ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദിലെ ഹിന്ദുവിഗ്രഹങ്ങലെ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടായത് ഹിന്ദുസ്ത്രീകളായ പരാതിക്കാര്‍ക്ക് ആശ്വാസമായ വിധി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്.
ശിവലിംഗം കണ്ടെത്തിയ ഭാഗം മുദ്രവെച്ച നടപടി റദ്ദാക്കണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അതുപോലെ ഗ്യാന്‍വാപി മസ്ജിദില്‍ വീഡിയോ സര്‍വ്വേ നടത്തിയ നടപടി റദ്ദാക്കണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി. ഈ രണ്ട് വിധികളും പരാതിക്കാരായ അഞ്ച് ഹിന്ദു സ്ത്രീകള്‍ക്ക് അനുകൂലമായവയാണ്.
കേസില്‍ അന്തിമവിധി പറയേണ്ട ചുമതല വാരണസി ജില്ലാ കോടതിയ്ക്ക് കൈമാറിക്കൊണ്ടും സുപ്രീംകോടതി ഉത്തരവായി. നേരത്ത വാരണസി സിവില്‍ കോടതിയാണ് കേസില്‍ വാദം കേട്ടിരുന്നത്. മസ്ജിദിന്റെ വീഡിയോ ചിത്രീകരണം നടത്തിയ ശേഷം കമ്മീഷന് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അതീവരഹസ്യമായിരിക്കണമെന്നും അത് മാധ്യമങ്ങളില്‍ ചോരാതിരിക്കാന്‍ ഉറപ്പുവരുത്താനും ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. മാത്രമല്ല, വാരണസി സിവില്‍ ജഡ്ജിയുടെ കഴിവ് കേടുകൊണ്ടല്ല ജില്ലാ ജഡ്ജിക്ക് കേസ് വിടുന്നതെന്നും കേസിന്റെ സങ്കീര്‍ണ്ണതകളും അതിവൈകാരിക സ്വഭാവവും കണക്കിലെടുത്താണ് ഒരു സീനിയര്‍ ജുഡീഷ്യല്‍ ഓഫീസര്‍ കേസ് കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയതുകൊണ്ടാണ് ഈ നടപടിയെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. യാതൊരു നിയന്ത്രണവുമില്ലാതെ മസ്ജിദിനകത്തെ ഹിന്ദു ദൈവങ്ങളെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ വാദം വാരണസി ജില്ലാ ജഡ്ജി പരിശോധിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
മസ്ജിദില്‍ ഹിന്ദു വിഗ്രഹങ്ങളുണ്ടോ എന്ന് കണ്ടെത്താന്‍ വീഡിയോ സര്‍വ്വേ നടത്താന്‍ സിവില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കാതിരുന്നത് ഹിന്ദു പരാതിക്കാര്‍ക്ക് വലിയ ആശ്വാസമായി. ഈ സര്‍വ്വേയിലാണ് മസ്ജിദിനുള്ളില്‍ ശിവലിംഗമുണ്ടെന്ന് കണ്ടെത്തിയത്. സിവില്‍കോടതിയുടെ ഉത്തരവുകള്‍ റദ്ദാക്കണമെന്ന മുസ്ലിം വിഭാഗം അഭിഭാഷകന് അഹ്മദിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഈ കേസിന്റെ വിധി രാജ്യത്തുടനീളമുള്ള നാലോ അഞ്ചോ പള്ളികളെ ബാധിക്കുമെന്നും അത് പിന്നീട് 1991ലെ ആരാധനാലയ നിയമം എടുത്തുമാറ്റണമെന്ന ആവശ്യം ഉയര്‍ത്തപ്പെടുമെന്നും മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകന് ഹുസേഫ അഹ്മദി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: