തിരുവനന്തപുരം : കെഎസ്ആര്‍ടിസിലെ ശമ്പള പ്രതിസന്ധിക്കിടെ 700 സിഎന്‍ജി ബസുകള്‍ കൂടി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇതിനായി 455 കോടി രൂപ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കിഫ്ബിയില്‍ നിന്നാകും കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ വാങ്ങാന്‍ പണം നല്‍കുന്നത്.
നാല് ശതമാനം പലിശ നിലക്കിലാണ് കിഫ്ബി കെഎസ്ആര്‍ടിസിക്ക് പണം നല്‍കുക. സ്വിഫ്ടിന് വേണ്ടിയാണ് കെഎസ്ആര്‍ടിസി ഇത്രയും ബസുകള്‍ വാങ്ങുന്നത്. 700 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പുതിയ റൂട്ടുകള്‍ക്കായിരിക്കും ഈ ബസുകള്‍ ഉപയോഗിക്കുക. ഇതിനായി ജീവനക്കാരെ പുനക്രമീകരിക്കും.
കെഎസ്ആര്‍ടിസിയുടെ ശമ്പള പ്രതിസന്ധിയില്‍ ഇതുവര തീരുമാനമായിട്ടില്ല. അതിനിടയിലാണ് സിഎന്‍ജി ബസ്സ് വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. പത്ത് മാസത്തിനകം ബസുകള്‍ വാങ്ങാനാണ് പദ്ധതി. ആയിരം സിഎന്‍ജി ബസ് വാങ്ങാന്‍ 2016 ലെ ബജറ്റില്‍ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടുന്നത് ഒരു സിഎന്‍ജി ബസ് മാത്രമാണ്. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തന ചെലവില്‍ സിംഹ ഭാഗവും ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കേണ്ടിവരുന്നുണ്ടെന്ന പ്രതിസന്ധി മറികടക്കുന്നതിനായാണ് ഇത്തവണ സിഎന്‍ജി ബസ് വാങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍ സിഎന്‍ജി പരിസ്ഥിതി സൗഹാര്ദ്ദമെങ്കിലും കയറ്റിറക്കമുള്ള കേരളത്തിന്റെ നിരത്തുകളില്‍ ബസ് പ്രായോഗികമല്ലെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെ കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കപ്പെട്ടേക്കും. മുടങ്ങിയ ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസിക്ക് സമാഹരിക്കാവുന്ന തുകയുടെ വിവരം ധനവകുപ്പ് തേടിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ശമ്പള പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്താനാണ് സിഐടിയുവിന്റെ തീരുമാനം. പ്രതിഷേധ സമരം കെഎസ്ആര്‍ടിഇഎ പ്രസിഡന്റ് ആനത്തലവട്ടം ആനന്തന് ഉദ്ഘാടനംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: