കൊച്ചി : വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചുള്ള പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പി.സി. ജോര്‍ജ് കോടതിയെ സമീപിച്ചതെങ്കിലും കേസ് പരിഗണിച്ച എറണാകുളം സെഷന്‍സ് കോടതി ഹര്‍ജി തള്ളുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിലെ പ്രസംഗത്തിനും പി.സി. ജോര്‍ജിനെതിരെ മതവിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കേസെടുത്തിരുന്നു. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും അതിനുശേഷം വെണ്ണലയില്‍ നടന്ന പരിപാടിക്കിേേടയും മത വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയെന്ന് ആരോപിച്ച് കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തെങ്കിലും അറസ്റ്റു നടപടിയിലേക്കു നീങ്ങിയിരുന്നില്ല.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ എറണാകുളം സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കും. ഹൈക്കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പി.സി.ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ പി.സി. ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ് അറിയിച്ചു. ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം കോടതിയുടെ ഉത്തരവ് വന്നശേഷമാകും നടപടി സ്വീകരിക്കുക. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: