മട്ടാഞ്ചേരി: ലക്ഷദ്വീപിന് സമീപത്തു നിന്ന് 1526 കോടി രൂപയുടെ 218 കിലോ ഹെറോയിന്‍ പിടിച്ച സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുക്കും. അഗത്തിക്ക് സമീപത്ത് നിന്നാണ് ഡിആര്‍ഐ-കോസ്റ്റ്ഗാര്‍ഡ് സംഘം ലഹരി പിടികൂടിയത്. അന്താരാഷ്ട്ര ബന്ധമുള്ള ലഹരി കടത്തായതിനാലാണ് എന്‍ഐഎയും റോയും ഏറ്റെടുക്കുന്നത്. കേസിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ഡിആര്‍ഐയില്‍ നിന്ന് ഇരു ഏജന്‍സികളും ആവശ്യപ്പെട്ടു.
ലഹരി കടത്തിയ ബോട്ടുകളും അവയിലെ മിക്ക തൊഴിലാളികളും തമിഴ്നാട് കുളച്ചല്‍ സ്വദേശികളായതിനാല്‍ സുരക്ഷ ഏജന്‍സികള്‍ ശനിയാഴ്ച കന്യാകുമാരി-നാഗര്‍കോവില്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി. പാകിസ്ഥാനില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിയത് എന്നതിനാല്‍ ഇതുവഴി ആയുധക്കടത്ത് നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. പിടികൂടിയ നാല് മലയാളികളും തമിഴ്നാട്ടുകാരുമടക്കമുള്ള 20 തൊഴിലാളികളെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
ലക്ഷദ്വീപ് കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്ത്തനമുണ്ടെന്നുള്ള സൂചനയെത്തുടര്‍ന്ന് ദ്വീപില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും നാവികസേനയുടെ പ്രത്യേക യൂണിറ്റും കോസ്റ്റ്ഗാര്‍ഡിന്റെ നിരീക്ഷണ സംവിധാനവും വിപുലീകരിച്ചു. വേണ്ടിവന്നാല്‍ കൂടുതല്‍ സുരക്ഷാഭടന്മാരെ നിയമിക്കും. ജനവാസമില്ലാത്ത ദ്വീപുകള്‍ കേന്ദ്രീകരിച്ച് തൊഴില്‍രഹിതരായ യുവാക്കളെ മുന്‍നിര്‍ത്തിയാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ സജീവമാകുന്നതെന്നും ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: