തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ പദ്ധതി കൂടുതല്‍ ബസുകളിലേക്ക് നടപ്പാക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. ആദ്യം 30 ശതമാനം ബസുകളിലാണ് ഈ സംവിധാനം പരീക്ഷിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകളും ജില്ലകളിലെ പ്രധാന ഡിപ്പോകളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളുമാണ് ഇതിനായി തിരഞ്ഞെടുക്കുക.
മൂന്ന് ആഴ്ച മുന്‍പ് തിരുവനന്തപുരം-എറണാകുളം വാരാന്ത്യ സര്‍വീസുകളില്‍ ഈ മാതൃക വിജയകരമായി നടപ്പിലാക്കിയതോടെയാണ് കൂടുതല്‍ ബസുകളില്‍ ഈ രീതി പരീക്ഷിക്കുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഒരു സ്ഥലത്തേക്ക് പോകുന്ന സര്‍വീസുകളാകും ആദ്യ ഘട്ടത്തില്‍ ഇതിന് തിരഞ്ഞെടുക്കുന്നത്. വാരാന്ത്യ സര്‍വീസുകളില്‍ കൂടുതല്‍ യാത്രക്കാരും തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചും ടിക്കറ്റ് റിസര്‍വ് ചെയ്യുന്നവരാണ്. ഇത്തരം സര്‍വീസുകള്‍ നോണ്‍സ്റ്റോപ്പ് ആക്കി മാറ്റും. പ്രധാന ഡിപ്പോകളില്‍ മാത്രമാകും സ്റ്റോപ്പ് ഉണ്ടാവുക. ഡ്രൈവര്‍ തന്നെയാകും റിസര്‍വേഷന്‍ പരിശോധിച്ച് ടിക്കറ്റ് നല്‍കുന്നത്.
ഈ മാസം 750ഓളം ജീവനക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിക്കുന്നുണ്ട്. കണ്ടക്ടര്‍മാരുടെ എണ്ണം കുറയുന്നത് പരിഹരിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്കി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് മാറ്റും. ഈ സംവിധാനം വിജയിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് കുറച്ചെങ്കിലും നേട്ടം കൈവരിക്കാന്‍ കഴിയും. ഏതൊക്കെ റൂട്ടുകളില്‍ ഇത്തരം സര്‍വീസ് നടത്താനാകുമെന്ന് ഡല്‍ഹി ഇന്റഗ്രേറ്റഡ് മോഡല്‍ ട്രാന്‍സ്പോര്‍ട്ടിലെ വിദഗ്ധര്‍ പഠിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: