അനന്തപുരി കാലത്തിന് കരുതി വച്ചിരിക്കുന്ന പൈതൃകയിടം. 1200 വര്‍ഷം പഴക്കമുള്ള ലോക പ്രശസ്തമായൊരു സര്‍വകലാശാലയുണ്ട് തലസ്ഥാനത്ത്. പൈതൃക ശേഷിപ്പായ കാന്തളൂര്‍ശാല. ഈ ദേശത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടിയ ആ വിജ്ഞാന കേന്ദ്രത്തെ മലയാളികള്‍ മറന്നു. കഥയല്ല കാന്തളൂരെന്ന് അറിയുന്നവരും ചുരുക്കം.
ലോകപ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ തിരുവനന്തപുരം വലിയശാലയില്‍ സ്ഥിതി ചെയ്തിരുന്ന കാന്തളൂര്‍ ശാലയില്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്നു. എന്നിട്ടും ഇന്ന് വളരെക്കുറച്ചുപേര്‍ക്കു മാത്രമേ കാന്തള്ളൂര്‍ ശാലയെപ്പറ്റി അറിവുള്ളൂ. മണ്‍മറഞ്ഞ ആ മഹാശാലയുടെ ചരിത്രം വലിയശാല മഹാദേവ ക്ഷേത്രത്തിലെ അകത്തളങ്ങള്‍ പറയും. വര്‍ഷത്തിലൊരിക്കല്‍ കടന്നു വരുന്ന ലോക പൈതൃക ദിനത്തില്‍ മാത്രമാണ് ചിലരെങ്കിലും കാന്തളൂരിനെ ഇന്ന് ഓര്‍ക്കുന്നത്. അങ്ങനെ വര്‍ഷത്തില്‍ ഒരിക്കല്‍ ഓര്‍ക്കേണ്ട പൈതൃക സ്ഥാനമല്ല കാന്തളൂര്‍. ഒരു സംസ്‌ക്കാരത്തിന്റെ തിരുശേഷിപ്പായി എന്നും നിലകൊള്ളേണ്ട നിധിയാണ്.
ഭാരതത്തില്‍ നിന്നു മാത്രമല്ല, അങ്ങ് ശ്രീലങ്കയില്‍ നിന്നു പോലും കടല്‍മാര്‍ഗം പഠിതാക്കള്‍ കാന്തളൂരില്‍ എത്തിയിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. ആയ് രാജാവ് കരുന്തടക്കന്‍ (എഡി 857885) ആണ് കാന്തള്ളൂര്‍ശാല സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. തുടര്‍ന്ന്, ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ (ഏഡി 885925) കാലത്ത് വൈജ്ഞാനിക കേന്ദ്രമെന്ന നിലയില്‍ ശാല ലോക പ്രശസ്തിയാര്‍ജിച്ചു. സ്വയംഭരണ സംവിധാനമാണ് കാന്തളൂര്‍ശാലയില്‍ നിലനിന്നിരുന്നത്.
വെറും പ്രാഥമിക വിദ്യാകേന്ദ്രമായിരുന്നില്ല കാന്തളൂര്‍. ഉന്നതപഠനകേന്ദ്രമായ ഇവിടെ ആയുധ പരിശീലനത്തിനു പുറമേ നിരീശ്വരവാദം ഉള്‍പ്പെടെ 64 ല്‍ പരം വിജ്ഞാന ശാഖകള്‍ പഠിക്കുവാന്‍ അവസരമുണ്ടായിരുന്നു. നളന്ദയിലുള്ളതിനേക്കാള്‍ ഏറെ വ്യത്യസ്ത വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന കാന്തളൂരിന് ‘ദക്ഷിണ നളന്ദ’ എന്ന വിളിപ്പേരുമുണ്ടായിരുന്നു.
ആയ് രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വിഴിഞ്ഞത്തായിരുന്നു കാന്തളൂര്‍ ശാലയുടെ ആദ്യ ആസ്ഥാനം. ചോള ആക്രമണങ്ങള്‍ വഴി അതിന് തകര്‍ച്ച നേരിട്ടുവെന്നും ക്രമേണ തിരുവനന്തപുരത്തെ വലിയശാലയിലേക്കു മാറ്റിയെന്നുമാണ് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: