കൊല്ലം: കൊല്ലം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന കടമ്പ കടക്കാന്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും എഴുപതോളം പേരെ കൂട്ട സ്ഥലംമാറ്റത്തോടെ എത്തിച്ചിട്ടും ആശങ്ക മാറാതെ അധികൃതര്‍.
മുന്നൂറ് കിടക്കകളുള്ള മെഡിക്കല്‍ കോളേജില്‍ അതിനാവശ്യമായ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്, നഴ്സിങ് അസിസ്റ്റന്റുമാര്‍, പാര്‍ട്ട്ടൈം, ഫുള്‍ടൈം, സ്വീപ്പര്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ ദൗര്‍ലഭ്യം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനകൂടി വരുന്നത്.
ആദ്യബാച്ച് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന ഏത് വിധേനയും പൂര്‍ത്തിയാക്കി കിട്ടാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സ് തുടങ്ങിയ തസ്തികകളിലേക്കാണ് സ്ഥലംമാറ്റം വഴിയും, വര്‍ക്ക് അറേഞ്ച്മെന്റ് വഴിയും കഴിഞ്ഞ ദിവസങ്ങളില്‍ നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കോന്നി, കാസര്‍കോഡ്, തുടങ്ങിയ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഭൂരിഭാഗം ഡോക്ടര്‍മാരും, സ്റ്റാഫ് നഴ്സും വന്നിട്ടുള്ളത്. ഇനിയും നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. പരിശോധകസംഘം എത്തുന്നതിന് മുമ്പായി ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.
കോടികള്‍ ചെലവഴിച്ച് കെട്ടിട സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണമാക്കാനുള്ള സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോ സര്‍ജറി, ന്യൂറോളജി, യൂറോളജി, തുടങ്ങിയ വിഭാഗങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലാത്തത് മുന്‍ വര്‍ഷങ്ങളിലെപ്പോലെ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ പോരായ്മയായി ചൂണ്ടിക്കാണിച്ചേക്കും. കൊല്ലം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളാണ് ആഗസ്റ്റ് മാസത്തോടെ പുറത്തിറങ്ങുന്നത്. അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇനി പ്രാക്ടിക്കല്‍ പരീക്ഷ മാത്രമാണുള്ളത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓരോ വര്‍ഷവും അഫിലിയേഷന് പുതുക്കാനായുള്ള പരിശോധനയില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ ഉടന്‍ പരിഹരിക്കാമെന്ന സത്യവാങ്മൂലം നല്കുന്നതല്ലാതെ അധികൃതര്‍ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല. ഈ വര്‍ഷവും ഇത് തുടര്‍ന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകും. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തന വൈകല്യവും, കമ്മിറ്റിയില്‍ പരിചയ സമ്പന്നരുടെ അഭാവവും, മെഡിക്കല്‍ കോളേജിന്റ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ കഴിവുകേടും കൊല്ലം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായാണ് ഉയരുന്ന ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: