കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നതായി സൂചനയെന്ന് സകൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേരള പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്പോര്‍ട്ട് റദ്ദാക്കിയ സാഹചര്യത്തില്‍ വിജയ് ബാബുവിന് വിദേശരാജ്യത്ത് തങ്ങാന്‍ സാധിക്കില്ല. ഏത് രാജ്യത്താണെങ്കിലും ഇനി വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ സാധിക്കും. പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം വിദേശകാര്യ മന്ത്രാലയം വഴി മറ്റ് രാജ്യങ്ങളുടെ എംബസികളെ അറിയിച്ചിട്ടുണ്ട്. ഇത് ഇയാളെ നാട്ടിലെത്തിക്കാന്‍ സാധിക്കും.
അതേസമയം വിജയ് ബാബു മറ്റൊരു രാജ്യത്തേയ്ക്ക് കടന്നെന്ന സംശയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ഏത് രാജ്യത്തേക്കാണ് കടന്നതെന്ന വിവരം ഇപ്പോള്‍ പുറത്തുപറയാന്‍ സാധിക്കില്ല. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ വിവരം ആ രാജ്യത്തെ എംബസിയേയും അറിയിച്ചിട്ടുണ്ടെന്നും നാഗരാജു പറഞ്ഞു.
താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം വിദേശത്താണെന്നും 19 ന് മാത്രമേ നാട്ടിലേക്ക് എത്താന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു വിജയ് ബാബു പോലീസിനെ അറിയിച്ചത്. വേനല്‍ അവധിക്ക് ശേഷം ഈ മാസം പതിനെട്ടിന് ശേഷം മാത്രമേ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കൂ. ഇത് മുന്നില്‍ കണ്ടാണ് വിജയ് ബാബു കീഴടങ്ങാന്‍ പത്തൊമ്പതാം തീയതി വരെ സമയം ചോദിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ളാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതി പരാതി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. തുടര്‍ന്ന് ഗോവയില്‍ നടനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ലഹരി വസ്തുക്കള്‍ നല്കി അര്‍ധ ബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ് ബാബും ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടര്‍ന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: