ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയും ആര്‍ഡിഒയും തദ്ദേശീയമായി വികസിപ്പിച്ച കപ്പല്‍വേധ മിസൈലിന്റെ പരീക്ഷണം വിജയകരം. ഒഡീഷയിലെ ബലാസോര്‍ തീരത്തുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നായിരുന്നു മിസൈലിന്റെ പരീക്ഷണം നടന്നത്. ദൗത്യം എല്ലാ ലക്ഷ്യങ്ങളും നിറവേറ്റിയെന്ന് പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ നാവികസേനയ്ക്കായി തദ്ദേശീയമായി വിക്ഷേപിച്ച ആദ്യത്തെ കപ്പല്‍വേധ മിസൈല്‍ സംവിധാനമാണിത്.
സീ കിംഗ് 43 ബി ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ലക്ഷ്യം കൃത്യമായി ഭേദിച്ചാണ് മിസൈല്‍ പരീക്ഷണത്തില്‍ മികവ് തെളിയിച്ചത്. മിസൈല്‍ നിര്‍മ്മാണ രംഗത്തെ ഏറ്റവും മികച്ച നേട്ടമായാണ് കപ്പല്‍വേധ മിസൈലിന്റെ പരീക്ഷണ വിജയത്തെ വിലയിരുത്തുന്നത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ നാവിക സേന ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബ്രഹ്മോസിന്റെ കപ്പല്‍വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പരീക്ഷണം കൂടി വിജയിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരീക്ഷണത്തിനു സാക്ഷ്യം വഹിച്ചു. പരീക്ഷണ വിക്ഷേപണം നടത്തിയ ഡിആര്‍ഡിഒയെയും ഇന്ത്യന്‍ നാവിക സേനയെയും ബന്ധപ്പെട്ട സംഘങ്ങളെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: