മുംബൈ: രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാജ് താക്കറെ. ദീര്‍ഘനാളായി അധികാരത്തില്‍ വന്നിട്ടും ഔറംഗബാദിന്റെ പേര് മാറ്റാന്‍ കഴിയാത്തത് ശിവസേന സര്‍ക്കാരിന്റെ കഴിവുകേടാണെന്നും രാജ് താക്കറെ വിമര്‍ശിച്ചു.
ലൗഡ് സ്പീക്കര്‍ പ്രശ്നത്തിലെ പ്രക്ഷോഭം തുടരുമെന്നും പള്ളികളില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ലൗഡ് സ്പീക്കറുകള്‍ പിടിച്ചെടുക്കുമെന്നും രാജ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം വളരുന്നതിന് പിന്നില്‍ ശിവസേനയുടെ മൃദു ഹിന്ദുത്വസമീപനമാണെന്നും രാജ് താക്കറെ കുറ്റപ്പെടുത്തി. ഔറംഗബാദില്‍ ഔറംഗസീബിന്റെ ശവകുടീരത്തില്‍ അസദുദ്ദീന്‍ ഒവൈസി സന്ദര്‍ശനം നടത്തിയതിനെയും രാജ് താക്കറെ വിമര്‍ശിച്ചു. എത്രയും വേഗം ഔറംഗബാദിന്റെ പേര് സംബാജിനഗര്‍ എന്നാക്കി മാറ്റാനും രാജ് താക്കറെ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. ഞായറാഴ്ച പുനെയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. പുനെയിലെ ഗണേഷ് കാലക്രീഡ മഞ്ചില്‍ ആയിരുന്നു റാലി. വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നു.
“മഹാരാഷ്ട്രക്കാരുടെയും ഹിന്ദുത്വയുടെയും പേരില്‍ പോരാടാന്‍ മുന്നിലാണ് തന്റെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയെന്നും അതേ സമയം ശിവസേന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒന്നും മിണ്ടുന്നില്ല. ഇത്തരം സമരങ്ങളുടെ പേരില്‍ ശിവസേന മുഖ്യമന്ത്രിയുടെ പേരില്‍ ഒരു കേസെങ്കിലുമുണ്ടോ?”- രാജ് താക്കറെ പരിഹസിച്ചു.
ജൂണ്‍ അഞ്ചിന് അയോധ്യ സന്ദര്‍ശിക്കാനിരുന്നതാണെങ്കിലും രാജ് താക്കറെ ആ സന്ദര്‍ശനം മാറ്റിവെച്ചു. ഉത്തര്‍പ്രദേശിലെ ബിജെപി എംപി ബ്രിജ് ഭൂഷണ് സിങ്ങിന്റെ വിമര്‍ശനം കാരണമാണ് രാജ് താക്കറെ അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചത്. 2008ല്‍ മഹാരാഷ്ട്രയില്‍ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷാ കേന്ദ്രങ്ങള്‍ രാജ് താക്കറെയുടെ പാര്‍ട്ടി അംഗങ്ങള്‍ ആക്രമിച്ചിരുന്നു. ഇതിന് മാപ്പ് പറഞ്ഞില്ലെങ്കില്‍ അയോധ്യയിലേക്ക് കടത്തില്ലെന്നായിരുന്നു ബ്രിജ് ഭൂഷണ് സിങ്ങിന്റെ താക്കീത്. ഇതിനെ തുടര്‍ന്നാണ് രാജ് താക്കറെ അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചത്. ഞായറാഴ്ച പൂനെ റാലിയില്‍ തന്റെ അയോധ്യ സന്ദര്‍ശനത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് രാജ് താക്കറെ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: