എസ്. ശ്രീനിവാസ് അയ്യര്‍
നവഗ്രഹങ്ങളുടെ ദശാകാലം ആകെ 120 വര്‍ഷമാണ്. അതില്‍ 5 ദശകള്‍ ചേര്‍ന്നാല്‍ 90 വര്‍ഷമായി. ശുക്രദശ (20 വര്‍ഷം), ശനിദശ (19 വര്‍ഷം), രാഹുദശ (18 വര്‍ഷം), ബുധദശ (17 വര്‍ഷം), വ്യാഴദശ (16 വര്‍ഷം) എന്നീ അഞ്ചുദശകള്‍ ചേരുമ്പോള്‍ ആകെയുള്ള നൂറ്റിയിരുപത് വര്‍ഷത്തിന്റെ നാലില്‍ മൂന്നുഭാഗമായ തൊണ്ണൂറു വര്‍ഷമാവുകയായി. ശേഷിക്കുന്ന നാല് ദശകളുടെ കാലം ആകെ 30 വര്‍ഷമാണ്. അതിനാല്‍ അവയെ ‘ചെറിയ ദശകള്‍ ‘ എന്നു പറയാം.
ഏറ്റവും കുഞ്ഞന്‍ ദശ ആദിത്യ/രവി/സൂര്യ ദശയാണ്. വെറും ആറ് വര്‍ഷം മാത്രം. ആകെയുള്ള ദശാകാലമായ 120 വര്‍ഷത്തിന്റെ ഇരുപതില്‍ ഒരു ഭാഗം മാത്രമാണത്. അതുകഴിഞ്ഞാല്‍ ചൊവ്വ- കേതു ദശകള്‍ വരും, വലിപ്പത്തില്‍ ചെറിയവ. രണ്ടും ഏഴു വര്‍ഷം വീതമാണ്. ഈ മൂന്നു ദശകള്‍ മാത്രമാണ് ഒറ്റ അക്കത്തില്‍ ഉള്ളത്. ശേഷിക്കുന്ന ദശകള്‍ രണ്ടക്കത്തില്‍ ഉള്ളവയാണ്.
മറ്റൊരു ചെറിയ ദശയാണ് ചന്ദ്രദശ. ആകെ ദശാകാലം പത്തുവര്‍ഷം. ശുക്രദശയുടെ പകുതിക്കാലം മാത്രമാണത്.
ചന്ദ്രദശയിലെ ഗ്രഹങ്ങളുടെ അപഹാരകാലം കണ്ടെത്തുക എളുപ്പമാണ്. ദശാവര്‍ഷത്തിന്റെ അതേ സംഖ്യ വരുന്ന മാസമാണ് അവയുടെ ചന്ദ്രദശയിലെ അപഹാരകാലം. അത് ഇപ്രകാരമാണ്.
ചന്ദ്രാപഹാരം: 10 മാസം
കുജാപഹാരം: 7 മാസം
രാഹു അപഹാരം: 18 മാസം
വ്യാഴ അപഹാരം: 16 മാസം
ശനി അപഹാരം: 19 മാസം
ബുധാപഹാരം: 17 മാസം
കേത്വപഹാരം: 7 മാസം
ശുക്രാപഹാരം: 20 മാസം
സൂര്യാപഹാരം: 6 മാസം
കാര്‍ത്തിക, ഉത്രം, ഉത്രാടം നാളുകാരുടെ ജനനം ആദിത്യദശയിലാകുന്നു. അശ്വതി, മകം, മൂലം നാളുകാര്‍ കേതുദശയിലും, മകയിരം, ചിത്തിര, അവിട്ടം നാളുകാര്‍ ചൊവ്വാദശയിലും ജനിക്കുന്നു. രോഹിണി, അത്തം, തിരുവോണം നാളുകാരുടെ ജന്മദശ ചന്ദ്രദശയുമാകുന്നു.
മുകളില്‍ പറഞ്ഞ നാലു ദശകളും വലിപ്പത്തില്‍ മാത്രമാണ് ചെറുത് എന്ന വിശേഷണമര്‍ഹിക്കുന്നത്. അവയ്‌ക്കുമുണ്ട് സൃഷ്ടിസ്ഥിതിസംഹാരശക്തിയും ‘ഭൂതഭവ്യഭവത് പ്രഭുത്വവും. മനുഷ്യന്റെ ഭാഗ്യവിധാതാക്കളാണ് ആ ദശകളുമെന്ന് ചുരുക്കം.
സൂര്യദശയില്‍ അച്ഛന്‍, അധികാരം, ഉദ്യോഗം, വൈദ്യം, ജ്യോതിഷം, കണ്ണ്, പല്ല്, നഖം, അസ്ഥി, ഹൃദയം ഇവ സംബന്ധിച്ച കാര്യങ്ങളുടെ ഏറ്റക്കുറച്ചിലുണ്ടാവും. സൂര്യന് ഗ്രഹനിലയില്‍ ബലമുണ്ടെങ്കില്‍ പിതാവിന് ഗുണം, പിതാവില്‍ നിന്നും തനിക്ക് നേട്ടങ്ങള്‍ എന്നിവ ഭവിക്കും. മറിച്ച് സൂര്യന് ഗ്രഹനിലയില്‍ ബലമില്ലെങ്കില്‍ പിതാവിനത് ദുരിതകാലമായിരിക്കും. പിതാവില്‍ നിന്നും കിട്ടേണ്ട അധികാരാവകാശങ്ങള്‍ക്കായി ക്ലേശിക്കേണ്ടിയും വരും.
ഇരട്ടകള്‍ എന്ന സങ്കല്പം ഗ്രഹങ്ങളിലും ഉണ്ടെന്നു പറയാം, വേണമെങ്കില്‍. ഏതാണ്ട് ഒരേമട്ടില്‍ പ്രവര്‍ത്തിക്കുന്ന ഗ്രഹങ്ങളാണ് ചൊവ്വയും കേതുവും. ശനിയും രാഹുവും എങ്ങനെയോ, അതുപോലെ. ഛിദ്രകാരികളും തീവ്രകോപികളും വിപല്‍പരമ്പരേശന്മാരും ആയ ഗ്രഹങ്ങളാണവര്‍.
3, 6, 11 ഭാവങ്ങളില്‍ മാത്രമാണ് ചൊവ്വയും കേതുവും ഗുണവാന്മാരാകുന്നത്. മേടം, വൃശ്ചികം, ചിങ്ങം, ധനു, മകരം, രാശികളില്‍ നില്‍ക്കുന്ന ചൊവ്വയുടെ ദശാകാലം ഗുണപ്രദമാവാം. ചിങ്ങം, കര്‍ക്കടകം എന്നിവ ലഗ്‌നമായിട്ടുള്ളവര്‍ക്ക് യോഗകാരകനാണ് ചൊവ്വ.
ഏതു രാശിയില്‍, ഏതു നക്ഷത്രത്തില്‍, ഏതു ഗ്രഹത്തിന്റെ യോഗത്തിലും ദൃഷ്ടിയിലും, എന്നതൊക്കെ കേതുവിന്റെ കാര്യത്തില്‍ പരിഗണിക്കപ്പെടണം. മുന്‍വിധികളെക്കാള്‍, ഗ്രഹനിലയുടെ സസൂക്ഷ്മമായ വിലയിരുത്തലിലൂടെ മാത്രമേ കേതു നല്‍കുന്ന ഫലങ്ങള്‍ കണ്ടെത്താനാവൂ. എന്നാലും കരതലാമലകം പോലെ സരളമല്ല, കേതുദശയുടെ രീതികള്‍ എന്നതാണ് സത്യം. ‘കേതുവിന് ഹേതു വേണ്ട ‘ എന്ന ചൊല്ലില്‍ ധ്വനിക്കുന്നത് കേതു ഉയര്‍ത്തുന്ന ഈ ആശയക്കുഴപ്പമാണ്.
ചന്ദ്രദശയില്‍ കയറ്റിറക്കങ്ങള്‍, ആരോഹാവരോഹങ്ങള്‍ നിരന്തരമാണ്. കറുത്തപക്ഷത്തില്‍ പ്രഭാഹീനനായും വെളുത്തപക്ഷത്തില്‍ പ്രഭാമയനായും കാണപ്പെടുമല്ലോ, ചന്ദ്രന്‍! അതിനാല്‍ സുസ്ഥിരമല്ല, ചന്ദ്രദശയിലെ അനുഭവങ്ങള്‍. സുഖദുഃഖങ്ങള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കും. വെളുത്തവാവിന്റെ തൊട്ടടുത്ത്, അപ്പുറത്തും ഇപ്പുറത്തും ഉള്ള ഒരാഴ്ചയില്‍ ജനിച്ചാല്‍ ഗ്രഹനിലയില്‍ ചന്ദ്രന് പക്ഷബലമുണ്ടെന്ന് ആചാര്യന്‍ വിധിക്കുകയായി. അപ്രകാരമുളള ചന്ദ്രദശ ഭൗതികജീവിതത്തില്‍ നേട്ടങ്ങളുടെ ശീതളിമ നിറയ്‌ക്കും.
ചെറിയ ദശകള്‍ ആണ് , ഒറ്റനോട്ടത്തില്‍. എന്നാല്‍ വലിയ അനുഭവങ്ങള്‍ തരാന്‍ ഈ നാലുദശകള്‍ക്കും കഴിയും. ശനിദശയ്‌ക്ക് കൊടുക്കുന്ന ഗൗരവമോ ശുക്രദശയ്‌ക്ക് നല്‍കുന്ന മതിപ്പോ നാം ചിലപ്പോള്‍ ചെറിയ ദശകള്‍ക്ക് നല്‍കുന്നില്ല. അത് ശരിയല്ല. എല്ലാ ദശകള്‍ക്കുമാവും, തോറ്റു തുന്നംപാടിപ്പിക്കാനും , വിജയത്തിന്റെ സോപാനത്തില്‍ കൈപിടിച്ചുയര്‍ത്താനും എന്നത് നാം മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: