ന്യൂദല്‍ഹി : ദല്‍ഹിയില്‍ മൂന്ന് നില കെട്ടിടത്തില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 29 പേരെ കാണാനില്ലെന്ന് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.
ടൈംസ് നൗ ചാനല്‍ റിപ്പോര്‍ട്ടര്‍ പത്മജജോഷിയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ 29 പേരും സ്ത്രീകളാണെന്ന് പറയുന്നു.
തീപിടിത്തത്തില്‍ 27 പേര് വെന്ത് മരിച്ച കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. . ദല്‍ഹി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 50 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എഴുപത് പേരെ രക്ഷപ്പെടുത്തി.
തീപിടിത്ത വീഡിയോ കാണാം:
കെട്ടിടത്തില്‍ ഇരുനൂറിലധികം പേര് കുടുങ്ങി കിടക്കുന്നതായാണ് സൂചന. കൂടുതല്‍ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളിലുണ്ടെന്ന നിഗമനത്തില്‍ പരിശോധന തുടരുകയാണ്. കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ത്താണ് അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്.
അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സ്ഥാപന ഉടമകളെ കസ്റ്റഡിയില്‍ എടുത്തു. കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്ത പോലീസ് സ്ഥാപന ഉടമയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. തീപിടിത്തത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
മൃതദേഹങ്ങളില്‍ പലതും ആളെ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പൂര്‍ണ്ണമായി കത്തിയ നിലയിലാണ്. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധനയും ഇന്ന് നടത്തും കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തി വരികയാണെന്നും ഡിസിപി സമീര്‍ ശര്‍മ്മ അറിയിച്ചു.
ഓഫീസര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നും കേജ്രിവാള് ട്വീറ്ററിലൂടെ അറിയിച്ചു. ദല്‍ഹിയിലുണ്ടായ തീപിടുത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ദുഖം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: