മുംബൈ : അശ്ലീല സിനിമകള്‍ നിര്‍മിച്ച് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കലിനാണ് കേസെടുത്തിരിക്കുന്നത്.
2019- ഫെബ്രുവരിയിലാണ് കുന്ദ്ര ആംസ് പ്രൈം മീഡിയാ ലിമിറ്റഡ് എന്ന പേരില്‍ കമ്പനിയുണ്ടാക്കുന്നത്. ഈ കമ്പനി ഹോട്ട്ഷോട്ട് എന്ന പേരില്‍ ഒരു ആപ്പുണ്ടാക്കി. ഈ ആപ്പ് പിന്നീട് യുകെ ആസ്ഥാനമായുള്ള കെന്‍ റിന് എന്ന കമ്പനിക്ക് വില്‍ക്കുകയായിരുന്നു. കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവായ പ്രദീപ് ബക്ഷിയാണ് കെന്‍ റിന്നെന്ന സ്ഥാപനത്തിന്റെ സിഇഒ.
പോണ് സിനിമകള്‍ അപ്ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ് ഹോട്ട്ഷോട്ട്. ഈ ആപ്പിനുവേണ്ടി കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസ് കെന്‍ റിനുമായി ധാരണയുണ്ടാക്കുകയും കോടികള്‍ വിയാന്റെ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാം നടത്തുകയുമായിരുന്നു. ആപ്പിന്റെ സബ്സ്ക്രൈബര്മാരില് നിന്ന് ലഭിച്ച തുക കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ പേരിലാണ് കൈമാറിയത്.
ആപ്പിലൂടെ ലഭിക്കുന്ന പണം കണക്കില്‍ പെടുത്താതെ തന്നെ കുന്ദ്രയുടെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് 2021 ജൂലൈ 19ന് രാജ് കുന്ദ്രയടക്കം 12 പേര് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 20ന് 50,000 രൂപയുടെ ജാമ്യത്തില്‍ കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നാണ് കുന്ദ്ര പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: