പിലാത്തറ: കക്കൂസിനുള്ളില്‍ ഹോട്ടല്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് കണ്ട് ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് നേരെ അക്രമം നടത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കെസി ഹലാല്‍ റെസ്‌റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനും ഹോട്ടല്‍ ഉടമയുമുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പോലീസ് കേസെടുത്തിരുന്നു.
ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്‌റ്റോറന്റിലെത്തിയ കാസര്‍കോട് ബന്തടുക്ക പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സുബ്ബരായക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ടി. ദാസന്‍ (70), ഉടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ചുമടുതാങ്ങി എന്നിവര്‍ക്കെതിരെയാണ് റിമാന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവം. കണ്ണൂരിലേക്ക് വിനോദയാത്ര പോകുന്നതിനിടെ ബന്തടുക്ക പിഎച്ച്‌സിയിലെ മെഡിക്കല്‍ ഓഫീസറായ ഡോ. സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31പേര്‍ പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണം കഴിച്ചശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തിഹീനമായ വാഷ്‌റൂമും തൊട്ടടുത്ത ടോയ്‌ലറ്റിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചതായും കണ്ടത്.
ഡോ. സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയുമെടുക്കുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസന്‍, ഉടമ മുഹമ്മദ്, സഹോദരി സമീന എന്നിവര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. പ്രശ്‌നം വേണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍ എടുത്തത് ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും മൂന്നുപേരും ചേര്‍ന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി തിരിച്ചുകൊടുക്കാതിരിക്കുയും ചെയ്തു.
കൂടാതെ ആരെയും ഇവിടെനിന്ന് പോകാന്‍ വിടില്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പരിയാരം എസ്എച്ച്ഒ കെ.വി. ബാബു, എസ്‌ഐ രൂപ മധുസൂദനന്‍ എന്നിവരടങ്ങിയ പോലീസ് സംഘം മൂവരേയും കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക