തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യ വില കൂട്ടേണ്ടിവരുമെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്. സംസ്ഥാനത്തെ മദ്യ ഉത്പ്പാദനത്തിനുള്ള സ്പിരിറ്റ് ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
സ്പിരിറ്റിന്റെ വില വര്‍ധിച്ചത് സംസ്ഥാനത്തെ ഡിസ്റ്റിലറികളുടെ പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പ്പാദിപ്പിക്കുന്നില്ല. കേരളത്തില്‍ അവശ്യമുള്ളതില് വളരെ കുറച്ച് മാത്രമാണ് ഉത്പ്പാദനം നടക്കുന്നതെന്നും മന്ത്രി എം.വി. ഗോവിന്ദന് അറിയിച്ചു.
കേരളത്തില്‍ വളരെ ചെറിയ തോതില്‍ മാത്രമാണ് മദ്യം ഉത്പാദിപ്പിക്കുന്നത്. സ്പിരിറ്റിന്റെ വില വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബീവറേജസ് കോര്പറേഷന് തന്നെ വലിയ നഷ്ടത്തിലാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വില കുറഞ്ഞ മദ്യമായ ജവാന്റെ ഉത്പ്പാദനം കുറച്ചിരിക്കുകയാണ്. ഉത്പ്പാദനത്തിന് ആവശ്യമായ സ്പിരിറ്റ് ലഭിക്കുന്നില്ലെന്നാണ് അധികൃതര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ കൂടുതല്‍ ആവശ്യക്കാരുള്ള ജവാന്റെ ഉത്പ്പാദനം കൂട്ടണമെന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിദിനം 8000 കേസ് ജവാനാണ് ഉത്പ്പാദിപ്പിക്കുന്നത്. ഇത് 18,000 കെയ്സാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുകയായിരുന്നു. ഒപ്പം ജവാന്റെ വിലയില്‍ 60 രൂപ കൂട്ടി 660 ആക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. ഇത് കൂടാതെ ജവാന്റെ സമാന വിലയുള്ള മദ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിച്ച് വില്‍പ്പന നടത്താനും ബെവ്കോ ശ്രമം നടത്തുന്നതായും അരോപണമുണ്ട്.
അതേസമയം ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദന് പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: