മട്ടാഞ്ചേരി: ‘രാജ്യസുരക്ഷയ്‌ക്കുതന്നെ ഭീഷണിയാവുന്ന തരത്തില്‍ ആഗോള മയക്കുമരുന്നു കടത്തിന്റെ ഹബ്ബായി മാറുന്നു ലക്ഷദ്വീപ്. ബുധനാഴ്ച 1526 കോടി വില വരുന്ന 218 കിലോ ഹെയ്‌റോയിന്‍ പിടിച്ചത് ഈ ‘ശാന്തമായ ദ്വീപി’ന്റെ തീരത്തുനിന്നാണ്.
ദ്വീപ് അത്ര ശാന്തമല്ലല്ലോ എന്ന സംശയം കേന്ദ്ര ഏജന്‍സികള്‍ക്കു ജനിച്ചിട്ടു വര്‍ഷങ്ങളായിരുന്നു. എന്നാല്‍, 2020 നവംബറില്‍ 120 കിലോ ഹെറോയിനുമായി മത്സ്യ ബന്ധനബോട്ട് പിടികൂടിയതോടെയാണ് സന്ദേഹങ്ങള്‍ സ്ഥിരീകരിച്ചത്. 2021 മാര്‍ച്ച് 5 ന് 200 കിലോ മയക്ക് മരുന്നുകൂടി പിടികൂടി. 2021 മാര്‍ച്ച് 18 ന് 300 കിലോ ഹെറോയിനും അഞ്ച് എകെ 47 റൈഫിളും 1000 വെടിയുണ്ടകളും പിടികൂടി. 2021 ഏപ്രില്‍ 19ന് നാവിക സേനയുടെ ഐഎന്‍എസ് സുവര്‍ണ 3,000 കോടി രൂപയുടെ 300 കിലോ മയക്കുമരുന്നും പിടികൂടിയിരുന്നു.
നാവിക സേനയും തീരസേനയും നടത്തിയ റെയ്ഡുകളില്‍ കഴിഞ്ഞ ഒന്നരക്കൊല്ലത്തിനകം 1,140 കിലോ ഹെറോയിന്‍, ഏകെ 47 തോക്കുകള്‍, വെടിയുണ്ടകളും 6000 കിലോയിലേറെ കടല്‍വെള്ളരിയുമാണ് പിടിച്ചെടുത്തത്. മയക്ക് മരുന്ന്, കടല്‍ വെള്ളരി, ആയുധക്കടത്ത് സംഘങ്ങളുടെ കൈമാറ്റ കേന്ദ്രമാണു ലക്ഷദ്വീപെന്നാണു സുരക്ഷ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
മുപ്പത്താറു ദ്വീപുകളുള്ള ലക്ഷദ്വീപ് സമൂഹത്തില്‍ പത്ത് ദ്വീപുകളിലാണ് ജനവാസമുള്ളത്. ജനവാസമില്ലാത്ത ഏഴു വലിയ ദ്വീപുകളുണ്ട്. ഇവിടങ്ങളാണ് അന്താരാഷ്‌ട്ര കള്ളക്കടത്ത് സംഘങ്ങളുടെ കൈമാറ്റ കേന്ദ്രങ്ങള്‍. അന്താരാഷ്‌ട്ര കപ്പല്‍ ചാലിനോട് സാമീപ്യമുള്ളവയായതിനാല്‍ കള്ളക്കടത്ത് സംഘങ്ങള്‍ക്കിത് ഏറെ സൗകര്യപ്രദവുമാണ്. ദുബായ് – ശ്രീലങ്ക- ചൈന – പാകിസ്ഥാന്‍ കേന്ദ്രീകൃത സംഘങ്ങളുടെ നിയന്ത്രണത്തിലാണ് ഈ താവളങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: