ഇടുക്കി: മതതീവ്രവാദ സംഘടനയ്ക്ക് പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് റിപ്പോര്‍ട്ട്. മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ പൊലീസ് മേധാവി ആര് കറുപ്പുസ്വാമി ഉത്തരവിട്ടു. മൂന്നാര്‍ ഡിവൈഎസ്പി കെ.ആര്. മനോജിനാണ് അന്വേഷണ ചുമതല.
സ്റ്റേഷനിലെ പ്രധാന രേഖകള്‍ കൈകാര്യംചെയ്യുന്ന ഡാറ്റാ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. സ്റ്റേഷനിലെ മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവം പുറത്തറിഞ്ഞതോടെ മൂവരും സ്ഥലമാറ്റത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് അന്വേഷണം തുടങ്ങിയിരുന്നു. എന്തുതരത്തിലുള്ള രേഖകളാണ് ചോര്‍ത്തി നല്‍കിയതെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഡിവൈഎസ്പി കെ.ആര്. മനോജ് പറഞ്ഞു.
തൊടുപുഴ സ്റ്റേഷനില്‍നിന്ന് മതതീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തിനല്‍കിയതിന് പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പുറത്താക്കിയിരുന്നു. പൊലീസ് ഡാറ്റാ ബേസില്‍ നിന്ന് വിവരങ്ങള്‍ ചേര്‍ത്തി നല്‍കിയതിനാണ് തൊടുപുഴ സ്റ്റേഷനിലെ സിപിഒ അനസിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: