കാലാകാലങ്ങളായി അറിവിന്റെ ദേവഭൂമിയായി ഭാരതം നിലകൊള്ളുന്നു നിത്യമായ അറിവിന്റെ ഖനിയിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങളാണ് വേദങ്ങളും ഉപനിഷത്തുകളും. അന്വേഷണങ്ങളും പ്രാര്‍ത്ഥനകളും കൊണ്ട് നിദാന്തമായ അറിവിലേക്ക് നമ്മെ നയിച്ച നമ്മുടെ മുനിവര്യന്മാര് ഈ മഹാവിദ്യകള്‍ സര്‍വലോകത്തിനും വേണ്ടി തുറന്നു തന്നു , ഈ ലോകത്തിലെ എല്ലാ വിധ നന്മകളും ഇതിലൂടെ അവര്‍ തുറന്നു കാട്ടി. മനുഷ്യ മനസുകളുടെ അഗാത തലങ്ങള്‍ മനസ്സിലാക്കിയ മുനിമാര്‍ സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാവാനും വരും തലമുറയെ പകര്‍ന്നു നല്കാനുമായി ലളിതമായ സംസ്കൃത ശ്ലോകങ്ങള്‍ കൊണ്ട് ഉപനിഷത്തുകളെ നമുക്ക് പകര്‍ന്നു നല്കി.
ആദിയും അന്തവും ഇല്ലാതെ അറിവിന്റെ കല്പവൃക്ഷമായി ഇന്നും അവ പൂര്‍ണ പ്രഭാവത്തോടും പ്രതാപത്തോടും നിലകൊള്ളുന്നു. വൈദേശിക സംസ്കാരത്തിന്റെ പിന്നെ പായുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയം കിട്ടാറില്ലയെന്നത് ഖേദപൂര്‍വം സ്മരിക്കേണ്ട ഒരു വസ്തുതയാണ് . നാല് വേദങ്ങളുടെയും ആശയങ്ങള്‍ സ്വാംശീകരിച്ച് രചിക്കപ്പെട്ട ഉപനിഷത്തുകളിലെ ഓരോ വരിയും അറിവിന്റെ മൊഴി മുത്തുകളാണ്. ഇക്കാരണത്താല്‍ തന്നെയാണ് അവയെ വേദാന്തമെന്ന് വിളിക്കുന്നത്. വേദങ്ങളുടെ അവസാനം എന്ന് വാഗര്‍ത്ഥമുള്ള വേദാന്തത്തിലുള്‍പ്പെടുന്നതാണിവ!.
അറിവ് എന്ന അര്‍ത്ഥവും വേദ ശബ്ദത്തിനുള്ളതിനാല്‍ അറിവിന്റെ അവസാനം എന്നൊരു അര്‍ത്ഥവും വേദാന്തത്തിന് കല്പ്പിച്ചിരിയ്ക്കുന്നു ഗുരുവിന്റെ മനസ്സിനെ സൂചിപ്പിക്കുന്ന ഉപനിഷത്ത് എന്ന വാക്ക് തന്നെ അതിദിവ്യമാണ്. പരമമായ വിദ്യ എന്നയര്ത്ഥത്തില് പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. നൂറ്റിയെട്ട് ഉപനിഷത്തുക്കള്‍ ഉണ്ട്. അതില്‍ പത്തെണ്ണം മുഖ്യ ഉപനിഷത്തുക്കള്‍ എന്നാണ് അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യര്‍ വ്യാഖ്യാനം നല്‍കിയതിനാലാണ് അവ പ്രസിദ്ധമായത്. എന്നാല്‍ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമര്‍ഹിക്കുന്നവ തന്നെ. ഉപനിഷത്തുക്കള്‍ ഭാരതമനസ്സിന്റെ ഉന്നതിയെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നാണ് മഹര്‍ഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. ഉപനിഷത്തുക്കള്‍ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും സാനതന ധര്‍മത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങള്‍ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാള്‍ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണെന്ന് ആധുനിക ചരിത്രകാരന്മാര് പലരും വിശ്വസിക്കുന്നു. ഭാരതീയ തത്ത്വചിന്തകരില്‍ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്.
അനശ്വരവും അഗാധവും അവിസ്മരണീയവുമായ അറിവിന്റെഅന്തസത്തയായ ദര്‍ശനങ്ങളുടെ സംക്ഷിപ്തരൂപമാണ് ഡോ പുരുഷോത്തമന് രചിച്ച ഉപനിഷത്ചിന്തകള് എന്ന പുസ്തകം. വളരെയേറെ ശ്രദ്ധയോടെയാണ് 108 ഉപനിഷത്തുകളും സ്വാംശീകരിച്ച് അദ്ദേഹം ഈ പുസ്തകം തയ്യാറാക്കിയിരുക്കുന്നത്. ഭാരതീയ പൈതൃകത്തെക്കുറികച്ചും ഋഷി വാര്യന്മാര് നമുക്ക് പകര്‍ന്നു തന്ന അനന്തമായ അറിവിനെക്കുറിച്ചും ലളിതമായ രീതിലയില്‍ മനസ്സിലാക്കാന്‍ ഈ പുസ്തകം ഒരു വായനക്കാരനെ തീര്‍ച്ചയായും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: