ന്യൂദല്‍ഹി: തനിക്ക് എതിരാളികളില്ലെന്ന് വീമ്പിളക്കിയ ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ രണ്ടാം തവണയും വീഴ്ത്തി ഇന്ത്യയുടെ 16കാരന് അത്ഭുത ബാലന് പ്രഗ്നനാനന്ദ. ചെസ്സബില് മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണ്ണമെന്റിലായിരുന്നു പ്രഗ്നനാനന്ദയുടെ വിജയം.
ഇതോടെ 2022ല്‍ രണ്ടാമത്തെ തവണയാണ് ഗ്രാന്റ് മാസ്റ്ററായ പ്രഗ്നനാനന്ദ മാഗ്നസ് കാള്സണ് എന്ന ലോകചാമ്പ്യനെ തോല്പിക്കുന്നത്. മൂന്ന് മാസത്തിനുള്ളിലാണ് പ്രഗ്നനാനന്ദയുടെ കാള്‍സനെതിരായ രണ്ടാം ജയം. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ചെസ് ടൂര്‍ണ്ണമെന്റിലാണ് 2022 ഫിബ്രവരിയില്‍ പ്രഗ്നാനന്ദ കാള്‍സണെ ആദ്യം തോല്പിച്ചത്.ടൂര്‍ണ്ണമെന്റിലെ ആറാം റൗണ്ടിലായിരുന്നു പ്രഗ്നനാനന്ദയുടെ വിജയം. സമനിലയിലേക്ക് നീങ്ങുകയായിരുന്നു കളി. എന്നാല്‍ 40ാം നീക്കത്തില്‍ കാള്സണ് ഒരു പിഴവ് വരുത്തി. 41ാം നീക്കത്തില്‍ കാള്സണ് അടിയറവ് പറഞ്ഞു.
ടൂര്‍ണ്ണമെന്റില്‍ പ്രഗ്നനാന്ദ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ക്വാര്‍ട്ടറില്‍ പ്രഗ്നനാനന്ദ ടൂര്‍ണ്ണമെന്റില്‍ ഇപ്പോള്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ചൈനയുടെ വെയ് യിയെ നേരിടും. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ നോക്കൗട്ടാണ്. തോറ്റവര്‍ പുറത്താവും. ഗ്രാന്റ് മാസ്റ്ററായ ഇന്ത്യന്‍ കളിക്കാരനായ 27കാരന് വിദിത് ഗുജറാത്തിയെ തോല്‍പ്പിച്ചതോടെയാണ് ക്വാര്‍ട്ടറിലേക്ക് പ്രഗ്നാനന്ദയ്ക്ക് വഴി തെളിഞ്ഞത്. ഇവരുടെ ഗ്രൂപ്പില്‍ നെതര്‍ലാന്റ്സിന്റെ അനീഷ് ഗിരി 29 പോയിന്റുകളോടെ മുന്നില്‍ നില്ക്കുന്നു. കാള്സണ് 28 പോയിന്റോടെ രണ്ടാം സ്ഥാനത്തും ചൈനയുടെ ഡിങ്ങ് ലിറന് 25 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തുമാണ്. പ്രഗ്നനാന്ദയും 25 പോയിന്റുകള്‍ നേടി നാലാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.
ടൂര്‍ണ്ണമെന്റില്‍ ഇപ്പോള്‍ ചൈനയുടെ വെയ് യിയാണ് ഒന്നാമത്. 16 പേരുണ്ടായിരുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യക്കാരായ പി.ഹരികൃഷ്ണയും വിദിത് ഗുജറാത്തിയും പുറത്തായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കയില്‍ നിന്നുള്ള ഗ്രാന്റ് മാസ്റ്ററായ അഭിമന്യു മിശ്ലയെയും പ്രഗ്നനാനന്ദ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: