കാന്‍ബെറ: പ്രധാനമന്ത്രി പദത്തിലിരുന്ന ഇന്ത്യയുടെ സുഹൃത്തായ സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്തേക്ക്.
ആസ്ത്രേല്യയിലെ ദേശീയ തെരഞ്ഞെടുപ്പില്‍ സ്കോട്ട് മോറിസന്റെ ലിബറല്‍-നേഷണല്‍ സഖ്യകക്ഷി തോറ്റു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ ആന്റണി ആല്‍ബനീസ് അടുത്ത പ്രധാനമന്ത്രിയാകും. ഇദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിക്കാണ് വിജയം. ക്വാഡിന് പുറത്ത് ഇന്ത്യയും ആസ്ത്രേല്യയും തമ്മില്‍ ഒപ്പുവെച്ച വിപുലമായ വ്യാപാരക്കരാര്‍ സ്കോട്ട് മോറിസന്റെ ഭരണകാലത്താണ് ഉണ്ടായത്. കടുത്ത ചൈന വിരോധിയുമായിരുന്നു സ്കോട്ട് മോറിസണ്‍. അമേരിക്ക, ഇന്ത്യ, ജപ്പാന്, ആസ്ത്രേല്യ ഉള്‍പ്പെട്ട ക്വാഡ് എന്ന ചതുര്‍രാഷ്ട്ര ഗ്രൂപ്പിന് രൂപം നല്‍കിയതില്‍ സ്കോട്ട് മോറിസണ്‍ പങ്കുണ്ട്. പ്രധാനമായും ചൈനയുടെ അധിനിവേശം ഇന്തോ-പസഫിക്കില്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍.
2013ന് ശേഷം ഇതാദ്യമായാണ് ലേബര്‍ പാര്‍ട്ടി വിജയിക്കുന്നത്. ഇതോടെ സ്കോട്ട് മോറിസന്റെ കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. പുതിയ സര്‍ക്കാര്‍ സ്ത്രീകളുടെ പ്രശ്നങ്ങളിലും അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
തോല്‍വി സമ്മതിച്ച സ്കോട്ട് മോറിസണ്‍ തെരഞ്ഞെടുപ്പില്‍ വിജയിയായ എതിരാളി ആന്റണി ആല്‍ബനീസിനെ അഭിനന്ദിച്ചു. ആകെയുള്ള 151 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 72 സീറ്റുകള്‍ നേടി. സ്കോട്ട് മോറിസണന്റെ ലിബറല്‍-നേഷണല്‍ സഖ്യകക്ഷി 52 സീറ്റുകള്‍ നേടി. ബാക്കി സീറ്റുകള്‍ മൂന്നാം മുന്നണിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: