഏറ്റു പറയാന്‍ മറ്റൊരു കൂട്ടത്തെ സജ്ജമാക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ഒരു ഗൂഢാലോചനയും തയ്യാറെടുപ്പും അതിന് പിന്നിലുണ്ട്. ‘മാംഗെ ആസാദി’ മുദ്രാവാക്യം മുഴക്കി ചില വര്‍ഗീയ സംഘടനകള്‍ കുറേനാള്‍ മുമ്പ് രംഗത്ത് വന്നപ്പോള്‍ താളത്തോടെയുള്ള ഏറ്റു ചൊല്ലലുകള്‍ക്ക് പകരം അവസാനത്തെ ഒന്നോ രണ്ടോ വാക്കുകള്‍ കോറസ് ആയി പാടുന്നതും നമ്മള് കണ്ടതാണ്. ഒന്നോ രണ്ടോ വാക്കുകള്‍ കോറസായി പറഞ്ഞാല്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ സാധിക്കില്ലെന്നും പ്രധാന മുദ്രാവാക്യം വിളിച്ചയാള്‍ കുട്ടി ആയതിനാല്‍ യാതൊരു കേസും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല എന്നുമുള്ള ആത്മവിശ്വാസത്തിലാണ് ഇവര്‍ തുടങ്ങിയത്. പക്ഷെ, ആവേശം കൂടിയപ്പോള്‍ വിവരമില്ലായ്മ പുറത്തു വന്നു. മുദ്രാവാക്യം വിളിച്ച കുട്ടിയെ എടുത്തവനും കൂടെയുള്ളവരും ഏറ്റു പറഞ്ഞപ്പോള്‍ ആ കുറ്റകൃത്യത്തില്‍ മുദ്രാവാക്യം വിളിക്കാരെല്ലാം പങ്കാളികളായി മാറി. സ്വഭാവികമായും അവരെല്ലാം കേസില്‍ പ്രതികളുമാകും.
എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്. ഇസ്ലാമിക തീവ്രവാദികള്‍ ‘ലോകത്തിന്റെ പല ഭാഗങ്ങളിലും ശിശുക്കളെയും കുട്ടികളെയും ആയുധങ്ങള്‍ അണിയിച്ചും അവരുടെ ദേഹത്ത് ബോംബുകള്‍ കെട്ടിവെച്ച് ചാവേറുകളാക്കിയും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമായ ഒരുപാട് വാര്‍ത്തകള്‍ നാം കണ്ടതാണ്. ആ സാഹചര്യത്തില്‍ ഈ കുട്ടിയുടെ പ്രവൃത്തി വിശകലനം ചെയ്യുമ്പോള്‍ മുന്‍കാലങ്ങളിലെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ള മറ്റ് ചില സംഗതികള്‍ കൂടി ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തിലെ ഇസ്ലാമിക തീവ്രവാദം ഓരോ ഘട്ടം കടക്കുന്നതിന്റേതായ വ്യക്തമായ സൂചന അറിഞ്ഞോ അറിയാതെയോ ആ വിഭാഗത്തില്‍ നിന്നുതന്നെ സമൂഹത്തിന് ലഭിക്കാറുണ്ട്. വളരെ ഇടുങ്ങിയ ഇസ്ലാമിക മതമൗലികവാദത്തിലേക്ക് കേരളത്തിലെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങള്‍ ചുവടുവെച്ച തൊണ്ണൂറുകളില്‍ നാദാപുരം ഡിഫന്‍സ് ഫോഴ്സ് എന്ന പേരിലും മറ്റും ഈ കൂട്ടര് പ്രവര്‍ത്തനം ആരംഭിച്ച സമയം. ഇന്നത്തെ താലിബാന് മാതൃകയില്‍ (അന്ന് താലിബാന് പോലുമില്ല) സിനിമാശാലകള്‍ ഉള്‍പ്പെടെയുള്ള വിനോദോപാധികള്‍ അനിസ്ലാമികമാണെന്ന് പറഞ്ഞ് തൊണ്ണൂറുകളുടെ മധ്യത്തില്‍ മലബാറിലെ സിനിമാശാലകള്‍ വ്യാപകമായി അഗ്നിക്കിരയാക്കിയ സംഭവങ്ങള്‍ ഉണ്ടായത്. അന്നത്തെ ഭരണകൂടം വേണ്ടത്ര ഗൗരവം കൊടുക്കാതിരുന്നതിന്റെ ഫലമായി മുസ്ലിം സമുദായത്തിലെ സമാധാനകാംക്ഷികളായവരെ കൂടി പിന്തള്ളി കടുത്ത മതമൗലീകവാദത്തിന്റെ വക്താക്കളായ ചിലര്‍ ശക്തമായ പിന്തിരപ്പന്‍ മതനിയമങ്ങള്‍ വസ്ത്രധാരണത്തില്‍ ഉള്‍പ്പെടെ അടിച്ചേല്‍പ്പിച്ചതിനും കേരളം സാക്ഷിയായി. ഇതേത്തുടര്‍ന്ന് മുസ്ലിം വനിതകളുടെ വസ്ത്രധാരണ രീതികളിലുള്‍പ്പെടെ മതപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ദേഹം മുഴുവന്‍ മൂടുന്ന ബുര്‍ഖ ഇവിടുത്തെ മുസ്ലിം വനിതകള്‍ പൊതുവസ്ത്രമായി അണിയമെന്നുള്ള രഹസ്യ നിര്‍ദേശങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വന്നു. ഇതനുസരിക്കുവാന്‍ മുസ്ലിം സമുദായത്തിലെ നിഷ്പക്ഷമതികള്‍ കൂടി നിര്‍ബന്ധിതരായി.
അടുത്തപടിയായി ഇതര സമുദായങ്ങളില്‍പ്പെട്ടവരെ സാമൂഹികപരമായി ഉന്മൂലനം ചെയ്യണം എന്നുള്ള കടുത്ത തീവ്രവാദ സ്വഭാവത്തിലേക്ക് ഇക്കൂട്ടര്‍ തിരിഞ്ഞു. ഈ സമയത്താണ് കേരളത്തില്‍ തെരുവു നായ്ക്കളെ വെട്ടേറ്റു കൊല്ലപ്പെട്ട രീതിയില്‍ കാണപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ശത്രുക്കളെ വകവരുത്തുന്നതിനുള്ള പരിശീലനം എന്ന രീതിയില്‍ സംഗതി പിന്നീട് പുറത്തു വന്നു. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തില്‍ വലിയ കാര്യമല്ലെന്ന് തോന്നുന്ന ചില പ്രവര്‍ത്തികള്‍ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുമ്പോള്‍, അത് യഥാര്‍ത്ഥത്തില്‍ മറ്റു ചില ലക്ഷ്യങ്ങളോടുകൂടിയ പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് മുന്നോടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇസ്ലാമിക തീവ്രവാദം രൂക്ഷമാകുന്ന വിദേശരാജ്യങ്ങളില്‍ കുട്ടികളെ മുന്‍നിര്‍ത്തിയാണ് ഭീകരര്‍ അക്രമം അഴിച്ചുവിടുന്നത്.
കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റു വരുന്നവരേയും ഭാര്യയുമായി വാഹനത്തില്‍ യാത്ര ചെയ്യുന്നവരേയും മറ്റും അരുംകൊല ചെയ്യുന്ന ഇസ്ലാമിക തീവ്രവാദത്തിന് കഴിഞ്ഞ ഏതാനും കാലങ്ങളായി കേരളം സാക്ഷിയാവുകയാണ്. സ്വന്തം മതവിശ്വാസം പുലര്‍ത്തുന്നവരല്ലാത്തവരെയെല്ലാം അരുംകൊല ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ഹൂറിമാരും മദ്യപ്പുഴയും ലഭ്യമാകുമെന്ന് മതഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സ്വന്തം അണികളെ പ്രലോഭിപ്പിച്ച് ആയുധമെടുപ്പിച്ച് രംഗത്തിറക്കുന്ന മത തീവ്രവാദികള്‍, ഇവിടുത്തെ ഇതര മതസ്ഥര്‍ക്കു നേരെ ആയുധമാക്കുന്നത് പിഞ്ചു കുട്ടികളെ ആണോയെന്ന് സ്വഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ മുന്നണിയില്‍ നില്ക്കുന്നതായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഈ നയം-കൊച്ചു കുട്ടികളില്‍ പോലും മതവിദ്വേഷം കുത്തിവെച്ച് ഇതര മതസ്ഥരോട് വെറുപ്പും പകയും ദേഷ്യവും പുലര്‍ത്തുന്നവരായി വളര്‍ത്തുന്ന ഈ നടപടി ഇവിടുത്തെ ഹിന്ദു സമൂഹത്തിനും ക്രൈസ്തവ സമൂഹത്തിനും എതിരെ ഒരുക്കുന്ന പുതിയ ‘അസ്ത്രം’ ആണെന്ന് അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്ന മതേതര ഹിന്ദുവും ക്രിസ്ത്യാനിയും മണല്‍ക്കൂനയില്‍ തല പൂഴ്ത്തുന്ന ഒട്ടകപക്ഷിയായി ഇനിയും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: