ആലപ്പുഴ: സംസ്ഥാന പൊതു മരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി. സുധാകരന്. പൊതുമരാമത്ത് വകുപ്പ് തന്നെ സംസ്ഥാനത്തെ റോഡുകള്‍ നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുവെന്നാണ് മുന്‍ മന്ത്രി കൂടിയായ ജി. സുധാകരന്റെ ആരോപണം. മാധ്യമ പ്രവര്ത്തകന് ജോയ് വര്‍ഗീസിനെ അനുസ്മരിക്കാന്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്.
സിപിഎം സംസ്ഥാന നേതൃത്വം ജി. സുധാകരനുമായി അടുത്ത കാലത്തായി നല്ല സ്വരച്ചേര്‍ച്ചയിലല്ല. തുടര്‍ന്ന് പ്രായപരിധി ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വങ്ങളില്‍ നിന്നും ഒഴിവാക്കി ബ്രാഞ്ച് കമ്മിറ്റി അംഗമായി ഒതുക്കിയിരിക്കുകയാണ് ഇപ്പോള്‍. നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ പാര്‍ട്ടിയുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. അതിനിടയിലാണ് സുധാകരന്റെ ഈ പ്രസ്താവന.
പൊതുമരാമത്ത് വകുപ്പുതന്നെ റോഡ് നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുകയാണ്. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിത്. താനുള്ളപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ല. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല.
താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തില്‍ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവരാണ് മഹാന്മാരെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: