കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച കുടിവെള്ള സാമ്പിളുകളില്‍ ഭൂരിഭാഗത്തിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാനാണ് തീരുമാനം.
കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധനക്ക് നല്കിയ സാമ്പിളുകളില്‍ അഞ്ചില്‍ ഷിഗെല്ലയും 12 എണ്ണത്തില്‍ ഇ കോളിയും മൂന്നെണ്ണത്തില്‍ ഷിഗെല്ല, കോളിഫോം, ഇ കോളി എന്നിവയുടെ സംയുക്ത സാന്നിധ്യവും കണ്ടെത്തി. ഒരു സാമ്പിളില്‍ സാല്‍മണൊല്ല, ഷിഗല്ല, കോളിഫോം, ഇ കോളി എന്നീ നാല് ബാക്ടീരിയകളുടെ സാന്നിധ്യവുമുണ്ട്.
ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്‍പ്പന ശാലകളില്‍ നിന്ന് ശേഖരിച്ച ജല സാമ്പിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാക്കാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്ക് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പരിശോധനാ ഫലത്തിന്റെ പശ്ചാത്തലത്തില്‍ ഡിഎംഒ ചെറുവത്തൂരിലെ വ്യാപാരികളുടെ അടിയന്തര യോഗം വിളിച്ചു. പ്രദേശത്ത് കിണറുകള്‍ അടക്കമുള്ളവയില്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കൂടുതല്‍ ജല സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: