ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. മാധ്യമപ്രവര്ത്തകന് ജോയ് വര്‍ഗീസിന്റെ ഓര്‍മ്മ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങിലും തുടര്‍ന്ന് തന്റെ പ്രസംഗത്തെ കുറിച്ച് വിശദീകരിച്ച ഫെയ്സ് ബുക്ക് കുറിപ്പിലും പൊതുമരാമത്ത് വകുപ്പിന് അടുത്ത കാലത്ത് സംഭവിച്ച വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. പൊതുമരാമത്ത് വകുപ്പ് തന്നെ റോഡുകള്‍ നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുവെന്നാണ് സുധാകരന്, ജോയ് വര്‍ഗീസ് അനുസ്മരണ ചടങ്ങില്‍ കുറ്റപ്പെടുത്തിയത്.
കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിത്. താനുള്ളപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ല. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവരാണ് മഹാന്മാരെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഇതു വിവാദമായതോടെ താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി ഫെയ്സ് ബുക്ക് കുറിപ്പിലും വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണുള്ളത്. ആലപ്പുഴ ടൗണിലെ മികച്ച നിലയിലുള്ള പൊതുമരാമത്ത് റോഡുകള്‍ ഇരുഭാഗവും വെട്ടിപൊളിച്ച് റോഡുകളില്‍ പതിപ്പിച്ചിരുന്ന സ്റ്റഡുകള്‍ തകര്‍ത്ത് ഇപ്പോള്‍ നടക്കുന്ന പൈപ്പിടലിനെ കുറിച്ചാണ് സംസാരിച്ചത്. കൈതവന മുതല്‍ തുമ്പോളി വരെ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് 18 കോടി രൂപ മുടക്കി നിര്‍മിച്ച റോഡും വെട്ടിപൊളിച്ച് കഴിഞ്ഞു. ടാര്‍ ഭാഗം പൊളിക്കാതെ മണ്ണ് ഭാഗമാണ് പൊളിക്കേണ്ടത.
എന്നാല്‍ കോണ്‍ട്രാക്ടറും മേല്‍നോട്ടം വഹിക്കേണ്ട പ്രാദേശിക ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ചട്ടം ലംഘിക്കുകയാണ്. ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരോധിച്ചിരുന്നു. പുതിയ സര്‍ക്കാരിന്റെ കാലത്തും ഇതിന് അനുവാദമില്ല. ഇതുപോലുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് സുധാകരന് വിശദീകരിക്കുന്നു.
സിപിഎമ്മിന്റെ രേഖകളില്‍ തന്നെ പ്രത്യയശാസ്ത്ര കാര്യങ്ങളില്‍ ചില കേഡര്മാരില് ഉണ്ടാകുന്ന കുറവുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പരിഹരിക്കാനുള്ള നടപടികള്‍ പാര്‍ട്ടി എടുത്തിട്ടുമുണ്ട്. സാമൂഹ്യ നന്മയ്ക്ക് വേണ്ടിയുള്ള തികച്ചും സദുദ്ദേശപരമായ അഭിപ്രായങ്ങളാണ് ഉണ്ടായത്. അത് മനസ്സിലാക്കാതെ പോയത് ദൗര്‍ഭാഗ്യകരമാണ്. ദുര്‍വ്യാഖ്യാനങ്ങള്‍ വഴി അസംബന്ധ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും സുധാകരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: