മൂപ്പെത്തിയ നെല്ല് കൊയ്തെടുക്കാന്‍ കാത്തിരുന്ന കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ പെയ്തിറങ്ങിയ വേനല്‍മഴ കനത്ത നഷ്ടമാണ് സമ്മാനിക്കുന്നത്. കൊയ്ത്തു നടത്തേണ്ട ദിവസം കഴിഞ്ഞ് 20 ദിവസത്തിലധികമായ പടവുകളുണ്ട്. കനാലില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. പാടത്തുള്ള വെള്ളം ഇതിലേക്ക് പമ്പ് ചെയ്ത് ഒഴിവാക്കാന്‍ ശ്രമിക്കുമ്പോഴും പുറംചാലില്‍ വെള്ളം കുറയാത്തതിനാല്‍ വെള്ളം തിരികെ പാടത്തേക്ക് തന്നെ വരുന്നു. മഴ കുറയാത്തതാണ് വെള്ളം ഒഴുക്കി കളയാനുള്ള പ്രധാന തടസം. കൊയ്ത്തു വൈകിയതോടെ നെന്മണികള് ഉതിര്‍ന്ന് വെള്ളത്തില്‍ വീഴുന്നുണ്ട്. നെല്ല് കൊടുക്കുമ്പോള്‍ തൂക്കം കുറയാന്‍ ഇതിടയാക്കും. വെള്ളം കയറിയതിനാല്‍ ഈര്‍പ്പത്തിന്റെ പേരു പറഞ്ഞ് നെല്ലെടുക്കാന്‍ വരുന്ന മില്ലുകാര്‍ തൂക്കത്തില്‍ കിഴിവ് വരുത്തുന്നതും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടത്തിനിടയാക്കും.
പ്രതിസന്ധിയില്‍ വെങ്കിടങ്ങ് മേഖല
തൃശ്ശൂര്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വടക്കേ കോഞ്ചിറ, തെക്കേ കോഞ്ചിറ, മുല്ലശ്ശേരി പറപ്പാടം എന്നിവിടങ്ങളിലെ നെല്‍കര്‍ഷകര്‍ ആധിയിലാണ്. തോരാതെ പെയ്യുന്ന മഴ ഇവരുടെ ഉറക്കം കെടുത്തുന്നു. മൂപ്പെത്തിയ നെല്ല് കൊയ്തെടുക്കാന്‍ കഴിയാതെ ഇവര്‍ പ്രതിസന്ധിയിലാണ്. മൂന്ന് പാടശേഖരങ്ങളിലായി 600 ഏക്കറിലെ നെല്ലാണ് കൊയ്യാനാവാതെ കിടക്കുന്നത്. 90 ദിവസം മൂപ്പുള്ള മനുരത്ന വിത്ത് ഉപയോഗിച്ചാണ് വടക്കേ കോഞ്ചിറയില്‍ രണ്ടാം പൂവ് കൃഷിയിറക്കിയത്. ഇപ്പോള്‍ നെല്‍കൃഷി 110 ദിവസം പിന്നിട്ടു. മഴയില്‍ നെല്‍ച്ചെടികള്‍ മറിഞ്ഞു വീണ് നെല്ല് മുളച്ചുതുടങ്ങിയത് കര്‍ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. കഴിഞ്ഞ ഒന്നാം പൂവില്‍ വിളവെടുപ്പ് സമയത്ത് ഉണ്ടായ ഇലകരിച്ചില്‍ രോഗംമൂലം പടവിലെ ഭൂരിഭാഗം നെല്‍ കൃഷിയും നശിച്ചിരുന്നു. സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച്, മികച്ച വിളവ് പ്രതീക്ഷിച്ച് വായ്പയെടുത്ത് രണ്ടാം പൂ കൃഷിയിറക്കിയ കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
പടവിലെ നെല്‍കൃഷി സംരക്ഷിച്ച് കൊയ്തെടുക്കുന്നതിനും, കൃഷിനാശം സംഭവിച്ചവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും അടിയന്തര നടപടിയെടുകണമെന്നാണ് പടവ് കമ്മിറ്റി ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നെല്ല് സംഭരണത്തിനായി സപ്ലൈകോ രണ്ട് മില്ലുകളെ പടവിലേക്ക് അയച്ചിരുന്നെങ്കിലും അവര്‍ നെല്ലെടുക്കാന്‍ തയ്യാറാകാതെ മടങ്ങിപ്പോയി. പുതിയ മില്ലുകാര്‍ വന്നിട്ടു വേണം വിളവെടുപ്പ് നടത്താന്‍.
വേനല്‍മഴ ശക്തമായി തുടരുന്നതും, കാലവര്‍ഷം നേരത്തെ എത്തുമെന്ന മുന്നറിയിപ്പും കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ഏനാമാവിലെ താല്‍ക്കാലിക വളയം കെട്ട് കഴിഞ്ഞ ദിവസം പൊട്ടിച്ച് റഗുലേറ്ററിന്റെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം ഒഴുക്കി കളയാന്‍ തുടങ്ങിയതോടെ കനാലുകളില്‍ ജലനിരപ്പ് താഴുമെന്നാണ് കരുതുന്നത്.
തൃശ്ശൂരില്‍ 20,000 ഹെക്ടറിലധികം നെല്‍ കൃഷി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മിക്ക പടവുകളിലും കൊയ്ത്ത് കഴിഞ്ഞിട്ടുണ്ട്. മൂപ്പെത്തിയിട്ടും കൊയ്യാനാകാതെ കിടക്കുന്ന വിവിധ പടവുകളിലായി 1700 ലധികം ഏക്കര്‍ നെല്‍കൃഷിയുണ്ടെന്ന് ഓപ്പറേഷന് കോള്‍ ഡബിള്‍ ലെയ്സന്‍ ഓഫീസര്‍ ഡോ. എ.ജെ. വിവന്‍സി പറയുന്നു.
വെള്ളം പമ്പ് ചെയ്ത് കളയാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. വെങ്കിടങ്ങ് തെക്കേ കോഞ്ചിറ, വടക്കേ കോഞ്ചിറ, പറപ്പാടം എന്നിവിടങ്ങളിലായി 600 ഏക്കര്‍, രണ്ടാം പൂവ് കൃഷിയിറക്കിയ ചാഴൂര്‍, പാറളം പാടശേഖരങ്ങളിലായി 1000 ഏക്കര്‍, അരിമ്പൂര്‍ ആറുമുറി പടവില്‍ 65 ഏക്കര്‍, കൈപ്പറമ്പില്‍ 50 ഏക്കര്‍, തോളൂരില് 15 ഏക്കര്‍ എന്നിവിടങ്ങളില്‍ നെല്ല് കൊയ്യാനാവാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഡോ. വിവന്‍സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: