ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മൂന്ന് വര്‍ഷത്തിന് ശേഷം തിങ്കളാഴ്ച ആശുപത്രി വികസന സമിതി യോഗം കൂടാന്‍ തീരുമാനം. ആശുപത്രിയില്‍ നിരവധി വിഷയങ്ങളുണ്ടായിട്ടും വികസന സമിതിയോഗം വിളിച്ച് കൂട്ടാന്‍ തയ്യാറാകാതിരുന്ന അധികൃതര്‍ അടിയന്തര യോഗം വിളിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലാണെന്ന ആക്ഷേപം ശക്തമായി. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എച്ച്ഡിസി സ്റ്റാഫ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂണിയന് നേതാക്കള്‍ കളക്ടറെ സമീപിച്ചെങ്കിലും എച്ച്ഡിസി യോഗം കൂടണമെന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ച് കൂട്ടാന്‍ തീരുമാനമായത്.
ആശുപത്രിയില്‍ ചികിത്സയിലിരുന്ന കൊവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം ബന്ധുക്കള്‍ക്ക് നല്കി, മൃതദേഹം മാറി ബന്ധുക്കള്‍ക്ക് കൈമാറി, പതിമൂന്നുകാരിയെ വനിത സുരക്ഷാജീവനക്കാരി മര്‍ദ്ദിച്ചതുള്‍പ്പെടെ ജീവനക്കാരില്‍ നിന്നും പല വീഴ്ചകളുണ്ടായിട്ടും വികസന സമിതി യോഗം വിളിച്ച് കൂട്ടാന്‍ അധികൃതര്‍ തയ്യാറായില്ല. മൂന്നു മാസത്തിലൊരിക്കല്‍ വികസന സമിതി കൂടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ മൂന്നു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും വികസന സമിതി കൂടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കൊവിഡ് മൂലമാണ് വികസന സമിതി കൃത്യമായി കൂടാന്‍ കഴിയാതിരുന്നതെന്ന് അധികൃതര്‍ ന്യായീകരിക്കുന്നു.
എന്നാല്‍ കൊവിഡിന് മുന്‍പും ക്യത്യമായ ഇടവേളകളില്‍ വികസന സമിതി കൂടാനോ കൂടുന്ന വികസന സമിതികളുടെ തീരുമാനം നടപ്പാക്കാനോ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മുന്‍പ് ചേര്‍ന്ന യോഗങ്ങളിലെടുത്ത പല തീരുമാനങ്ങളും നിര്‍ദേശങ്ങളും കടലാസിലൊതുങ്ങിയിരിക്കുകയാണ്. തീരുമാനങ്ങളില്‍ പലതും നടപ്പാക്കാന്‍ അധികൃതര്‍ യാതൊരു താല്പര്യവും കാണിക്കാറില്ല. 2021 സപ്തംബര്‍ 9 ലെ ഉത്തരവ് പ്രകാരം ഈ വര്‍ഷം ഫെബ്രുവരി 26 ന് വികസന സമിതി പുന:സംഘടിപ്പിച്ചിരുന്നു. പുന:സംഘടനക്കു ശേഷവും വികസന സമിതി കൂടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ജില്ലാ കളക്ടര്‍ ചെയര്‍മാനും, ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയുമായ വികസന സമിതിയില്‍ എംപി, എംഎല്‍എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങള്‍ എന്നിവരെ കൂടാതെ 18 അംഗങ്ങളും വികസന സമിതിയിലുണ്ട്. അംഗങ്ങളായ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും വികസന സമിതി ചേരാന്‍ ഒരാവശ്യവും ഇതുവരെ ഉന്നയിച്ചിട്ടില്ല. മുന്‍പ് ഒരിക്കലുമില്ലാത്ത തരത്തില്‍ ആശുപത്രിയില്‍ ദിവസേന നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: