കോട്ടയം/ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മുതല്‍ ചിങ്ങവനം വരെയുള്ള ഇരട്ടപ്പാത കമ്മീഷന് ചെയ്യുന്നതിന് മുന്നോടിയായിട്ടുള്ള സുരക്ഷാ പരിശോധനയും, വേഗ പരിശോധനയും പൂര്‍ത്തിയായി. രണ്ടു ഘട്ടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയായത്. ആദ്യം മോട്ടോര്‍ ട്രോളി പരിശോധനയും തുടര്‍ന്ന് വേഗ പരിശോധനയും നടത്തി.
റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അജയ്കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. മഹാഗണപതിഹോമം ഉള്‍പ്പടെയുള്ള പ്രത്യേക പൂജകള്‍ കഴിഞ്ഞ് ആരതി ഉഴിഞ്ഞശേഷമാണ് ഏറ്റുമാനൂര്‍ സ്റ്റേഷന് സമീപം പാറോലിക്കല്‍ ലെവല്‍ക്രോസില്‍ നിന്നാണ് പരിശോധന ആരംഭിച്ചത്. പാളങ്ങളുടെയും ഇലക്ട്രിക് ലൈനുകളുടെയും ലെവല്‍ ക്രോസുകളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുന്നതിന് പുതിയ പാതയില്‍ കൂടി പ്രത്യേക മോട്ടോര്‍ ട്രോളിയില്‍ സഞ്ചരിച്ചായിരുന്നു പരിശോധന. പുതിയ പാതയിലൂടെ ഏഴ് മോട്ടോര്‍ ട്രോളികള്‍ ഉപയോഗിച്ച് പാറോലിക്കല്‍ നിന്നും കോട്ടയം റെയില്‍വേ സ്റ്റേഷന് വരെയും തുടര്‍ന്ന് മുട്ടമ്പലത്തു നിന്നും ചിങ്ങവനം വരെയുമാണ് പരിശോധന നടന്നത്.
ഉച്ചയ്ക്ക് ശേഷമായിരുന്നു വേഗ പരിശോധന. രണ്ട് ബോഗികളോടു കൂടിയ ട്രാക്ക് റെക്കോഡിങ് കാര്‍ 110 കിലോ മീറ്റര്‍ വേഗത്തില്‍ ഓടിച്ചായിരുന്നു പരിശോധന. പാറോലിക്കല്‍ നിന്നും കോട്ടയം വരെയും മുട്ടമ്പലം മുതല്‍ ചിങ്ങവനം വരെയുമായിരുന്ന വേഗ പരിശോധന നടന്നത്.
സുരക്ഷാ കമ്മീഷന് പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞ് സിഗ്നലുകള്‍ നവീകരിക്കും. ഇതിന്റെ ഭാഗമായി ഇന്നു മുതല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. സുരക്ഷാ പരിശോധനയുടെ മുന്നോടിയായി, കഴിഞ്ഞ ദിവസം പുതിയ പാതയില്‍ എന്ജിന് ഉപയോഗിച്ചു പരീക്ഷണ ഓട്ടം നടത്തിയിരുന്നു. പുതിയ പാലങ്ങള്‍ ഉള്‍പ്പെടെയുള്ള റൂട്ടില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നുവെന്നാണു റെയില്‍വേയുടെ വിലയിരുത്തല്‍.
പാതയില്‍ ഇന്നലെ നടന്ന പരിശോധന വളരെ പ്രധാനമാണെന്ന് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അഭയ്കുമാര്‍ റായി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ പരിശോധന സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. 28ന് മുമ്പ് ഏറ്റുമാനൂര്‍, കോട്ടയം സ്റ്റേഷനുകളിലെ ലിങ്ക് കണക്ട് ചെയ്യും. പിറ്റേന്നു മുതല്‍ പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിക്കാമന്നുള്ള പ്രതീക്ഷയാണ് റെയില്‍വേക്കുള്ളത്. ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്.പി.ജിങ്കാര്‍, റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ മുകുന്ദ് രാമസ്വാമി,കോട്ടയം റെയില്‍വേ സ്റ്റേഷന് മാനേജര്‍ ബാബുതോമസ്, ദക്ഷിണ മേഖല കണ്സ്ക്ക്ഷന് വിഭാഗം ചീഫ് എന്‍ജിനീയര്‍ ആര്. രാജഗോപാല്‍, ചീഫ് ബ്രിഡ്ജ് എന്‍ജിനീയര്‍ സുസ്മിത് സിംഗാള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: