ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാനാദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ എട്ടാം തീയതി കോഴിക്കോട്ടു യാത്രയ്ക്കു അവസരമുണ്ടായി. പാര്‍ട്ടിയുടെ ഇടുക്കി ജില്ലാധ്യക്ഷന്‍ കെ.എസ്. അജിയും, തൊടുപുഴയിലെ പഴയ സംഘപ്രവര്ത്തകന് സന്തോഷ് അറയ്ക്കല്‍ എന്നിവര്‍ക്കു പുറമെ ജില്ലാ ചുമതലകള്‍ വഹിക്കുന്ന മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. ആറാം തീയതിയായിരുന്നു വിവാഹം, തലേ സായാഹ്നത്തില്‍ സുരേന്ദ്രന്റെ ഉള്ളേരിക്കടുത്ത് മൊടക്കല്ലൂരിലെ വീട്ടിലും പോകണമെന്നും പരിപാടിയുണ്ടായിരുന്നു. റോഡിലെ വാഹനത്തിരക്കുമൂലം പ്രതീക്ഷിച്ചതിലും വളരെ വൈകി രാത്രി ഏറെ കഴിഞ്ഞാണ് അവിടെയെത്തിയത്. പൂര്‍വ സായാഹ്ന സൗഹൃദ സമാഗമം ഏതാണ്ട് അവസാനിച്ച് എല്ലാവരും ക്ഷീണിതരായിരുന്ന വേളയിലാണ് അവരെ വിസ്മയിപ്പിച്ചുകൊണ്ട് ഞങ്ങളവിടെയെത്തിയത്. പിറ്റേന്ന് കോഴിക്കോട്ട് എരഞ്ഞിപ്പാലത്തിനടുത്ത് നടന്ന വിവാഹോത്സവത്തില്‍ പങ്കുകൊണ്ടു. കേരള രാഷ്ട്രീയത്തിലും, മറ്റു സാമൂഹ്യ, മതമേഖലകളിലുമുള്ള സകല വന്‍തോക്കുകളും പങ്കെടുത്ത സൗഹൃദവേദിയായി വിവാഹവേദി അനുഭവപ്പെട്ടു. വളരെക്കാലത്തിനുശേഷമാണിത്തരം ഒരു സുഖദമായ അനുഭവത്തില്‍ പങ്കാളിയാകാന്‍ സാധിച്ചത്. പതിറ്റാണ്ടുകളായി കാണാന്‍ അവസരം ലഭിക്കാതിരുന്ന പഴയ ധാരാളം സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഏതാനും സമയം ചെലവഴിക്കാന്‍ ലഭിച്ച ആ അവസരം അതിയായ ആഹ്ലാദമുണ്ടാക്കി. പലരേയും അകലെ കാണാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടു വാക്ക് പരസ്പരം ഉരിയാടാന്‍ കഴിഞ്ഞില്ല എന്നതിന്റെ നഷ്ടബോധമുണ്ടായി. വിശേഷിച്ചും ഒ. രാജഗോപാല്‍, രാമന് പിള്ള മുതല്പേരെ.
ഉള്ള്യേരി, മൊടക്കല്ലൂര്‍ വഴിയുള്ള യാത്ര രാത്രിയിലായിരുന്നുവെങ്കിലും അതു ഒട്ടേറെ സ്മരണകള്‍ ഉണര്‍ത്തി. ഒരാറുപതിറ്റാണ്ടുകള്‍ക്കു മുന്‍പത്തെ ചില മിന്നലാട്ടങ്ങള്‍. അറുപത്തിമൂന്നുവര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ആദ്യമായി അവിടെ പോകാന്‍ അവസരം ലഭിച്ചത്. എന്തുകൊണ്ടാണെന്നറിയില്ല ഉള്ള്യേരി എന്ന സ്ഥലപ്പേരു എനിക്ക് വളരെ കൗതുകകരമായിത്തോന്നിയിരുന്നു. അക്കാലത്തെ കേസരിവാരികയില് ടി.എം. മാരാര്‍ ഉള്ള്യേരി എന്ന പേരില്‍ കവിതകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓട്ടന്തുള്ളലിന്റെയും വഞ്ചിപ്പാട്ടിന്റെയും മറ്റും ഈണത്തില്‍ ആലപിക്കാവുന്ന നര്‍മരസം തുളുമ്പിയ വരികളായിരുന്നു അവ.
1958-59 കാലത്ത് തലശ്ശേരി കേന്ദ്രമായി പയ്യോളി, പേരാമ്പ്ര ഭാഗം വരെയുള്ള സ്ഥലങ്ങളുടെ സംഘചുമതല നോക്കേണ്ടി വന്നിരുന്നു. അടുത്തവര്‍ഷമായപ്പോഴേക്ക് പി. രാമചന്ദ്രന് കൊയിലാണ്ടിയില്‍ വന്നു. തിരുവനന്തപുരത്തെ പഠനകാലത്ത് വഞ്ചിയൂര്‍, പുത്തന്‍ ചന്ത ശാഖകളില്‍ ഞങ്ങള്‍ ഒരുമിച്ചു പങ്കെടുത്തു വന്നതിനാല്‍ വളരെ ഹൃദയൈക്യമുണ്ടായിരുന്നു. അടുത്തടുത്ത സ്ഥലങ്ങളില്‍ പ്രചാരകന്മാരായിരുന്നെങ്കിലും, സ്വന്തം കാര്യക്ഷേത്രം വിട്ടുപോകാന്‍ പാടില്ല എന്ന പ്രാന്തപ്രചാരക് ദത്താജി ഡിഡോള്‍ക്കറുടെ കര്‍ശനമായ നിര്‍ദേശമുണ്ടായിരുന്നത് ഇരുവര്‍ക്കും മനസ്താപമുണ്ടാക്കി. മാധവജിയുടെ അച്ഛന് അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അതിന്റെ ചടങ്ങുകള്‍ തീരുംവരെ കോഴിക്കോട്ടു പന്നിയങ്കരയിലെ വീട്ടിലുണ്ടായിരുന്നു. അദ്ദേഹം താല്‍പ്പര്യപ്പെട്ടതിന്‍ പ്രകാരം ഞാന്‍ അവിടെ പോയി കുറേസമയം ചെലവിട്ടു. ദത്താജിയെ ആ വിവരം കത്തിലൂടെ അറിയിക്കുകയും ചെയ്തു. അതിനു ലഭിച്ച മറുപടിക്കത്ത് അനിഷ്ടകരമായിരുന്നു. കേസരിയില്‍ ഇടക്കിടെ എഴുതാറുണ്ടായിരുന്നതും അദ്ദേഹം വിലക്കിയിരുന്നു. ദത്താജിയുടെ പേരാമ്പ്ര സന്ദര്‍ശനം കഴിഞ്ഞ് അടുത്ത യാത്ര ഉള്ള്യേരിയിലേക്കായിരുന്നു. അവിടെ നിന്നു ഒരു മുതിര്‍ന്ന സ്വയംസേവകന് പേരാമ്പ്രയില്‍ വന്ന് ദത്താജിയെ കൂട്ടിക്കൊണ്ടുപോയി.
അതുകഴിഞ്ഞു ഭാസ്കര്‍ റാവുജി കേരളത്തിന്റെ ഭാഗ് പ്രചാരകനായി ആദ്യ സന്ദര്‍ശന വേളയില്‍ പേരാമ്പ്രയിലെ പരിപാടി കഴിഞ്ഞ് പോയത് ഉള്ള്യേരിക്കായിരുന്നു. അദ്ദേഹം കൂടെവരാന്‍ ആവശ്യപ്പെട്ടതനുസരിച്ചു മാധവജിയും ഞാനും പോയി. അതായിരുന്നു ആദ്യ ഉള്ള്യേരി യാത്ര. അവിടത്തെ മുതിര്‍ന്ന കാര്യകര്‍ത്താവ് അച്ചുതേട്ടന്റെ വീട്ടില്‍ ആയിരുന്നു അദ്ദേഹത്തിന്റെ വിശ്രമം. അച്ചുതേട്ടന്‍ പിന്നെ വയനാട്ടിലെ കൈനാട്ടിയെന്ന സ്ഥലത്ത് കച്ചവടം ആരംഭിച്ചു. കുടുംബസഹിതം അവിടെ താമസിച്ചിരുന്നു. വയനാട്ടില്‍ സംഘപ്രവര്‍ത്തനത്തിന് അദ്ദേഹം കരുത്തുറ്റ താങ്ങായി വളരെ വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചുവന്നു. ഉള്ള്യേരിയില്‍ ഭാസ്കരറാവുവിന്റെ ഉച്ചഭക്ഷണം ഗോപാലന് നമ്പ്യാര്‍ എന്നാളുടെ വീട്ടിലായിരുന്നു. നമ്പ്യാര്‍ പാലക്കാട്ട് കോടതിയില്‍ ആമ്യനായി ജോലി ചെയ്യുകയായിരുന്നു. ആ നിലയ്ക്കു അവിടത്തെ വളര്‍ന്നുവരുന്ന അഭിഭാഷകനായിരുന്ന ഒ. രാജഗോപാലുമായി അടുപ്പത്തില്‍ വന്നു. രാജേട്ടനെപ്പറ്റി ഞാന്‍ ആദ്യമായി കേട്ടത് അദ്ദേഹത്തിലൂടെയാണ്.
അച്ചുതേട്ടന്റെ വീട്ടിലേക്കു പോകുന്ന വഴിയില്‍ അക്കാലത്തു തകര്‍ന്ന നിലയിലുള്ള മനോഹരമായ ഒരു ക്ഷേത്രമുണ്ടായിരുന്നു. ചിലപ്പോള്‍ ക്ഷേത്രമുറ്റത്ത് ശാഖാ പരിപാടികളും നടത്തപ്പെട്ടു. ടിപ്പുവിന്റെ ആക്രമണകാലത്തു തകര്‍ക്കപ്പെട്ടതാണെന്നാണ് അറിഞ്ഞ വായ്മൊഴി. നാലമ്പലവും ശ്രീകോവിലുമൊക്കെ തകര്‍ന്ന നിലയിലായിരുന്നു. കരിങ്കല്ലിലുള്ള കൊത്തുപണികള്‍ അതീവ മനോഹരമായിരുന്നു. ഗര്‍ഭഗൃഹത്തിലെ ചതുര്‍ബാഹു കൃഷ്ണവിഗ്രഹം പ്രത്യക്ഷത്തില്‍ കേടുള്ളതായി തോന്നിച്ചില്ല. വയനാട്ടിലെ ഗണപതിവട്ടം മഹാക്ഷേത്രം തകര്‍ന്ന നിലയില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അവ നമ്മുടെ മനസ്സില്‍ സൃഷ്ടിച്ച അസ്വാസ്ഥ്യം വാക്കുകള്‍ക്കതീതമാണ്. ഗണപതിവട്ടം പൂര്‍വാധികം ഐശ്വര്യത്തോടെ ഇന്നു പ്രശോഭിക്കുന്നുണ്ട്. ഉള്ള്യേരിയിലെ കൃഷ്ണ ക്ഷേത്രത്തിന്റെ ഇന്നത്തെ അവസ്ഥ എന്തെന്നറിയില്ല.
വര്‍ഷങ്ങള്‍ക്കുശേഷം ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയെന്ന ചുമതല ലഭിച്ചപ്പോള്‍ കോഴിക്കോട്ടു കേന്ദ്രമാക്കി 1967 ല്‍ അഖിലേന്ത്യാ സമ്മേളനം അവിടെ നടത്തപ്പെട്ടതിനു മുന്നോടിയായി ജില്ലയിലെങ്ങും സഞ്ചരിക്കേണ്ടിയിരുന്നു. അന്നുകൂടുതല്‍ ശ്രദ്ധവയ്ക്കണമെന്നു നിര്‍ദേശിക്കപ്പെട്ട ബാലുശ്ശേരി മണ്ഡലത്തിലായിരുന്നു ഉള്ള്യേരി. അതിനടുത്ത മൊടക്കല്ലൂരിലെ അധ്യാപകന് പി.രാഘവന് കിടാവ് മണ്ഡലം സെക്രട്ടറിയായിരുന്നു. മാസ്റ്ററുടെ സ്കൂളില്‍ ചെന്നു അദ്ദേഹവുമൊരുമിച്ചു വേണ്ടിയായിരുന്നു ഓരോയിടങ്ങളില്‍ പോകാന്‍.
രാഘവന് മാസ്റ്റര്‍ അസാധാരണ വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹം വിശാലമായ മണ്ഡലം മുഴുവന്‍ കാല്‍നടയായിട്ടാണ് സഞ്ചരിച്ചത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വ്യക്തികളെ വശീകരിക്കാന്‍ അദ്ദേഹത്തിനു സവിശേഷ സാമര്‍ത്ഥ്യം ഉണ്ടായിരുന്നു. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന എലത്തൂര്‍ മുതല്‍ വളരെ വിശാലമായി കിടക്കുന്ന മണ്ഡലം കോഴിക്കോട് ജില്ലയിലെ ഹിന്ദുജന ശതമാനം ഏറ്റവും കൂടുതലുള്ള മണ്ഡലമായിരുന്നുവെന്നത് ജനസംഘത്തിന്റെ ഏറ്റവും അനുയോജ്യമായ കാര്യമാണെന്ന് മാസ്റ്റര്‍ പറയുമായിരുന്നു.
1970 ല്‍ എറണാകുളത്ത് ജനസംഘത്തിന്റെ സംസ്ഥാന സമ്മേളനം നടന്നു. കോഴിക്കോട്ടെ അഖിലേന്ത്യാ സമ്മേളനം സൃഷ്ടിച്ച ആവേശത്തിന്റെ അലകള്‍ അടങ്ങിയിരുന്നില്ല. അടല്‍ ബിഹാരി വാജ്പേയിയും രാജമാതാ വിജയരാജേ സിന്ധ്യയുമായിരുന്നു ദേശീയ നേതാക്കളായി എത്തിയത്. കേരളത്തിന്റെ വ്യവസായ വികസനത്തിന് ഒരു മാര്‍ഗരേഖ തയാറാക്കാന്‍ എം.കെ.കെ. നായരുടെ സഹായത്തോടെ നടത്തിയ ശ്രമം പുസ്തകമാക്കി അവിടെ അവതരിപ്പിച്ചിരുന്നു. അതിന് വമ്പിച്ച സ്വീകാര്യതയും ലഭിച്ചു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന് പ്രതിനിധികള്‍ നല്ലനിലയ്ക്കെത്തി. ബാലുശ്ശേരി മണ്ഡലക്കാര്‍ ഒരു പ്രത്യേക ബസ് ഏര്‍പ്പാടു ചെയ്താണ് വന്നത്. സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ്സ് വെളുപ്പിന് ബാലുശ്ശേരിയിലെത്തുന്നതിന് അല്‍പ്പം മുന്‍പ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. പരിക്കേല്‍ക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. സമ്മേളനപ്പിറ്റേന്ന് സംഘാടക സമിതി ചേരുന്നതിനിടയിലാണ് ആകാശവാണിയിലൂടെ വിവരമറിഞ്ഞത്. ഇന്നത്തേതുപോലെ ടെലിഫോണ്‍ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വിശദവിവരങ്ങള്‍ അറിയാന്‍ വഴിയുണ്ടായില്ല. സംഘാടക സമിതിയോഗം തീരുന്നതിനു മുന്‍പു തന്നെ എനിക്കു പോരേണ്ടി വന്നു. തീവണ്ടികളും ബസ്സുകളും കുറവായിരുന്നതിലും, റോഡു സൗകര്യങ്ങള്‍ വികസിച്ചിട്ടില്ലാത്തതിനാലും കോഴിക്കോട്ടെത്തി വീടുകളും ആസ്പത്രികളും സന്ദര്‍ശിച്ച് ആശ്വാസ നടപടികളെടുക്കാന്‍ വിളംബമുണ്ടായി. കോഴിക്കോട്ടെയും ബാലുശ്ശേരിയിലെയും മുതിര്‍ന്ന പ്രവര്‍ത്തകരും നാട്ടുകാരും കയ്യും മെയ്യും മറന്ന് പ്രയത്നിച്ച് ആശ്വാസ നടപടികളെടുത്തു. അവശതയുള്ളവര്‍ക്കായി ആയുര്‍വേദ ചികിത്സയ്ക്കു ഏര്‍പ്പാടുകളുണ്ടാക്കി ജന്മഭൂമിയുടെ ചുമതലയേറ്റശേഷം ബാലുശ്ശേരി മണ്ഡലത്തിലെ ഈ സ്ഥലങ്ങളിലുള്ള സമ്പര്‍ക്കം കുറഞ്ഞുപോയി. അദ്വാനിജി ബിജെപി അധ്യക്ഷനായിരുന്നപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് കാലത്തു അദ്ദേഹത്തോടൊപ്പം ഉള്ള്യേരിയിലെ ഒരു യോഗത്തിനെത്തിയിരുന്നു. യാദൃച്ഛികമായി സിക്കന്തര്‍ ബക്ത് ആ വഴി വന്നു. രണ്ട് നേതാക്കന്മാരുമൊത്തു അവര്‍ വിശ്രമിച്ചിരുന്ന ഗൃഹത്തില്‍ കുറേസമയം ചെലവിടാന്‍ അവിടത്തെ പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടായത് കൗതുകകരമായി. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം അവസരമുണ്ടാകുന്നത് അപൂര്‍വമല്ല.
കോഴിക്കോട് നിന്നും വയനാട്ടിലേക്കു പോകുന്ന റോഡും, കൊയിലാണ്ടി-താമരശ്ശേരി റോഡും ചേര്‍ന്നുള്ള കവലയായി ഉള്ള്യേരി മാറുന്നതിനു മുന്‍പ് അവിടെ പോകാറുണ്ടായിരുന്ന എനിക്ക്, അവിടെ വന്ന പരിവര്‍ത്തനങ്ങളും വികാസവും നേരില്‍ കാണാനുള്ള അവസരമായിരുന്നു രാത്രിയിലാണെങ്കിലും അഞ്ചാം തീയതി സുരേന്ദ്രന്റെ വീട്ടിലേക്കുള്ള യാത്ര എന്നുകൂടി വ്യക്തമാക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: