ഗ്രീഷ്മ എം.നായര്‍
ആതുരസേവന മേഖലയിലെ രാജ്യത്തിന്റെ പരമോന്നത പുരസ്കാരം ലഭിച്ചതിലുള്ള ആഹ്ലാദത്തിലാണ് കോട്ടയം കിടങ്ങൂര്‍ വൈക്കത്തുശേരില്‍ ഷീലാ റാണി. പുരസ്കാരം തന്റെ ഉത്തരവാദിത്വങ്ങള്‍ കൂട്ടിയിരിക്കുകയാണെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്.
ആതുര സേവനരംഗത്തെ മികച്ച നഴ്സിങ് പ്രവര്‍ത്തനങ്ങള്‍ക്ക് നല്കപ്പെടുന്നതാണ് ~ോറന്‍സ് നൈറ്റിംഗേല്‍ പുരസ്കാരം. ഇതിനൊപ്പം പാലിയേറ്റീവ് വിഭാഗത്തെക്കൂടി ഉള്‍പ്പടുത്തിയത് ഇത്തവണയാണ്. ആദ്യമായി പരിഗണിക്കപ്പെട്ടപ്പോള്‍ തന്നെ രാജ്യം ശ്രദ്ധിക്കുന്ന വിജയവും ഒരു മലയാളിയിലൂടെ പാലിയേറ്റീവിന് ലഭ്യമായി.
കൂടല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 12 വര്‍ഷമായി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് ഷീലാ റാണി. ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും വലിയ പ്രചോദമാണ് ഷീലാറാണിയിലൂടെ കേരളത്തിന് ലഭ്യമായ ഈ പുരസ്കാരം.
- രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പ്രൈമറി പാലിയേറ്റീവ് കെയര്‍ നഴ്സ് ഈ ഒരു അവാര്‍ഡിന് അര്‍ഹയാകുന്നത്. എന്ത് തോന്നുന്നു ഈ അവസരത്തില്‍?
അവാര്‍ഡ് ലഭിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു. പ്രത്യേകിച്ച് പ്രൈമറി പാലിയേറ്റീവ് വിഭാഗത്തില്‍ നിന്ന് കൂടിയാകുമ്പോള്‍. എനിക്ക് ലഭിച്ചിരിക്കുന്ന ഈ അംഗീകാരം ശരിക്കും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നതാണ്. ആദ്യമായിട്ടാണ് പാലിയേറ്റീവ് യൂണിറ്റില്‍ നിന്നും ~ോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ലഭിക്കുന്നത്. അത് എനിക്ക് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. പഞ്ചായത്തിന്റെ കീഴില്‍ ഒരു വോളന്റിയറി വര്‍ക്കുപോലെ ചെയ്യുന്ന ജോലിയാണ് ഇത്. എന്നെപ്പോലെ ഒരാള്‍ക്ക് ഈ ബഹുമതി ലഭിക്കുന്നതില്‍ വളരെയധികം സന്തോഷത്തിലാണ്.
- പാലിയേറ്റീവ് കെയര്‍ നഴസിംഗും, ഹോസ്പ്പിറ്റല്‍ നഴ്സിംഗും തമ്മിലുള്ള പ്രധാന വ്യത്യാസം?
പാലിയേറ്റീവ് നഴ്സും ആശുപത്രി നഴ്സും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ആശുപത്രിയില്‍ ചികിത്സക്കായി വരുന്ന ഒരു രോഗിയുടെ ചുറ്റുപാടുകള്‍ ഒരു നഴ്സിന് അറിയില്ല. ആശുപത്രിയില്‍ അഡ്മിറ്റായാല്‍ മാത്രം അടുക്കുന്നവരാണ് ആശുപത്രി നഴ്സുമാര്‍. എന്നാല്‍ പാലിയേറ്റീവ് കെയറില്‍ നഴ്സുമാര്‍ അങ്ങനെയല്ല. വീടുകളില്‍ ചികിത്സിക്കാന്‍ ചെന്നാല്‍ ആ വീട്ടിലെ സാഹചര്യങ്ങള്‍ എല്ലാം നമുക്ക് മനസ്സിലാകും. നിരീക്ഷണ ബുദ്ധിയുള്ളവരാണ് പാലിയേറ്റീവ് നഴ്സുമാര്‍. ഒരു വീട് കണ്ടാല്‍ ആ വീട്ടിലെ എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് കണ്ടുപിടിക്കാന്‍ പാലിയേറ്റീവ് നഴ്സുമര്‍ക്ക് കഴിവുണ്ട്. ആ രോഗിയുടെ വീടിന്റെ അന്തരീക്ഷം, രോഗിയെ നല്ലതുപോലെ നോക്കുന്നുണ്ടോ എന്നൊക്കെ നമുക്ക് നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ആശുപത്രി നഴ്സുമാര്‍ക്ക് അതിന് സാധിക്കില്ല.
- ഈ ഒരു അവാര്‍ഡിന് താങ്കളെ അര്‍ഹയാക്കാന്‍ വഴിയൊരുക്കിയ കാരണങ്ങള്‍?
ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഒരു ദിവസം പത്ത് വീടുകള്‍ ഞങ്ങള്‍ കയറും. ചില ദിവസങ്ങളില്‍ അതില്‍ കുറച്ച് വീടുകളില്‍ കയറാനെ സാധിക്കാറുള്ളൂ. ഒരു വീട്ടില്‍ കയറിയാല്‍ പെട്ടെന്ന് പോരുവാന്‍ സാധിക്കുന്നതല്ല. ആ വീട്ടിലെ രോഗിയെ വൃത്തിയാക്കുക, അവര്‍ക്ക് മരുന്നുകള്‍ കൊടുക്കുക, ഭക്ഷണം കൊടുക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. കൂടാതെ രോഗിയുടെ വീട്ടുകാര്‍ക്ക് എങ്ങനെ രോഗിയെ പരിചരിക്കണമെന്ന് ക്ലാസ്സ് നല്‍കുകയും ചെയ്യുന്നുണ്ട്. കിടപ്പ് രോഗികളോട് അവരുടെ അടുത്തിരുന്ന് കൈപിടിച്ച് സംസാരിക്കുമ്പോള്‍ അവര്‍ക്ക് ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും ഒക്കെയാണ് ലഭിക്കുന്നത്. ആ ഒരു സ്നേഹം അവര്‍ക്ക് എപ്പോഴും ഞങ്ങള്‍ കൊടുക്കുന്നുണ്ട്. അതുകൂടാതെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ധനസഹായം, വസ്ത്രങ്ങള്‍ എന്നിവ നല്‍കുകയും ചെയ്യുന്നുണ്ട്.
- കിടങ്ങൂര്‍ പഞ്ചായത്തിന് പുറമെ ഏവിടെയൊക്കെയാണ് പ്രവര്‍ത്തനം മേഖല?
കിടങ്ങൂര്‍ കൂടാതെ മറ്റ് ഏറ്റുമാനൂര്‍, അയര്‍ക്കുന്നും പഞ്ചയാത്തുകളില്‍ പ്രവര്‍ത്തനത്തിന് പോകുന്നതിനുപരി അവിടെയുള്ള പാലിയേറ്റീവ് മെമ്പേഴ്സിന് ക്ലാസ്സ് എടുത്ത് നല്കുന്നു. പിന്നെ സുഹൃത്തുക്കള്‍ വിളിച്ച് പറയുമ്പോള്‍ ചില വീടുകള്‍ സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. ഓണ്‍ലൈന്‍ ആയും ഓഫ് ലൈനായും ക്ലാസ്സുകളും എടുത്ത് കൊടുക്കാറുണ്ട്.
- കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ കഷ്ടടത അനുഭവിച്ച വിഭാഗമായിരുന്നു നഴ്സുമാരുടേത്. അക്കാലത്ത് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു.
കൊവിഡ് കാലത്തെ കഷ്ടതകള്‍ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. അത്രത്തോളം വിഷമകരമായിരുന്നു. വീടുകള്‍ സന്ദര്‍ശിക്കുന്നതിലാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വന്നത്. കൊവിഡ് രൂക്ഷമായ സമയത്ത് ഹോം കെയര്‍ ഡ്യൂട്ടി കുറച്ചിട്ട് ആന്റിജെന്‍ ടെസ്റ്റ് എടുക്കുന്നതിനായി പോകുമായിരുന്നു ആശുപത്രിക്കാരുടെ കൂടെ. ഓരോ വീടുകള്‍ സന്ദര്‍ശിക്കുന്നതിന്റെ റിപ്പോര്‍ട്ട് ബുക്കും ഉണ്ടായിരുന്നു. അന്ന് എന്തൊക്കെ ചെയ്തു എന്നത് ആ ബുക്കില്‍ നമ്മള് എഴുതിവയ്ക്കണം. കൊവിഡ് ബാധിച്ച വീടുകളില്‍ മരുന്നുകള്‍ എത്തിക്കുക, ആവശ്യമായ സാധനങ്ങള്‍ എത്തിക്കുക എന്നിവ കൊവിഡ് സമയങ്ങളില്‍ ചെയ്തിരുന്നു.
- പുരസ്കാരത്തിന് ശേഷം പുതിയതായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളായി തന്നെ മുന്നോട്ട് പോകും. പാലിയേറ്റീവ് കെയറിനെ കുറിച്ച് കൂടുതല്‍ ക്ലാസുകള്‍ നല്‍കും. ഒരു പഞ്ചായത്തില്‍ കൂടുതല്‍ ഹോം കെയറുകള്‍ വരാന്‍ ആഗ്രഹിക്കുന്നു. അതിലൂടെ കൂടുതല്‍ വീടുകള്‍ നമുക്ക് സന്ദര്‍ശിക്കാന്‍ സാധിക്കും.
- ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന മേഖലയാണ് നഴ്സിങ് മേഖല. പ്രത്യേകിച്ച്, സ്വകാര്യ ആശുപത്രികളില്‍
അവരോട് പറയാനുള്ളത്, നഴ്സിങ് മേഖലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ ഒരിക്കലും പൈസ നോക്കി ജോലി ചെയ്യരുത്. സേവന മനഃസ്ഥിതിയോടെ മാത്രം ചെയ്യുക. പൈസ മാത്രം ആഗ്രഹിച്ച് ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പറ്റത്തില്ല. നഴസിങ് തെരഞ്ഞെടുത്ത എല്ലാവരും ദൈവത്തിന്റെ അംശമാണ്. അതുകൊണ്ടുതന്നെ നമ്മള് ചെയ്യുന്നത് സേവനം മത്രമാണെന്ന് കാണുക.
- പികെവി ലൈബ്രറിയുടെ സെക്രട്ടറി കൂടിയാണ് താങ്കള്‍. ലൈബ്രറിയും സാന്ത്വന പ്രവര്‍ത്തനങ്ങളും തമ്മില്‍ എന്തെങ്കിലും ബദ്ധമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. കുട്ടികള്‍ മാത്രമല്ല ലൈബ്രറിയില്‍ എത്തിച്ചേരുന്നത്. അവിടെ വയോജനങ്ങളുടെ ഒരു കൂട്ടായ്മ തന്നെയുണ്ട്. വനിതകളുടെ കൂട്ടായ്മയും ബാലവേദിയും ഉണ്ട്. ഈ കൂട്ടായ്മയില്‍ നിന്നെല്ലാം സഹായങ്ങള്‍ ലഭിക്കാറുണ്ട്. സ്നേഹ സാന്ത്വനം എന്ന ട്രസ്റ്റ് ലൈബ്രറിയില്‍ നടത്തുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതാണ് ട്രസ്റ്റിന്റെ മുഖ്യപ്രവര്‍ത്തനം. പിന്നെ കിടപ്പ് രോഗികള്‍ക്ക് പുസ്തകങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കിയിരുന്നു. കുട്ടികള്‍ വിഷു, ഓണം പോലുള്ള പരിപാടികളില്‍ വിഷുകിറ്റ് വീടുകളില്‍ കൊടുത്ത് വരുന്നുണ്ട്.
- ലൈബ്രറി ജോലിയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനവും എങ്ങനെയാണ് ഒന്നിച്ച് കൊണ്ടുപോകുന്നത്.
ലൈബ്രറിയില്‍ കോര്‍ഡിനേഷന്‍ മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ബാക്കി കാര്യങ്ങള്‍ എല്ലാ നോക്കുന്നത് ലൈബ്രറേറിയനാണ്. റിപ്പോര്‍ട്ടുകള്‍ എല്ലാം എഴുതുന്നത് അവരാണ്. സെക്രട്ടറിയായ ഞാന്‍ ഒപ്പിട്ട് കൊടുക്കുക മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ.
- ഇനി എന്താണ് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍?
ഇങ്ങനെ തന്നെ മുന്നോട്ട് പോകുക. എന്നെക്കൊണ്ട് ആവുന്ന രീതിയില്‍ എല്ലാം പ്രവര്‍ത്തിക്കുക. മാതാപിതാക്കളെ നോക്കുക. കൂടെ കുടുംബകാര്യങ്ങളും. വീട്ടില്‍ നിന്ന് കിട്ടുന്ന പിന്തുണയാണ് എന്റെ ആത്മധര്യവും ശക്തിയും. ഇനിയും കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: