മങ്കൊമ്പ്: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ നെല്ല് കൊയ്തെടുക്കാന്‍ കഴിയാത്തത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. ജില്ലയില്‍ ഒരാഴ്ചക്കുള്ളില്‍ 2,000 ഹെക്ടറിലെ നെല്ല് പൂര്‍ണമായും നശിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 6,000 ഹെക്ടര്‍ നിലത്തെ നെല്‍കൃഷി കൊയ്തെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അതേ സമയം കാലവര്‍ഷം കൂടിയെത്തുന്നതോടെ കൂടുതല്‍ നഷ്ടമുണ്ടാകുന്ന ഭീതിയിലാണ് കര്‍ഷകര്‍.
സംഭരിക്കുന്ന നെല്ലിന് മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നു. വേനല്‍മഴയില്‍ നനഞ്ഞ നെല്ല് സംഭരിക്കുന്നതിനാലാണ് കിഴിവിന്റെ പേരില്‍ മില്ലുകാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. നെല്ലിലെ ഈര്‍പ്പം, കറവല്‍ എന്നിവയുടെ പേരിലാണ് മില്ലുകാരുടെ ചൂഷണം. ഒരു ക്വിന്റല്‍ നെല്ല് സംഭരിക്കുമ്പോള്‍ 10 മുതല്‍ 15 കിലോ വരെ കിഴിവ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
നിലംപൊത്തിയ നെല്ല് കൊയ്തെടുക്കാന്‍ കഴിയ തരത്തില്‍ കിളിര്‍ത്തു തുടങ്ങിയത് കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. കിഴിവിനെ ചൊല്ലി മില്ലുടമകളും കര്‍ഷകരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നെല്ല് സംഭരണം മന്ദഗതിയിലായതും പ്രതിസന്ധിയാകുന്നു. ഒരു ക്വിന്റല്‍ നെല്ലിന് 15 കിലോ വരെ കിഴിവ് വേണമെന്നാണ് മില്ലുടമകള്‍ ആവശ്യപ്പെടുന്നത്. പ്രശ്നത്തിന് പരിഹാരമാകാത്ത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാടശേഖരങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നനഞ്ഞ് നശിച്ചുപോകുമെന്ന ആശങ്കയിലാണ് കര്‍ഷകരിപ്പോള്‍.
മില്ലുകാരുടെ ഏജന്റുമാരാണ് സംഭരണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം. ജില്ലാ തലത്തില്‍ കലക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അംഗങ്ങളായ മോണിട്ടറിങ് സമിതി രൂപീകരിച്ചെങ്കിലും ജില്ലാ തല സമിതിക്ക് പ്രാദേശികമായി ഇടപെടല്‍ നടത്താനാകില്ല. കൃത്യമായ നഷ്ടം തിട്ടപ്പെടുത്താനും ഫലപ്രദമായി ഇടപെടാന്‍ പഞ്ചായത്ത് തലത്തില്‍ സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: