അനുരാഗ് സിങ് താക്കൂര്‍
കാന്‍ ചലച്ചിത്രോത്സവത്തിന്റെ 75-ാം പതിപ്പിന് ആതിഥേയത്വം വഹിക്കുകയാണ് ഫ്രഞ്ച് റിവിയേരയുടെ നിശബ്ദ തീരങ്ങള്‍. ഇക്കൊല്ലം ‘മാര്‍ച്ചെ ഡു ഫിലിംസിന്റെ’ പ്രഥമനിശയില് ‘ഫോക്കസ് കണ്ട്രി’ നമ്മുടെ ഇന്ത്യയാണ്. രാജ്യത്തിന്റെ ചലച്ചിത്ര മികവ്, സാങ്കേതിക വൈദഗ്ധ്യം, സമ്പന്നമായ സംസ്കാരം, കഥപറച്ചിലിന്റെ മഹത്തായ പൈതൃകം എന്നിവ ആഗോള പ്രേക്ഷകര്‍ക്കു പകര്ന്നുനല്കാന് ഇതിലൂടെ സാധിക്കും. നയതന്ത്ര ബന്ധത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുകയാണ് ഇന്ത്യയും ഫ്രാന്‍സും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാരീസ് സന്ദര്‍ശനവും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈ സുപ്രധാന നയതന്ത്ര പശ്ചാത്തലത്തിലാണ് കാന്‍ ചലച്ചിത്രോത്സവത്തിലെ ‘മാര്‍ച്ചെ ഡു ഫിലിമി’ലെ ആദ്യത്തെ ‘കണ്ട്രി ഓഫ് ഓണര്‍’ ആയി ഇന്ത്യയെ തെരഞ്ഞെടുത്തത്.
ഇന്ത്യ-ഫ്രാന്‍സ് ബന്ധം കരുത്താര്‍ജ്ജിക്കുന്നതില്‍ ‘ഫെസ്റ്റിവല്‍ ഡി കാന്‍സ്’ തുടക്കം മുതല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1946 ല്‍ ഇന്ത്യന്‍ ചലച്ചിത്രകാരന് ചേതന്‍ ആനന്ദിന്റെ ‘നീച നഗര്‍’ എന്ന ചിത്രത്തിന് പാം ഡി ഓര് സമ്മാനിച്ചുകൊണ്ടായിരുന്നു ആദ്യ ചുവട്. ദശാബ്ദത്തിനിപ്പുറം 1956 ല്‍ സത്യജിത് റേയുടെ ‘പഥേര്‍ പാഞ്ചാലി’ പാം ഡി ഓര് നേടി. 2013 ല്‍ അമിതാഭ് ബച്ചനെ ചലച്ചിത്രോത്സവത്തിനു തുടക്കം കുറിക്കാന്‍ ക്ഷണിച്ചു. വര്‍ഷങ്ങളായി നിരവധി ഇന്ത്യന്‍ സിനിമാപ്രവര്‍ത്തകര്‍ കാന്‍ മേളയില്‍ ജൂറി അംഗങ്ങളായിട്ടുണ്ട്.
കാനില്‍ ഇക്കൊല്ലം ഇന്ത്യയുടെ സാന്നിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതാദ്യമായാണ് നമ്മുടെ സിനിമാമികവിന്റെ വൈവിധ്യം റെഡ് കാര്‍പ്പറ്റില്‍ അണിനിരക്കുന്നത്. വിവിധ ഭാഷകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള അഭിനേതാക്കളുടെയും ചലച്ചിത്ര നിര്‍മ്മാതാക്കളുടെയും പ്രതിനിധികള്‍ മാത്രമല്ല, ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നുള്ളവരും ഇവിടെയെത്തുന്നു. മികച്ച സംഗീത സംവിധായകരുടെയും ആബാലവൃദ്ധം പ്രേക്ഷകരുടെയും ഹൃദയത്തിലിടം നേടിയ നാടോടി കലാകാരന്റെയും കരുത്തുറ്റ സാന്നിധ്യവും ഇക്കുറി കാനിലുണ്ടാകും. മേളയില്‍ ഇന്ത്യന്‍ സിനിമയുടെ ഊര്‍ജസ്വലതയും വൈവിധ്യവും പ്രകടമാക്കിക്കൊണ്ട് ഇന്ത്യന്‍ സംഗീതജ്ഞരുടെ കലാവിരുന്നും ഇന്ത്യാ പവലിയനില്‍ അരങ്ങേറും. മാധ്യമ-വിനോദ മേഖലകളില്‍ നിന്നുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും തങ്ങളുടെ സാങ്കേതിക വൈദഗ്ധ്യം വെളിപ്പെടുത്തുന്നതിനായി ഇവിടെയെത്തും. ലോകോത്തര നിലവാരമുള്ള ആനിമേഷന്‍ പ്രൊഫഷണലുകളും എവിജിസി മേഖലയില്‍ കുതിച്ചുചാട്ടത്തിനായി അണിനിരക്കും. കാനില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന വിവിധ പ്രാദേശിക ഭാഷകളിലെ നിരവധി സിനിമകള്‍ക്കൊപ്പം ‘റോക്കട്രി’യുടെ ലോകത്തെ ആദ്യ പ്രദര്‍ശനവും ഏവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സത്യജിത് റേയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ ‘പ്രതിധ്വന്തി’യുടെ ‘റീമാസ്റ്റേര്‍ഡ് പതിപ്പ്’ കാന്‍ ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
കാനില്‍ ഇന്ത്യ ആഘോഷിക്കപ്പെടുന്നതും നമ്മുടെ ചലച്ചിത്ര മികവിന് ലോകം തരുന്ന ആദരവും നമ്മുടെ രാജ്യത്തെ ‘ലോകത്തിന്റെ കണ്ടന്റ് ഹബ്ബ്’ ആക്കി മാറ്റുകയാണ്. ഇന്ന് രുചിയും തെരഞ്ഞെടുപ്പും ആഖ്യാനവും പടിഞ്ഞാറില്‍ നിന്നു മാറി കിഴക്കിലെത്തിയിരിക്കുന്നു. ഇന്ത്യയുടെ പ്രയാണം സിനിമകളിലൂടെ മനോഹരമായി ചിത്രീകരിക്കുകയും വിവരിക്കുകയും ചെയ്തിട്ടുണ്ട്. ‘ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്ന വേളയില്‍, നമ്മുടെ സ്വാതന്ത്ര്യ പോരാട്ടത്തില്‍, പ്രക്ഷുബ്ധമായ സമയങ്ങളിലും നമ്മുടെ വിജയങ്ങളിലും, സിനിമ വഹിച്ച നിര്‍ണായക പങ്ക് ഓര്‍ക്കേണ്ടതുണ്ട്.
മാധ്യമങ്ങളും വിനോദമേഖലയും ഇന്ന് ഇന്ത്യന്‍ ‘സര്‍ഗ്ഗാത്മക’ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കുന്നതിനൊപ്പം ലോകത്തിനു മുന്നില്‍ എത്തിക്കുകയും ചെയ്യുന്നു. ചലച്ചിത്ര നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ നിരവധി സംരംഭങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 2018ല്‍, 12 ‘ചാമ്പ്യന്‍ സേവന മേഖലകളില്‍’ ഒന്നായി ഓഡിയോ വിഷ്വല്‍ സേവനങ്ങളെ കണക്കാക്കി. ഈ മേഖലയില്‍ കുതിച്ചുചാട്ടത്തിനും നയരൂപരേഖ തയ്യാറാക്കാനും വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടുന്ന എവിജിസി ദൗത്യസംഘത്തിന് രൂപം നല്കി. ‘ലോകത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഹബ്ബാ’ക്കി ഇന്ത്യയെ മാറ്റാനാണ് മുന്‍ഗണന. നമ്മുടെ സിനിമാ പാരമ്പര്യം സംരക്ഷിക്കാനും ഭാവിതലമുറയ്ക്കു പ്രോത്സാഹനമേകാനുമുള്ള കാഴ്ചപ്പാടിന് അനുസൃതമായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍വത്കരണവും പുനരുദ്ധാരണപ്രക്രിയയും ആരംഭിച്ചു. 5900 ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഫീച്ചറുകള്‍ എന്നിവ ഇതിലൂടെ പുനഃസൃഷ്ടിച്ചു.
ലോകമെമ്പാടും മാധ്യമവ്യവസായത്തിന്റെയും ഉള്ളടക്ക നിര്‍മ്മാണത്തിന്റെയും ഉപഭോഗത്തിന്റെയും വിതരണത്തിന്റെയും സ്വഭാവം മാറിയിരിക്കുന്നു. നിര്‍മിതബുദ്ധിയുടെ ആവിര്‍ഭാവം, വെര്‍ച്വല്‍ റിയാലിറ്റി, മെറ്റാവേര്‍സ് പോലുള്ള സാങ്കേതികവിദ്യകള്‍ തുടങ്ങിയവ നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ക്ക് വലിയ സാധ്യതകളേകുന്നു. ഇന്ത്യയിലെ ഒടിടി വ്യവസായം 2023ഓടെ പ്രതിവര്‍ഷം 21 ശതമാനം വര്‍ധിച്ച് ഏകദേശം 12,000 കോടി രൂപയിലെത്തുമെന്നാണു കണക്കാക്കുന്നത്. ഇന്ന്, ഇന്ത്യന്‍ പ്ലാറ്റ്ഫോമുകള് വിദേശത്തുള്ളവയെക്കാള് അധികമാണ്.
നഗരങ്ങള്‍ മാത്രമല്ല, ഉള്‍നാടന്‍ ഗ്രാമങ്ങളും ചലച്ചിത്രമേഖലയുടെ വാതിലുകള്‍ തുറന്നുവരികയാണ്. അവിടങ്ങളില്‍ നിന്നുള്ള കഥകളും പ്രതിഭകളും മുഖ്യധാരാ സിനിമകളിലൂടേയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടേയും സിനിമാ നിര്‍മ്മാതാക്കളുടേയും സിനിമാ പ്രേമികളുടേയും മനസ്സുകീഴടക്കുന്നു; പുരസ്കാരങ്ങള്‍ സ്വന്തമാക്കുന്നു. ഇക്കാര്യങ്ങള്‍ മനസ്സില്‍വച്ച്, രാജ്യത്തുടനീളം പ്രാദേശിക ചലച്ചിത്രമേളകള്‍ ഒരുക്കും.
മുന്നോട്ടുനോക്കുമ്പോള്‍, ധൈര്യമായി പറയാന്‍ കഴിയും, ഇന്ത്യ ഇന്നു സൃഷ്ടിക്കുന്നതാണ് നാളെ ലോകം ഉള്‍ക്കൊള്ളുന്നതെന്ന്. മാധ്യമ-വിനോദമേഖലാ വ്യവസായത്തില്‍ ഇന്ത്യ അതിന്റെ ഇടം ഉറപ്പുവരുത്തുന്നു. അതിനൊപ്പം, ഏകദേശം 300 ദശലക്ഷം പൗരന്മാര് ഓണ്‍ലൈന്‍ സൗകര്യങ്ങളിലേക്കുയരുന്നതിനാല് മറ്റൊരു കുതിച്ചുചാട്ടത്തിനും നാം തയ്യാറാണ്. 2025 ഓടെ പ്രതിവര്‍ഷം നാല് ട്രില്യണ്‍ രൂപ വരുമാനം പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ മാധ്യമ, വിനോദ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ലക്ഷ്യമിടുന്നത്.
ലോകത്തോട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനും ആശയവിനിമയം നടത്തുന്നതിനും സൃഷ്ടിക്കലിനും തെരഞ്ഞെടുക്കലിനും ഉപഭോഗത്തിനും ഇന്ത്യ നല്കുന്ന അവസരങ്ങള്‍ ലോകത്തെ മറ്റിടങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. അതുകൊണ്ടാണ് കഥ പറച്ചിലുകാരുടെ നാട് ഇന്ന് സിനിമാലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: