ചെന്നൈ : മാതാപിതാക്കളാണെന്ന അവകാശവാദമുന്നയിക്കുന്ന മധുര സ്വദേശികളായ ദമ്പതികള്‍ക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് ധനുഷ്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകനാണ് നോട്ടീസയച്ചത്. 10 കോടി രൂപയാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ധനുഷിനെതിരെ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തെറ്റാണ്. അതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും അഭിഭാഷകന് ദമ്പതിമാര്ക്കയച്ച നോട്ടീസില്‍ പറയുന്നുണ്ട്. ഇരുവരും നല്കിയ വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദമ്പതികളുടെ ആരോപണങ്ങള്‍ വ്യാജമാണെന്നും ഇരുവരും പത്രക്കുറിപ്പ് ഇറക്കണമെന്നും മാപ്പ് പറയണമെന്ന് ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ ദൈനംദിന ചെലവുകള്‍ക്ക് താരം പണം നല്‍കുന്നില്ല. പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും, നിരവധി തവണ നേരിട്ട് കാണാന്‍ ശ്രമിച്ചെങ്കിലും താരം അതിന് തയ്യാറാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെ തുടര്‍ന്ന നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഇതോടെ ധനുഷിന്റെ ഐഡന്റിറ്റി മാര്‍ക്ക് മെഡിക്കല്‍ വെരിഫിക്കേഷനും ജനന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടര്‍ന്ന് ഏപ്രില്‍ 22 ന് കേസ് കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: