ന്യൂദല്‍ഹി: രാജസ്ഥാന് റോയല്‍സിനെ ഐപിഎല്ലില്‍ പ്ലേ ഓഫിലേക്കെത്തിച്ച സഞ്ജു സാംസണ് സമൂഹമാധ്യമങ്ങളില്‍ വന്‍പിന്തുണയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കാന്‍ പോകുന്ന ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം ഇരമ്പുകയാണ്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റ്സ്മാന് രാഹുല്‍ ത്രിപാഠിയ്ക്കും സഞ്ജും സാംസണും അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെപ്പേര്‍ പോസ്റ്റ് പങ്കുവെയ്ക്കുകയാണ്. വിരാട് കോഹ്ലിയും ജസ്പ്രിത് ബുംറയും രോഹിത് ശര്‍മ്മയും വിശ്രമിക്കുന്ന പരമ്പര കൂടിയാണിത്. എന്നിട്ടും ഐപിഎല്ലില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ക്ക്-രാഹുല്‍ ത്രിപാഠിയ്ക്കും സഞ്ജും സാംസണും- അവസരം നല്‍കാത്തതില്‍ വലിയ വേദനയാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഗൗരവ് കപൂറിന് നല്കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് സഞ്ജു സാംസണ് നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. “കളിക്കാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ കളിയ്ക്കും. ഇല്ലെങ്കില്‍ ഞാനില്ല”- ഇതായിരുന്നു സഞ്ജുവിന്റെ ലളിതസുന്ദര മറുപടി. അടുത്ത വാചകമാണ് സഞ്ജു ആരാധകര്‍ക്ക് കൂടുതല്‍ ഹരമായത്- “ടീം ഇന്ത്യയ്ക്ക് വേണ്ടി വലിയൊരു ചലനം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതിന് വേണ്ടി ധാരാളം റണ്‍സെടുക്കുക എന്നതല്ല…പകരം ടീമിന് ഉപകാരപ്രദമാവുന്ന രീതിയില്‍ കുറച്ച് റണ്‍സെടുക്കുക എന്നതാണ്”- സഞ്ജു പറയുന്നു.
രാഹുല്‍ ദ്രാവിഡ് എന്ന പരിചയ സമ്പന്നനായ കളിക്കാരന് തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ വഹിച്ച പങ്കിനെക്കുറിച്ചും സഞ്ജു പറയുന്നു:” അദ്ദേഹത്തിന്റെ കീഴില്‍ നാല് വര്‍ഷം ഞാന്‍ ചെലവഴിച്ചു. ഈ നാളുകളില്‍ എനിക്കാവശ്യമായ എല്ലാം ഞാന്‍ ചോദിച്ചറിഞ്ഞു. പരിശീലനം കഴിഞ്ഞ് മുറിയിലെത്തിയാല്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞതെല്ലാം കുറിച്ചു വെയ്ക്കും”- സഞ്ജു സാംസണ് പറയുന്നു.
നിര്‍ഭാഗ്യവാനാണ് സഞ്ജുവെന്ന് സാംസൊണൈറ്റ് എന്ന ആരാധകന് കുറിയ്ക്കുന്നു. “2015ല്‍ ഒരു കളി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനായി. പിന്നെ അഞ്ച് വര്‍ഷത്തോളം സഞ്ജുവിനെ ഇന്ത്യ തഴഞ്ഞു. പക്ഷെ കഠിനാധ്വാനത്തിലൂടെ 2019ല്‍ തിരിച്ചുവന്നെങ്കിലും ബെഞ്ചിലിരിക്കാനായിരുന്നു യോഗം. പിന്നീട് 15 കളികളും ഒരു പരമ്പരയും കളിച്ചു. ഏറ്റവുമൊടുവില്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം വീണ്ടും തഴഞ്ഞു. ഇപ്പോഴും യാതൊരു പിന്തുണയോ സംരക്ഷണമോ ഇല്ല…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: