ന്യൂദല്‍ഹി ദിവസം 24 മണിക്കൂര്‍ നേരവും മോദി വിരുദ്ധത തുപ്പുന്ന ദ ക്വിന്റ് എന്ന വാര്‍ത്ത പോര്‍ട്ടല്‍ ഉള്‍പ്പെടുന്ന ക്വിന്റില്ലിയോണ്‍ ഡിജിറ്റല്‍ മീഡിയ ലിമിറ്റഡ് (ക്യുഡിഎംഎല്) ഉള്‍പ്പെടെയുള്ള ദ ക്വിന്റ് ഗ്രൂപ്പിന്രെ 49 ശതമാനം ഓഹരികള്‍ ഗൗതം അദാനി വിലയ്ക്ക് വാങ്ങി. ക്വിന്റില്ലിയോണ്‍ മീഡിയ ലിമിറ്റഡ്, ക്വിന്റ് ഡിജിറ്റല്‍ മീഡിയ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് ക്വിന്റ് ഗ്രൂപ്പ്.
അദാനി ഗ്രൂപ്പിന്റെ സബ്സിഡിയറി കമ്പനിയായ എഎംജി മിഡിയ നെറ്റ് വര്‍ക്കാണ് ക്വിന്റിന്റെ ഓഹരികള്‍ വാങ്ങിയത്. മെയ് 13നാണ് ഇത് സംബന്ധിച്ച കരാര്‍ നിലവില്‍ വന്നത്. രാഘവ് ബാല്‍ ആണ് ക്വിന്റിന്റെ സ്ഥാപകന്‍. 2015ല്‍ രാഘവ് ബാലും റിതു കപൂറും ചേര്‍ന്നാണ് നെറ്റ് വര്‍ക്ക് 18 എന്ന കമ്പനി മുകേഷ് അംബാനിക്ക് വിറ്റ ശേഷം ക്വിന്റ് ആരംഭിച്ചത്. ഇപ്പോള്‍ ഒരര്‍ത്ഥത്തില്‍ രാഘവ് ബാല്‍ അംബാനിക്ക് പിന്നാലെ അദാനിയെയും മാധ്യമരംഗത്തേക്ക് കൊണ്ടുവരികയാണ്.
പൗരത്വബില്ലിനെതിരായ പ്രക്ഷോഭം, കര്‍ഷക ബില്ലിനെതിരായ സമരം ഇതിലെല്ലാം മോദി സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണമാണ് ദ ക്വിന്റ് അഴിച്ചുവിട്ടത്.
ക്വിന്റ് ഡിജിറ്റല്‍ മീഡിയ ലിമിറ്റഡിന്റെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് വാര്‍ത്താപോര്‍ട്ടലുകളാണ് മോദി വിരുദ്ധത തുപ്പുന്നത്. രാഘവ് ബാലിന്റെ മോദി വിരുദ്ധതയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. അത് അദ്ദേഹത്തിന്റെ നെറ്റ് വര്‍ക്ക് 18 എന്ന മാധ്യമ സംരംഭം വരെ എത്തിനില്‍ക്കുന്ന കഥയാണ്.
മോദിയുടെ ചുറുചുറുക്കും പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള സാമ്പത്തിക കാഴ്ചപ്പാടും രാഘവ് ബാലിനെ ആകര്‍ഷിച്ചിരുന്നു. മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിച്ച ബിസിനസുകാരിലും മാധ്യമപ്രവര്‍ത്തകരിലും രാഘവ് ബാലും ഉണ്ടായിരുന്നു. പക്ഷെ 2014ല്‍ അധികാരത്തിലെത്തിയ മോദി ബിസിനസുകാരെ പൊതുവെ പ്രോത്സാഹിപ്പിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഇക്കൂട്ടത്തില്‍ രാഘവ് ബാലിനെയും കയ്യകലത്തില്‍ മാത്രം നിര്‍ത്തി. ബ്ലൂംബെര്‍ഗുമായി ചേര്‍ന്ന് ദ ക്വിന്റ് ആരംഭിക്കാനുള്ള നീക്കത്തിനും മോദിയില്‍ നിന്നും പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. ഇത് രാഘവ് ബാലിനെ മോദിയുടെ ശത്രുവാക്കി മാറ്റി. എന്തായാലും വിധിവൈപരീത്യത്താല്‍ രാഘവ് ബാലിന്റെ രണ്ട് ബിസിനസ്സിനെയും ഏറ്റെടുത്തത് അദാനിയും അംബാനിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: