മുംബൈ: ജയത്തോടെ ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് കിങ്സിനെ 17 റണ്‍സിന് തോല്‍പ്പിച്ചു. സ്കോര്‍: ദല്‍ഹി ക്യാപിറ്റല്‍സ് – 160/7 (20), പഞ്ചാബ് കിങ്സ് – 142/9 (20).
മിച്ചല്‍ മാര്‍ഷിന്റെ മികവില്‍ (63) 160 റണ്‍സെടുത്ത ദല്‍ഹിക്കെതിരെ പഞ്ചാബിന്റെ പോരാട്ടം 142 റണ്‍സില്‍ അവസാനിച്ചു. ഷാര്‍ദൂല്‍ താക്കൂറിന്റെ പ്രകടനമാണ് (നാല് വിക്കറ്റ്) ദല്‍ഹി ജയത്തില്‍ നിര്‍ണായകമായത്. അക്സര്‍ പട്ടേലും, കുല്‍ദീപ് യാദവും രണ്ട് വീതവും ആന്റിച്ച് നോര്‍ജെ ഒരു വിക്കറ്റുമെടുത്തു. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ദല്‍ഹി നാലാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യത മങ്ങി. ഒരു മത്സരം ശേഷിക്കേ 12 പോയിന്റുമായി പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
മധ്യനിരയുടെ മോശം പ്രകടനമാണ് പഞ്ചാബിന് തിരിച്ചടിയായത്. ജിതേഷ് ശര്‍മ മാത്രമാണ് തിളങ്ങിയത്. 34 പന്തില്‍ 44 റണ്‍സ്. ജോണി ബെയര്‍സ്റ്റോ (28), രാഹുല്‍ ചഹര്‍ (25), ശിഖര്‍ ധവാന് (19) എന്നിവര്‍ മാത്രമാണ് പിന്നെ രണ്ടക്കം കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: