തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസി പുതിയ പരീക്ഷണങ്ങളിലേക്ക്. ലോ ഫ്ളോര്‍ ബസുകള്‍ ക്ളാസ് മുറികളാകുന്നു. പുതിയ പരീക്ഷണത്തിനായി രണ്ട് ബസുകള്‍ അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോര്‍ ബസുകളാണ് ക്ളാസ് മുറികളായി മാറുന്നത്.
തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ് ലോ ഫ്ളോര്‍ ബസുകളില്‍ ക്ലാസ് മുറികള്‍ തയാറാക്കുക. വിദ്യാഭ്യാസ വകുപ്പും ഗതാഗത വകുപ്പും സംയുക്തമായി പദ്ധതി നടപ്പിലാക്കും. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. എഴുപത്തിയഞ്ചോളം ലോ ഫ്ളോര്‍ ബസുകള്‍ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കാനാകാത്ത ബസുകളാണ് സ്കൂളിലേക്കായി പരിഗണിക്കുന്നത്.
പഴയ ബസുകള്‍ തൂക്കി വില്‍ക്കുമെന്ന് ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരണം അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: