തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ കടക്കെണിയിലാക്കിയത് പലസമയത്തായി എടുത്ത വായ്പയും പലിശയും. വീണ്ടും 700 സിഎന്‍ജി ബസുകള്‍ വാങ്ങുന്നതും നാല് ശതമാനം പലിശ നല്കി 455 കോടി രൂപ വായ്പയെടുത്താണ്. വിവിധ ഘട്ടങ്ങളിലായി എസ്ബിഐയില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തത് വഴി 3170 കോടി രൂപയാണ് ബാധ്യത. ദീര്‍ഘകാല വായ്പ ആയതിനാല്‍ നിത്യേനയുള്ള വരുമാനത്തില്‍ നിന്നും ഒരു കോടിയാണ് എസ്ബിഐ പിടിക്കുന്നത്.
നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി എന്ന ആക്ഷേപം ഉയരുമ്പോഴും ജീവനക്കാര്‍ പരമാവധി കളക്ഷന്‍ എത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥത. അഭിമാനസ്തംഭങ്ങള്‍ എന്ന നിലയില്‍ കെട്ടിയുയര്‍ത്തിയ ഷോപ്പിങ് കോംപ്ലക്സുകളാണ് നഷ്ടകാരണം. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്താണ് തമ്പാനൂര്‍, തിരുവല്ല, അങ്കമാലി, കോഴിക്കോട് ഡിപ്പോകളിലെ കോംപ്ലക്സുകള്‍ പണിതത്. കോംപ്ലക്സുകളിലെ കടമുറികളും ഓഫീസ് റൂമുകളും പൂര്‍ണമായും വാടകയ്ക്ക് നല്‍കിയിട്ടുമില്ല.
വായ്പ തിരികെ ഒടുക്കാതായതോടെ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ജപ്തി നടപടികളുമായി മുന്നോട്ട് നീങ്ങി. തുടര്‍ന്ന് പലിശയും മുതലും ചേര്‍ത്ത് എസ്ബിഐയില്‍ നിന്നും വായ്പ നല്കി കോംപ്ലക്സുകളെ ജപ്തിയില്‍ നിന്നും ഒഴിവാക്കി. ഇത്തരത്തില്‍ ചെറുതും വലുതുമായി 64 കോംപ്ലക്സുകളാണ് ഡിപ്പോകളില്‍ പണിതിട്ടുള്ളത്. മിക്കവയും നഷ്ടത്തിലാണ്. ഇതിനിടയിലാണ് വായ്പ എടുത്ത് ബസുകള്‍ വാങ്ങുന്നത്. നിത്യേനയുള്ള തുക വീണ്ടും വായ്പ തിരിച്ചടവിലേക്ക് മാറ്റേണ്ടതായി വരും. പൊതുഗതാഗതമായ കെഎസ്ആര്‍ടിസിയെ നിലനിര്‍ത്താന്‍ ബജറ്റില്‍ നിന്നും തുക നീക്കിവച്ചാണ് ബസുകള്‍ വാങ്ങിയിരുന്നത്.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. ചര്‍ച്ചചെയ്യാന്‍ പോലും യോഗം തയ്യാറായില്ല. ശമ്പളം മാനേജ്മെന്റ് കണ്ടെത്തണമെന്ന നിലപാടിലാണ് സര്‍ക്കാരും. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെഎസ്ടി സംഘ് പട്ടിണി മാര്‍ച്ച് പ്രഖ്യാപിച്ചു. മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് കെഎസ്ആര്‍ടിസി ജീവനക്കാരും കുടുംബാംഗങ്ങളും 21ന് രാവിലെ 10 മണിക്ക് പട്ടിണി മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: